കോട്ടയം: ഇറ്റലിയിൽ നിന്നെത്തിയ കുടുംബവുമായുള്ള സമ്പർക്കം മൂലം കൊവിഡ് ബാധിച്ച് ഭേദമായ തോമസും മറിയാമ്മയും ഇന്നലെ വീണ്ടും കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തി. തങ്ങളെ പുതുജീവിതത്തിലേക്ക് തിരികെയെത്തിച്ച എല്ലാവരെയും കാണണമെന്ന് അവർ പറഞ്ഞെങ്കിലും പലരും സ്ഥലത്തുണ്ടായിരുന്നില്ല. ഏതാനും പേർ എത്തി. സുരക്ഷാ സംവിധാനങ്ങൾക്കുള്ളിൽ മറഞ്ഞിരുന്നവരെ നേരിൽ കണ്ടപ്പോൾ ഇരുവരുടെയും മനസ് നിറഞ്ഞു. ഇവരെ പരിചരിക്കുന്നതിനിടെ രോഗം ബാധിക്കുകയും പിന്നീട് രോഗമുക്തി നേടുകയും ചെയ്ത നഴ്‌സ് രേഷ്മ കൂടി എത്തിയതോടെ ആഹ്ലാദം ഇരട്ടിയായി. 'ഇവിടം ഒത്തിരി ഇഷ്ടമാണ്. വേണമെങ്കിൽ ഒരാഴ്ച കൂടി താമസിക്കാം' എന്ന് യാത്ര പറയുമ്പോൾ തോമസ് പറഞ്ഞത് ചിരി പടർത്തി.
കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലെ ചികിത്സവഴി കൊവിഡ് മുക്തരായ റാന്നി സ്വദേശി തോമസും (93), ഭാര്യ മറിയാമ്മയും (88), സ്റ്റാഫ് നഴ്‌സ് രേഷ്മ മോഹൻദാസും ഡോക്ടർമാരുടെ നിർദ്ദേശപ്രകാരമാണ് പരിശോധനയ്‌ക്കെത്തിയത്. ആരോഗ്യസ്ഥിതി മെഡിക്കൽസംഘം വിലയിരുത്തി. ഏപ്രിൽ 3 ന് ഡിസ്ചാർജ് ചെയ്ത മൂവരുടെയും ക്വാറന്റൈൻ കാലാവധി പൂർത്തിയായി. ഉടൻ ജോലിയിൽ പ്രവേശിക്കാൻ തയ്യാറാണെന്ന് രേഷ്മ പറഞ്ഞു.
ഹൃദയ സംബന്ധമായ അസുഖങ്ങളുള്ള തോമസിന് ഹൃദ്രോഗവിദഗ്ദ്ധർ പ്രത്യേക പരിശോധനയും നടത്തി. 'സുഖമല്ലേ" എന്ന ഡോക്ടർമാരുടെ ചോദ്യത്തിന് അതേ... എന്ന് തോമസും മറിയാമ്മയും മറുപടി പറഞ്ഞു.
കൊവിഡ് മുക്തി നേടിയ പ്രായം കൂടിയ ദമ്പതികളെന്ന നിലയിൽ ആഗോളതലത്തിൽപ്പോലും ശ്രദ്ധ നേടിയതിലുള്ള സന്തോഷവും അദ്ദേഹം പങ്കുവച്ചു. രോഗവിമുക്തി നേടിയ പത്തനംതിട്ടയിലെയും കോട്ടയത്തെയും ബന്ധുക്കളും ഇവർക്കൊപ്പമുണ്ടായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |