കാസർകോട്: കർണാടക അതിർത്തി തുറക്കാത്തതിനെതുടർന്ന് കാസർകോട്ട് ചികിത്സ കിട്ടാതെ ഒരാൾ കൂടി മരിച്ചു. കടമ്പാർ സ്വദേശി കമലയാണ് മരിച്ചത്. മംഗലുരുവിലെ ആശുപത്രിയിലേക്ക് പോകാൻ ശ്രമിച്ചെങ്കിലും കർണാടക പൊലീസ് തടഞ്ഞ് മടക്കി അയച്ചതായി ബന്ധുക്കൾ പരാതിപ്പെട്ടു. കാസർകോട്ടെ സ്വകാര്യ ആശുപത്രിയിൽ വച്ചാണ് കമല മരിച്ചത്. ഇതോടെ സമാന സാഹചര്യത്തിൽ മരിച്ചവരുടെ എണ്ണം പത്തായി.
കാസർകോട്ട് നിന്ന് കർണാടകയിലെ ആശുപത്രികളിലേക്ക് കൊവിഡ് ബാധയില്ലാത്ത രോഗികളുമായി പോവുന്ന ആംബുലൻസുകൾ കടത്തിവിടാൻ അനുവാദം ലഭിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് വാർത്താസമ്മേളനത്തിൽ വ്യക്തമാക്കിയിരുന്നു. ഇതിനായി മെഡിക്കൽ സർട്ടിഫിക്കറ്റുകളും ഏത് ആശുപത്രിയിലേക്കാണ് പോവുന്നതെന്ന വിവരവും കർണാടക അതിർത്തിയിലെ മെഡിക്കൽ സംഘത്തെ കാണിക്കണമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
തലപ്പാടി ചെക്ക് പോസ്റ്റിലാണ് കർണാടകയുടെ മെഡിക്കൽ സംഘത്തെ നിയോഗിച്ചിട്ടുള്ളത്. മെഡിക്കൽ സർട്ടിഫിക്കറ്റുകൾ അവരെ കാണിച്ച് ഏത് ആശുപത്രിയിലേക്കാണ് പോവുന്നതെന്നറിയിച്ച് അനുവാദം വാങ്ങാമെന്നാണ് കർണാടക സർക്കാർ അറിയിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |