ഹൈക്കോടതി വിധി അംഗീകരിക്കുന്നു
തിരുവനന്തപുരം: മദ്യാസക്തിയെത്തുടർന്ന് ആരോഗ്യപ്രശ്നമുള്ളവർക്ക് മദ്യം എത്തിക്കാനുള്ള സർക്കാർ ഉത്തരവ് സ്റ്റേ ചെയ്ത ഹൈക്കോടതി വിധി സർക്കാർ അംഗീകരിക്കുന്നുവെന്ന് എക്സൈസ് മന്ത്രി ടി.പി.രാമകൃഷ്ണൻ പറഞ്ഞു.
ഈ വിഷയത്തിൽ ഇനി എന്തുചെയ്യണമെന്ന് സർക്കാർ തീരുമാനിക്കും. എന്നാൽ മദ്യം കുറിച്ചുകൊടുക്കാൻ ഡോക്ടർമാരോട് സർക്കാർ ആവശ്യപ്പെട്ടിട്ടില്ലെന്നും കൗമുദി ടി വിയിലെ സ്ട്രെയിറ്റ് ലൈൻ അഭിമുഖ പരിപാടിയിൽ മന്ത്രി വെളിപ്പെടുത്തി.ആൽക്കഹോൾ വിത്ത്ഡ്രാവൽ സിൻഡ്രോം ഉള്ളയാളാണോ അല്ലയോ എന്നു മാത്രമാണ് ഡോക്ടർമാർ കുറിപ്പടി നൽകേണ്ടിയിരുന്നത്.അല്ലാതെ മദ്യം കുറിച്ചുകൊടുക്കുകയല്ല.
ഇ എസ്.ഐ അടക്കമുള്ള സർക്കാർ ആശുപത്രികളിൽ ആൽക്കഹോൾ വിത്ത്ഡ്രാവൽ സിൻഡ്രോവുമായി എത്തിച്ചേരുന്നവർ ഒ.പി. ടിക്കറ്റെടുത്ത് പരിശോധനയ്ക്ക് വിധേയരാകണം. പരിശോധിക്കുന്ന ഡോക്ടർമാരിൽ നിന്ന് ആൽക്കഹോൾ വിത്ത് ഡ്രാവൽ സിൻഡ്രോം പ്രകടിപ്പിക്കുന്ന ആളെന്ന കുറിപ്പ് ഹാജരാക്കുന്നവർക്ക് നിശ്ചിത അളവിൽ മദ്യം വിതരണം ചെയ്യാം.--ഇതാണ് ഉത്തരവിൽ പറഞ്ഞത്.ഇതിൽ ഒരിടത്തും മദ്യം കുറിച്ച് നൽകണമെന്ന് പറഞ്ഞിട്ടില്ല ഇത് മനസിലാക്കാതെയാണ് ഡോക്ടർമാർ മദ്യത്തിന് കുറിപ്പടിയെഴുതാൻ സർക്കാർ നിർദ്ദേശിച്ചെന്ന മട്ടിൽ പ്രചാരണമുണ്ടായത്.
സാമൂഹിക പ്രശ്നം
സാമൂഹിക പ്രശ്നമെന്ന നിലയിലാണ് ഈ വിഷയത്തെ സർക്കാർ സമീപിച്ചത്.സ്ഥിരമായി മദ്യം ഉപയോഗിച്ചിരുന്നവരിൽ ഒരു വിഭാഗത്തിന് മദ്യം ഉപയോഗിക്കാത്ത സാഹചര്യം ശാരീരികവും മാനസികവുമായ ഗുരുതര പ്രത്യാഘാതങ്ങൾ സൃഷ്ടിച്ചു.ഇതിന്റെ ഫലമായി ആത്മഹത്യകളും ആത്മഹത്യാ പ്രവണതകളും പ്രകടമായിട്ടുമുണ്ട്.ഇതിന് പരിഹാരം കാണാനാണ് ശ്രമിച്ചത്.സമ്പൂർണ്ണ മദ്യ നിരോധനമുള്ള ഗുജറാത്തിൽപ്പോലും ഇത്തരം ആരോഗ്യ പ്രശ്നങ്ങളുള്ളവർക്ക് ഡോക്ടർമാരുടെ അനുമതിയോടെ മദ്യം നൽകുന്നുണ്ട്.
പിടിവാശിയില്ല
മദ്യാസക്തിയുള്ളവരെ പിന്തിരിപ്പിച്ച് സാധാരണ ജീവിതത്തിലേക്ക് മടക്കിക്കൊണ്ടുവരണമെന്ന ഉദ്ദേശത്തോടെയാണ് വിമുക്തി ആരംഭിച്ചത്.മദ്യം നൽകണമെന്ന പിടിവാശിയൊന്നും സർക്കാരിനില്ല.മദ്യനിരോധനമല്ല മദ്യവർജ്ജനമാണ് എൽ.ഡി.എഫ് സർക്കാരിന്റെ നയം.
മദ്യസക്തിയുള്ളവരിൽ കുറേയധികം പേർ വിമുക്തിയിലെത്തുന്നുണ്ട്. ചികിത്സ തേടുന്നവർക്കായി സർക്കാർ ആശുപത്രികളിൽ കൂടുതൽ കിടക്കകളും ഒരുക്കിയിട്ടുണ്ട്..ബാറുകൾ അടച്ചപ്പോഴും ഒൗട്ട്ലെറ്റുകൾ തുറന്ന് വച്ചത് സാമൂഹിക വിഷയമെന്ന നിലയിലാണ്.കേന്ദ്ര സർക്കാർ മൂന്നാഴ്ചത്തെ സമ്പൂർണ്ണ ലോക്ഡൗൺ പ്രഖ്യാപിച്ചതിനാലാണ് ബെവ്കോയും അടച്ചത്.അല്ലാതെ വിമർശനം ഭയന്നല്ല. സർക്കാർ ഉത്തരവ് സ്റ്റേ ചെയ്ത കോടതി നടപടി തിരിച്ചടിയായി കണുന്നില്ലെന്നും മന്ത്രി രാമകൃഷ്ണൻ വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |