തൃശൂർ: ലോക്ക് ഡൗണിനെത്തുടർന്ന് മെയ്യനങ്ങാതെ കെട്ടുതറികളിൽ വിശ്രമിക്കേണ്ടിവരുന്നത് സംസ്ഥാനത്തെ അഞ്ഞൂറിലേറെ നാട്ടാനകളുടെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുന്നതായി വിദദ്ധർ പറയുന്നു. ഉത്സവകാലത്ത് ഇന്നേവരെ അനുഭവിക്കാത്ത വിശ്രമം അവയുടെ ജൈവഘടികാരത്തെയും ആരോഗ്യത്തെയും തകിടം മറിക്കുമെന്നാണ് ആന ചികിത്സകർ പറയുന്നത്.
സ്വാഭാവികമായ ജീവിതരീതി തെറ്റുകയും ശരീരത്തിന് ഒട്ടും ചലനം ഇല്ലാതാകുകയും ചെയ്യുമ്പോൾ നീർക്കെട്ട് ഉണ്ടാകും. മദപ്പാട് വരെ നേരത്തെയാകും. ദീർഘകാലം തറികളിൽ നിൽക്കുമ്പോഴുണ്ടാകുന്ന അസ്വാസ്ഥ്യങ്ങൾ കുട്ടിക്കുറുമ്പുകൾക്കും കാരണമാകുമെന്നും അവർ പറയുന്നു.
അതേസമയം ലോക്ക് ഡൗൺ പ്രഖ്യാപിച്ചതോടെ ആനകൾക്ക് പനമ്പട്ട ലഭിക്കാതിരുന്നത്, ഏറ്റവും കൂടുതൽ ആനകളുള്ള തൃശൂരിൽ (145) പ്രതിഷേധങ്ങൾക്ക് വഴിയൊരുക്കി. മുഖ്യമന്ത്രിയുടെ നിർദ്ദേശത്തെ തുടർന്ന്, പട്ടകൾ എത്തിക്കുന്ന വാഹനങ്ങൾക്ക് തൃശൂർ റേഞ്ച് ഡി.ഐ.ജി. എസ്. സുരേന്ദ്രന്റെ നേതൃത്വത്തിൽ പാസ് നൽകിയതോടെയാണ് പ്രതിസന്ധി ഒഴിഞ്ഞത്.
ചികിത്സ വീഡിയോ കോളിൽ
വീഡിയോ കോൾ വഴിയാണ് ആനകളെ ഇപ്പോൾ ചികിത്സിക്കുന്നത്. നടത്തിച്ച് രോഗാവസ്ഥ കണ്ടെത്തും. വാട്‌സ് ആപ്പിൽ മരുന്ന് കുറിച്ച് ഉടമകൾക്ക് നൽകും. ആനകളെ വലുതായി തന്നെ കാണാൻ മൊബൈലിന് പകരം ടാബുകളാണ് ഉപയോഗിക്കുന്നത്. ദിവസം അഞ്ചോ ആറോ ആനകളെ ചികിത്സിക്കുന്നുണ്ട്. കുത്തിവയ്പ് നൽകേണ്ട സന്ദർഭങ്ങളിൽ നേരിട്ടെത്തും.
പ്രതിരോധിക്കാം
തറികളിൽ നിന്ന് മാറ്റി പറമ്പുകളിൽ നടത്തുക.
പനമ്പട്ടയും വെള്ളവും കൂടുതൽ നൽകുക.
ആരോഗ്യപ്രശ്‌നങ്ങൾ ഉടൻ ഡോക്ടറെ അറിയിക്കുക
വൈറ്റമിനും മരുന്നും കൃത്യസമയത്ത് നൽകുക
'' അടിവയറ്റിലും വാലിന് അടിയിലുള്ള കണപ്പാടിലുമെല്ലാം ചില ആനകൾക്ക് നീർക്കെട്ട് കണ്ടുവരുന്നുണ്ട്. നിരന്തരം തറികളിൽ നിൽക്കുന്നത് നല്ലതല്ല. ആനയുടെ ഭക്ഷണത്തിലും ആരോഗ്യത്തിലും കൂടുതൽ ശ്രദ്ധ പുലർത്തണം''
തൃശൂരിൽ ആന ചികിത്സാ കേന്ദ്രത്തിന്റെ
ചുമതല വഹിക്കുന്ന ഡോ. പി.ബി. ഗിരിദാസ്
................
മൊത്തം നാട്ടാനകൾ: 521
കൊമ്പൻ: 401
പിടിയാന: 98
മോഴകൾ: 22
ജില്ലകളിലെ ആനകൾ:
(2018 ൽ വനം വകുപ്പ് നടത്തിയ ഏകദിന നാട്ടാന സെൻസസ് പ്രകാരം)
തിരുവനന്തപുരം 48
കൊല്ലം 61
പത്തനംതിട്ട 25
ആലപ്പുഴ 20
കോട്ടയം 64
ഇടുക്കി 48
എറണാകുളം 23
തൃശൂർ 145
പാലക്കാട് 55
മലപ്പുറം 7
കോഴിക്കോട് 12
വയനാട് 10
കണ്ണൂർ 3.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |