സൗദി: സാമ്പത്തിക കേസുകളിൽ ജയിലിൽ കഴിയുന്നവരെ മോചിപ്പിക്കാൻ സൗദി ഭരണാധികാരി സൽമാൻ രാജാവിന്റെ ഉത്തരവ്. സ്വകാര്യ അവകാശ കേസുകളിൽ കടക്കാരെ ജയിലിലടയ്ക്കുന്നതുമായി ബന്ധപ്പെട്ട അന്തിമ വിധികളും ജുഡീഷ്യൽ ഉത്തരവുകളും താത്കാലികമായി നിറുത്തിവയ്ക്കാനും ഉത്തരവിട്ടു. രാജ്യത്ത് കൊവിഡ് പടരുന്ന സാഹചര്യത്തിലാണിത്.
തടവിൽ കഴിയുന്നവരെ എത്രയും പെട്ടെന്ന് വിട്ടയയ്ക്കാൻ രാജാവ് നിർദേശിച്ചതായി നീതിന്യായ മന്ത്രി ഡോ. വലീദ് ബിൻ മുഹമ്മനദ് അൽ സംആനി അറിയിച്ചു. വണ്ടിചെക്കടക്കം സാമ്പത്തിക കേസുകളിൽ മലയാളികളടക്കം നിരവധി പേർ സൗദിയിലെ വിവിധ ജയിലുകളിലുണ്ട്. ഇവർക്ക് ഏറെ ആശ്വാസം നൽകുന്നതാണ് രാജാവിന്റെ ഉത്തരവ്.
വേർപിരിഞ്ഞ മാതാപിതാക്കളിൽ ഒരാളെ കുട്ടികൾക്ക് കാണുന്നതുമായി ബന്ധപ്പെട്ട അന്തിമ വിധികൾ കൊവിഡ് പ്രതിസന്ധി മാറുന്നതുവരെ നിറുത്തിവയ്ക്കാനും രാജാവ് ഉത്തരവിട്ടു. താമസ നിയമ ലംഘന കേസിൽ ജയിലിൽ കഴിഞ്ഞിരുന്ന 250 ലധികം തടവുകാരെ കഴിഞ്ഞ മാസം സൗദി വിട്ടയച്ചിരുന്നു. 901 തടവുകാർക്ക് മാപ്പ് നൽകി മോചിപ്പിക്കാൻ കഴിഞ്ഞ മാസം ബഹ്റൈൻ രാജാവ് ഹമദ് ബിൻ ഇസ അൽ ഖലീഫ ഉത്തരവിട്ടിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |