ക്വാറൻൈൻ ദിനങ്ങൾ നടൻ കുഞ്ചാക്കോ ബോബന് ഏറ്റവും പ്രിയപ്പെട്ടതായി മാറിയിരിക്കുകയാണ്. ഭാര്യപ്രിയക്കും കുഞ്ഞിനുമൊപ്പം കഴിയാൻ കിട്ടുന്ന അവസരം. കുഞ്ചാക്കോ ബോബൻെറ 15ാം വിവാഹ വാർഷികമായിരുന്നു ഇന്നലെ. വിവാഹവാർഷിക ദിനത്തിൽ താരം കുറിച്ച വാക്കുകൾ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. തന്റെ ജീവിതത്തിൽ സംഭവിച്ച ഏറ്റവും നല്ല കാര്യമെന്നാണ് പ്രിയയെ കുറിച്ച് താരം പറയുന്നത്.
''15 വർഷമായി നിന്നോടുള്ള പ്രണയത്തിന്റെ ക്വാറന്റൈനിലാണ്. അത് ഞാൻ ഏറെ ഇഷ്ടപ്പെടുന്നു.22 വർഷമായി പരസ്പരം അറിയാം, എന്റെ ജീവിതത്തിൽ സംഭവിച്ച ഏറ്റവും നല്ല കാര്യങ്ങളിലൊന്നാണ് നീ. നിന്നെ കാണും മുമ്പേ, എന്റെ ആദ്യ സിനിമയിൽ തന്നെ നിന്റെ പേര് പാടുമ്പോൾ എനിക്കറിയില്ലായിരുന്നു അതന്റെ പെണ്ണിന്റെ പേരാണെന്ന്''. താരം പറയുന്നു.
''രണ്ടുപേരുടേയും നല്ലതും ചീത്തയുമെല്ലാം അംഗീകരിച്ച് പരസ്പരം കൈകോർത്ത് മുന്നോട്ട് പോവുകയാണ്. ഇന്നത്തെ ദിവസം കുറച്ചധികം സ്‌പെഷ്യലാണ്. കാരണം നമ്മുടെ ജീവിതത്തിന്റെ സമ്മാനം ഇസഹാക്ക്''. ചാക്കോച്ചൻ പറയുന്നു. ''നിന്റെ മാതാപിതാക്കൾക്ക് നല്ലൊരു മകളും കസിൻസിന് നല്ലൊരു സഹോദരിയും ഞാനടക്കമുള്ള സുഹൃത്തുക്കൾക്ക് നല്ല സുഹൃത്തും റൊമാന്റിക് കാമുകിയും അടിപൊളി ഭാര്യയുമാണ് നീ. ഇപ്പോൾ എന്റെ മകനൊരു തകർപ്പൻ അമ്മയും. എന്റെ പ്രിയതമയ്ക്ക് ആലിംഗനങ്ങളും ചുംബനങ്ങളും'' കുഞ്ചാക്കോ ബോബൻ ഫേസ്ബുക്കിൽ കുറിച്ചു.