തിരുവനന്തപുരം: കൊവിഡ് ബാധിച്ച് ഇന്നലെ ലണ്ടനിൽ മരിച്ച റിട്ട. അദ്ധ്യാപികയും ഓടനാവട്ടം കട്ടയിൽ മുക്കാലയിൽ പരേതനായ ചെല്ലപ്പന്റെ ഭാര്യയുമായ ഇന്ദിര നഴ്സായ മൂത്ത മകൾ ദീപ ജോലിനോക്കുന്ന സെന്റ് ജോർജ് ആശുപത്രിയിലാണ് ചികിത്സയിൽ കഴിഞ്ഞത്.
കഴിഞ്ഞ ദിവസം ഐ.സി.യുവിൽ നിന്ന് വാർഡിലേക്ക് മാറ്റിയിരുന്നു. നാട്ടിലേക്ക് മടങ്ങാനൊരുങ്ങിയെങ്കിലും വിമാന സർവീസ് ഇല്ലാത്തതിനാൽ ആശുപത്രിയിൽ തന്നെ കഴിയുകയായിരുന്നു. ഇതിനിടെയാണ് മൂന്ന് ദിവസം മുമ്പ് കൊവിഡ് സ്ഥിരീകരിച്ചത്. 5ന് വൈകിട്ട് 2.45 (ഇന്ത്യൻ സമയം 7.15) ഓടെയാണ് മരിച്ചത്. മൃതദേഹം ലണ്ടനിൽ സംസ്കരിക്കും. ഇളയ മകൾ ഗീത (ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ, അടൂർ മുനിസിപ്പാലിറ്റി). മരുമക്കൾ: ദീപക് (ലണ്ടൻ), സജീവ്.
മകന്റെ മൂന്നാം പിറന്നാളിന്
സിന്റോയുടെ വേർപാട്
കണ്ണൂർ: ഇരിട്ടി കീഴ്പള്ളി അത്തിക്കലിലെ മുള്ളൻകുഴിയിൽ ജോർജിന്റെയും ഏലിയാമ്മയുടെയും മകൻ സിന്റോ ജോർജ് (36) ലണ്ടനിൽ മരണത്തിന് കീഴടങ്ങിയത് മകന്റെ മൂന്നാം ജന്മദിനത്തിലാണ്. ലണ്ടനിലെ സന്റോ സറൈ ആശുപത്രിയിൽ സ്റ്റാഫ് നഴ്സായിരുന്നു.
ഒരാഴ്ചയായി കൊവിഡ് 19 സ്ഥിരീകരിച്ച് തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു പത്തുവർഷമായി യു.കെയിലാണ് സിന്റോയും കുടുംബവും. ഭാര്യ നിമി തൃശൂർ ചാലക്കുടി മേലൂർ സ്വദേശിനിയാണ്. മക്കൾ: എലേന, എഡ്വേർഡ്, എൽമിയ. എട്ടു വർഷം മുമ്പായിരുന്നു വിവാഹം. അതിനാണ് അവസാനമായി നാട്ടിൽ വന്നത്.സഹോദരങ്ങൾ: സനോബി, സിസ്റ്റർ സിൻസി, സിബിൻ.
ജീവകാരുണ്യ പ്രവർത്തകൻ
ഹാരിസ്
കണ്ണൂർ: അജ്മാനിലെ സ്വകാര്യ ആശുപത്രിയിൽ കോവിഡ് ബാധിച്ച് മരിച്ച കൊളയാട് സ്വദേശി ഹാരിസ് 16 വർഷമായി യു.എ.ഇയിൽ ഹാരിസ് തലാൽ ഗ്രൂപ്പ് സ്ഥാപനങ്ങളുടെ അജ്മാൻ സോൺ പി.ആർ.ഒയും ഏരിയാ മാനേജരുമായിരുന്നു. സാമൂഹിക ജീവകാരുണ്യ പ്രവർത്തനങ്ങളിലും സജീവമായിരുന്നു. ഭാര്യ: ജസ്മിന മകൻ: മുഹമ്മദ് ഹിജാൻ,ശൈഖ ഫാത്തിമ.
ഉമ്മനും കുടുംബവും
17 വർഷമായി യു.എസിൽ
കൊട്ടാരക്കര കരിക്കം ഐപ്പള്ളൂർ പ്രഭാ ബംഗ്ളാവിൽ ഉമ്മൻ കുര്യൻ 17 വർഷമായി സകുടുംബം അമേരിക്കയിലാണ് . ആശുപത്രിയിൽ ജോലി ചെയ്തുവരികയായിരുന്നു ഉമ്മൻ കുര്യൻ. മൂന്ന് ദിവസം മുമ്പ് തലവേദന ഉണ്ടായതിനെ തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പരിശോധനയിൽ കൊവിഡ് സ്ഥിരീകരിച്ചു. മൃതദേഹം ഇന്ന് സംസ്കരിക്കുമെന്നാണ് വിവരം. ഭാര്യ: കുഞ്ഞമ്മ. മക്കൾ: ശോഭ, പ്രഭ. മരുമക്കൾ: ശ്യാം ജോൺ, ബിൻസി.
ഏലിയാമ്മ വിരമിച്ചശേഷം
അമേരിക്കയിലേക്ക്
തിരുവല്ല: കോവിഡ് 19 ബാധിച്ച് ന്യൂയോർക്കിൽ മരിച്ച റിട്ട. നഴ്സ് തിരുവല്ല കാവുംഭാഗം കിഴക്കുംമുറി വഞ്ചിപ്പാലം ഗ്രേസ് വില്ലയിൽ ജോൺ വർക്കിയുടെ ഭാര്യ ഏലിയാമ്മ ( 65) ജോലിയിൽ നിന്ന് വിരമിച്ചശേഷം 15 വർഷം മുമ്പാണ് ന്യൂയോർക്കിലേക്ക് പോയത്. വെള്ളിയാഴ്ച്ച രാത്രി ശ്വാസതടസത്തെ തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഞായറാഴ്ച രാത്രി മരിച്ചു. സംസ്കാരം അവിടെ നടത്തും. 2019 ആഗസ്റ്റിലാണ് ഏലിയാമ്മയും കുടുംബവും അവസാനമായി നാട്ടിലെത്തിയത്. മക്കൾ: ജിനു, പരേതനായ ജിജു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |