വാഷിംഗ്ടൺ: ലോകത്താകമാനം കൊവിഡ് ബാധിതരുടെ എണ്ണം കുതിച്ചുയരുന്നു. 1,603,164 പേർക്ക് ഇതിനോടകം രോഗം ബാധിച്ചു. 95,693 പേർ കൊവിഡ് ബാധിച്ച് മരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി എൺപതിനായിരത്തോളം പേർക്കാണ് രോഗം സ്ഥിരീകരിച്ചത്.
അമേരിക്കയിൽ സ്ഥിതി രൂക്ഷമായിക്കൊണ്ടിരിക്കുകയാണ്. ഇന്നലെ മാത്രം 1819 പേരാണ് മരിച്ചത്. ഇതോടെ അമേരിക്കയിൽ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 16,691 ആയി ഉയർന്നു. എന്നാൽ ഭയപ്പെട്ട അത്രയും മരണം ഇല്ലെന്നും രോഗ നിയന്ത്രണം ശരിയായ ദിശയിലാണെന്നും പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു. രോഗികളുടെ എണ്ണം നാലര ലക്ഷം കടന്നു. രോഗികളുടെ എണ്ണം വർദ്ധിക്കുന്ന സാഹചര്യത്തിൽ ന്യൂയോർക്കിലെ സെൻട്രൽ പാർക്കിലും മറ്റ് പ്രദേശങ്ങളിലും അടിയന്തര താത്ക്കാലിക ആശുപത്രികൾ ആരംഭിച്ചിട്ടുണ്ട്.
സ്‌പെയിനിൽ രോഗബാധിതതരുടെ എണ്ണം 1,53,222 ആയി ഉയർന്നു. കഴിഞ്ഞ ദിവസം എഴുന്നൂറോളം പേരാണ് രാജ്യത്ത് മരിച്ചത്. ഇതോടെ മരണസംഖ്യ 15,447 ആയി ഉയർന്നു. ഇറ്റലിയിലും ഫ്രാൻസിലും രോഗികളുടെ എണ്ണം കുതിച്ചുയരുകയാണ്. ഇറ്റലിയിൽ രോഗബാധിതരുടെ എണ്ണം 1,43,626 ആയി. 18,279പേർ രാജ്യത്ത് മരണമടഞ്ഞു. ഫ്രാൻസിൽ ഇന്നലെ മാത്രം 1341പേരാണ് മരിച്ചത്. ഇതോടെ മരണസംഖ്യ 12,210 ആയി ഉയർന്നു.
അതേസമയം, കൊവിഡ് ബാധിച്ച് ലണ്ടനിലെ സെന്റ് തോമസ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ കഴിയുന്ന ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസന്റെ നിലയിൽ പുരോഗതിയുണ്ട്. അദ്ദേഹത്തെ തീവ്രപരിചരണ വിഭാഗത്തിൽ നിന്ന് മാറ്റിയെങ്കിലും ആശുപത്രിയിൽ തുടരുകയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |