കൊവിഡ്-19 ലോക്ക് ഡൗണാക്കിയ തന്റെ ജീവിതവും അതിലെ ഫലിതവും കാർട്ടൂണിസ്റ്റ് സുകുമാർ പങ്കുവയ്ക്കുന്നു.
ഹാപ്പി വിഷുന്ന് പറയേണ്ട സമയത്താണല്ലോ കോവിഡ് എല്ലാരെയും പിടിച്ച് അകത്തിട്ടത്. ഇപ്പോ എല്ലാരോടും പറയാനുള്ളത് ഹാപ്പി െകാവിഡ് എന്നാ. പ്രത്യേകിച്ച് ഒരു ശീലവും തുടങ്ങാതെ ഉള്ള സമയം ടി.വിക്ക് മുന്നിലിരുന്ന് ചാനലിൽ പിള്ളേർ ഒറ്റശ്വാസത്തിൽ എന്തൊക്കെ കാര്യങ്ങളാ പറയുന്നേ എന്ന് കേട്ട് അന്തം വിട്ട് സമയം കളയുകയാണ് ഞാൻ. തിരുവനന്തപുരത്ത് നിന്ന് ആറുമാസം മുമ്പാണ് കൊച്ചിയിൽ മകളുടെ അടുത്തേക്ക് താമസം മാറിയത്. വരുമ്പോൾ വായിക്കാൻ കുറേ പുസ്തകം ഒരു പെട്ടിയിലാക്കി കൊണ്ടു വന്നിരുന്നു. ഇപ്പോൾ വെറുതെയിരിക്കുമ്പോൾ വായിക്കാമെന്നോർത്ത് പെട്ടി തുറക്കാൻ നോക്കിയപ്പോൾ അതൊട്ടു തുറക്കാനും പറ്റുന്നില്ല. അങ്ങനെ കൊറോണ കൊണ്ട് ആകെ ലോക്കായി പോയ അവസ്ഥയിലാണ് ഇപ്പോൾ!
വേനൽചൂട് എരിപൊരി കൊള്ളിക്കുന്ന സമയത്താണ് കൊറോണ പണി തരുന്നത്. വീട്ടിലിരുന്ന് എല്ലാവരും എന്തെങ്കിലും നല്ലതൊക്കെ ചെയ്തോളാനാണല്ലോ സർക്കാർ പറഞ്ഞത്. ആദ്യം കേട്ടപ്പോൾ എനിക്കും തോന്നി, കൊള്ളാമല്ലോ എന്ന്. സമയം എങ്ങനെ ചെലവഴിക്കുന്നുവെന്നാ പലരുടെയും ചോദ്യം. എല്ലാവരും കരുതുക ഈ സമയത്ത് ഞാൻ എന്റെ ആത്മകഥ എഴുതിക്കളയും, കിടിലൻ കാർട്ടൂൺ സീരീസ് വരച്ചു കളയും എന്നൊക്കെയാണ്. തുടക്കത്തിൽ എനിക്കും തോന്നിയിരുന്നു അങ്ങനെ എന്തെങ്കിലും ചെയ്യാമെന്ന്. വീട്ടിലിരിക്കുമ്പോൾ രാമായണവും മഹാഭാരതവുമൊക്കെ കാണിച്ച് പുരാണകാലത്തേക്ക് കൊണ്ടുപോവുകയാണല്ലോ നമ്മളെ. എന്നാൽ, കൊവിഡ് കാലത്തെ രാമായണവും മഹാഭാരതവും എന്ന വിഷയം വച്ച് കാർട്ടൂൺ വരയ്ക്കാം എന്നോർത്തു. ചിരിപ്പിക്കാമെന്നോർത്താണ് വരച്ചു തുടങ്ങിയത്. എന്നാൽ എഴുതുന്നതും വരയ്ക്കുന്നതുമെല്ലാം സീരിയസ് ആയിപ്പോകുന്നു. തത്കാലം ആ പണിക്ക് പറ്റിയ സമയമിതല്ല എന്ന് മനസ്സിലായി. അകവും പുറവും തലയും എല്ലാം ചൂട് പിടിച്ചിരിക്കുമ്പോൾ എങ്ങനെ ചിരിപ്പിക്കാനാ. പക്ഷേ, അങ്ങനെ ഓർത്ത് എപ്പോഴും മസിൽ പിടിച്ച് ടെൻഷൻ ഉരുട്ടിക്കേറ്റിയിട്ട് ഒരു കാര്യവുമില്ല. അങ്ങനെയായാൽ ഈ വൈറസ് പോകുമ്പോൾ നമ്മെ വേറെ പല രോഗത്തിനും ആശുപത്രിയിൽ കൊണ്ടിടേണ്ടി വരും. കൊവിഡിനെ എങ്ങനെ വിറ്റുകാശാക്കാം എന്ന് ചിന്തിക്കുന്നവരുണ്ട്. പണ്ട് കള്ളന്മാർക്കായിരുന്നു മുഖം മറയ്ക്കേണ്ട ഗതികേട്. ഇപ്പോൾ നോക്കിയേ നമ്മളെല്ലാവരും പുറത്ത് മുഖം മറ്റൊരാളെ കാണിക്കാനാവാതെ നടക്കേണ്ടി വരുന്നു! ഇപ്പോൾ തുടങ്ങിയ ഒരേയൊരു ശീലം വൈകിട്ട് 6 മണിക്കുള്ള കാത്തിരിപ്പാണ്. മുഖ്യമന്ത്രി വന്ന് പറയുന്നതിൽ ചിരിക്കാൻ വകയുള്ള എന്തെങ്കിലും ഉണ്ടോ എന്നാണ് നോട്ടം. കിട്ടുന്നതെല്ലാം കുറിച്ച് വയ്ക്കുന്നുണ്ട്. കൊവിഡ് കഴിയുമ്പോൾ ഇതെല്ലാം കൊണ്ട് ഒരു വരവുണ്ട് ഞാൻ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |