ന്യൂഡൽഹി: തെലങ്കാനയിൽ കൊറോണ ബാധിച്ച് മൂന്ന് പേർ മരിച്ചു. ഇവർ മൂന്ന് പേരും ഡൽഹി നിസാമുദ്ദീനിലെ മർകസിൽ മതസമ്മേളനത്തിൽ പങ്കെടുത്തവരാണെന്നാണ് വിവരം. അതേസമയം മഹാരാഷ്ട്രയെ ഭീതിയിലേക്ക് തള്ളിയിട്ട് ഏഷ്യയിലെ ഏറ്റവും വലിയ ചേരിയായ ധാരാവിയിലും കൊറോണ മരണം നടന്നു. നിസാമുദ്ദീനിലെ മർകസിൽ മത സമ്മേളനത്തിൽ പങ്കെടുത്ത ബാലികാ നഗറിൽ നിന്നുള്ള 56കാരനാണ് മരിച്ചത്. കൊറോണ രോഗലക്ഷണങ്ങളുണ്ടായതിനാൽ പരിശോധന നടത്തിയപ്പോഴാണ് ഇയാൾക്ക് കൊറോണ ബാധ ഏറ്റിരുന്നതായി വ്യക്തമായത്.
ഇദ്ദേഹം താമസിച്ച ഇടത്തെ ഏഴ് നിലകളുള്ള എട്ട് കെട്ടിടങ്ങൾ സീൽ ചെയ്തു. ധാരാവിയിലും പരിസര പ്രദേശത്തും അതീവ ജാഗ്രത പ്രഖ്യാപിച്ചിരിക്കുകയാണ് മുംബയ് കോർപ്പറേഷൻ. മരിച്ചയാൾ താമസിച്ചിരുന്ന കെട്ടിടവും സീൽ ചെയ്തിട്ടുണ്ട്. ഇദ്ദേഹത്തിന്റെ ബന്ധുക്കളായ ഏഴ് പേരെ ക്വാറന്‍റൈൻ ചെയ്തു. ഇവരുടെ സാമ്പിളുകൾ ഇന്ന് പരിശോധനയ്ക്ക് അയക്കും. മുംബയിലെ നാല് ചേരികളിൽ നേരത്തെ രോഗം സ്ഥിരീകരിച്ചിരുന്നു. ഇന്നലെ മാത്രം മുംബയിൽ മലയാളിയടക്കം നാല് പേരാണ് മരിച്ചത്. സംസ്ഥാനത്ത് മരണസംഖ്യ 16 ആയി. 335പേർക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്.
നിസാമുദ്ദിനിലെ മതസമ്മേളനത്തിൽ പങ്കെടുത്തവർ രാജ്യത്തിൻ്റെ പലഭാഗത്തും ഉള്ളതിനാൽ തന്നെ അതീവ ഗൗരവത്തോടെയാണ് കേന്ദ്രസർക്കാർ ഈ വിഷയം നോക്കി കാണുന്നത്. പ്രധാനമന്ത്രി ഇന്ന് ഇതുസംബന്ധിച്ച് ഉന്നതതല യോഗം വിളിച്ചിട്ടുണ്ട്.മുഖ്യമന്ത്രിമാരുമായി നടത്തുന്ന വീഡിയോ കോൺഫറൻസിംഗിലും അദ്ദേഹം ഇക്കാര്യം സൂചിപ്പിക്കുമെന്നാണ് കരുതുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |