
കാസർകോട്: എക്‌സൈസ് എൻഫോഴ്സ്മെന്റ് ആൻഡ് ആന്റി നാർക്കോട്ടിക് സ്‌പെഷ്യൽ സ്‌ക്വാഡ് നടത്തിയ പ്രത്യേക റെയ്ഡിൽ പള്ളിക്കര കല്ലിങ്കലിൽ നിന്ന് വൻതോതിൽ മെത്താഫിറ്റമിൻ പിടികൂടി. കാസർകോട് അസിസ്റ്റന്റ് എക്‌സൈസ് കമ്മിഷണർ പി.പി ജനാർദ്ദനന്റെ നേതൃത്വത്തിലുള്ള സ്പെഷ്യൽ സ്‌ക്വാഡ് നടത്തിയ ഓപ്പറേഷനിലാണ് മൂന്നുപേരെ അറസ്റ്റ് ചെയ്തത്. റെയ്ഡിനിടെ 4.813 ഗ്രാം മെത്താഫിറ്റമിനും, മെത്താഫിറ്റമിൻ കലർന്ന 618 ഗ്രാം വെള്ളവും, കൂടാതെ മയക്കുമരുന്ന് ഉപയോഗ ഉപകരണങ്ങളും എംഎച്ച് 02 ഇ.ആർ 4208 നമ്പർ ഇന്നോവ കാറും പിടികൂടി.
പള്ളിക്കരയിലെ ഫൈസലിന്റെ പ്ലാൻ വരയ്ക്കുന്ന സ്ഥാപനത്തിൽ വെച്ച് മയക്കുമരുന്ന് ഉപയോഗിക്കുകയും ചെയ്തതായി എക്‌സൈസ് കണ്ടെത്തി. ഒന്നാം പ്രതി ചട്ടഞ്ചാൽ കുന്നാറയിലെ അബ്ബാസ് അറഫാത്ത് (26), രണ്ടാം പ്രതി മുട്ടത്തൊടി സന്തോഷ് നഗറിലെ മുഹമ്മദ് അമീൻ (21) മൂന്നാം പ്രതി പള്ളിക്കര തൊട്ടിയിലെ ഫൈസൽ (38) എന്നിവരാണ് അറസ്റ്റിലായത്. ചൊവ്വാഴ്ച രാത്രി 11 മണിയോടെയാണ് പ്രതികളെ ബല പ്രയോഗത്തിലൂടെ കീഴ്‌പെടുത്തിയത്.
പ്രതികൾക്കെതിരെ എൻ.ഡി.പി.എസ്. ആക്ട് 22 (സി), 25, 29 വകുപ്പ് പ്രകാരം കേസ് രജിസ്റ്റർ ചെയ്തു. ഗ്രേഡ് അസിസ്റ്റന്റ് എക്‌സൈസ് ഇൻസ്‌പെക്ടർ സി.കെ.വി. സുരേഷ്, സിവിൽ എക്‌സൈസ് ഓഫീസർമാരായ രാജേഷ്, ഷിജിത്ത്, ശൈലേഷ് കുമാർ, സോനു സെബാസ്റ്റ്യൻ എന്നിവരും എക്‌സൈസ് സർക്കിൾ ഓഫീസിലെ പ്രിവന്റീവ് ഓഫീസർ ദിനേശൻ കുണ്ടത്ത് നേതൃത്വം നൽകിയ സംഘവും, ഹോസ്ദുർഗ് എക്‌സൈസ് സർക്കിൾ ഇൻസ്പെക്ടർ പ്രസന്നകുമാറിന്റെ നേതൃത്വത്തിലുള്ള സംഘവും സ്ഥലത്തെത്തിയിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |