തിരുവനന്തപുരം: കാൽകഴുകൽ ശുശ്രൂഷയും കുരിശിന്റെ വഴിയും ആഘോഷമായ ഉയിർപ്പ് കുർബാനയുമില്ലായെയാണ് ക്രിസ്‌തുവിന്റെ പീഡാനുഭവവും ഉയിർപ്പും ക്രൈസ്‌തവസഭകൾ ഇത്തവണ ആചരിക്കുന്നത്. കൊവിഡ് 19 വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് ചടങ്ങുകൾ ഇത്തരത്തിൽ ചുരുക്കിയത്. പഴയ തലമുറയ്ക്കടക്കം എല്ലാവർക്കും ആദ്യമായാണ് ഇത്തരമൊരു വിശുദ്ധവാരാചരണം. ഓശാന വിളികളും കുരുത്തോല പ്രദക്ഷിണവുമില്ലാതെയാണ് ഓശാന ഞായറും കടന്നുപോയത്. പള്ളിയിൽ പോകാതെയാണ് ഇത്തവണ വിശ്വാസികൾ ഓശാന ഞായർ ആരാധനയിൽ പങ്കാളികളായത്. അതാത് പള്ളികളുടെയും സഭകളുടെയും നേതൃത്വത്തിൽ സമൂഹമാദ്ധ്യമങ്ങൾ വഴിയും ചാനലുകൾ വഴിയും ഓൺലൈനായി വിശ്വാസികൾക്ക് ശുശ്രൂഷച്ചടങ്ങുകളിൽ വീട്ടിലിരുന്ന് പങ്കാളികളാകാനുള്ള സൗകര്യങ്ങൾ ഒരുക്കിയിരുന്നു.
പള്ളികളിലെ ചടങ്ങുകളിൽ വിശ്വാസികളെ ഉൾക്കൊള്ളിക്കിനാകാത്ത സാഹചര്യമായതിനാൽ പെസഹാ വ്യാഴാഴ്ച കാൽകഴുകൽ ശുശ്രൂഷയും ഉണ്ടായിരിക്കില്ല. അപ്പം മുറിക്കൽ ചടങ്ങ് വീടുകളിൽ മാത്രമൊതുങ്ങും. ദു:ഖവെള്ളിയാഴ്ചയിലെ കുരിശിന്റെ വഴി, ദു:ഖശനിയാഴ്ചയിലെ പുത്തൻവെള്ളം വെഞ്ചിരിപ്പ് തുടങ്ങിയവയും ഉണ്ടായിരിക്കില്ല. രാത്രിയിൽ നടത്തേണ്ട ചടങ്ങുകൾ ഒഴിവാക്കി ഈസ്റ്റർ ദിനം രാവിലെയായിരിക്കും കുർബാനയർപ്പണം. പുരോഹിതനും ശുശ്രൂഷികളുമായി അഞ്ചിൽ കൂടുതലാളുകൾ പങ്കെടുക്കാതെ അടച്ചിട്ട ദേവാലയങ്ങളിലാണ് എല്ലാ ചടങ്ങുകളും നടക്കുക.
സീറോമലബാർ, മലങ്കര, ലത്തീൻ, സി.എസ്.ഐ, ഓർത്തഡോക്സ്, യാക്കോബായ സഭകളെല്ലാം ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ പാലിക്കണമെന്ന് വിശ്വാസികളോട് ആഹ്വാനം ചെയ്ത് ചടങ്ങുകൾ ആചരിക്കേണ്ടതെങ്ങനെയെന്ന് വ്യക്തമാക്കി സർക്കുലറുകൾ ദിവസങ്ങൾക്കു മുൻപേ പുറപ്പെടുവിച്ചിരുന്നു.
ഏറ്റവുമധികം ആളുകൾ ദേവാലയങ്ങളിലെത്തുന്ന വിശുദ്ധ വാരത്തിലെ ശുശ്രൂഷകളിൽ വീടുകളിലിരുന്ന് ഓൺലൈനായി പങ്കാളികളാവുക ആദ്യത്തെ അനുഭവമാണെങ്കിലും കൊവിഡ് വ്യാപനം ചെറുക്കാൻ നിയന്ത്രണങ്ങൾ പാലിക്കുകയാണ് വിശ്വാസികൾ.
വിശുദ്ധ വാരത്തോടനുബന്ധിച്ച എല്ലാ ചടങ്ങുകളും ലൈവായി പ്രക്ഷേപണം ചെയ്യാൻ സൗകര്യമൊരുക്കിയിട്ടുണ്ട്. സഭയുടെ ഔദ്യോഗിക ഓൺലൈൻ ചാനലായ പാസ് ഓൺ ടിവി വഴിയും ഫേസ്ബുക്ക് വഴിയും ലൈവ് പ്രക്ഷേപണമുണ്ടാകും. കൊവിഡ് ബാധിതർക്ക് വേണ്ടി പ്രത്യേക പ്രാർത്ഥനയും ദേവാലയങ്ങളിൽ നടത്തും.
- ബിഷപ്പ് എ. ധർമരാജ് റസാലം
സി.എസ്.ഐ മോഡറേറ്രർ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |