തിരുവനന്തപുരം: മറ്റു സംസ്ഥാനങ്ങളിൽ നിന്നുള്ള ഗർഭിണികൾക്കും ചികിത്സയ്ക്ക് എത്തുന്നവർക്കും കേരളത്തിൽ പ്രവേശിക്കാൻ നിബന്ധനകൾക്ക് വിധേയമായി അനുമതി നൽകി ചീഫ് സെക്രട്ടറി ഉത്തരവിറക്കി. ബന്ധുവിന്റെ മരണത്തിനോ അതീവ ഗുരുതരാവസ്ഥയിലുള്ള ബന്ധുവിനെ കാണുന്നതിനോ എത്തുന്നവർക്കും അനുമതി ലഭിക്കും. ജില്ലാകളക്ടർക്കാണ് ഇതിനുള്ള അധികാരം. അനുമതി ലഭിക്കുന്നവർ ക്വാറന്റൈനിന് വിധേയരാകണം.
ഗർഭിണികൾ മെഡിക്കൽ സർട്ടിഫിക്കറ്റ് ഹാജരാക്കണം. ഒപ്പം യാത്ര ചെയ്യുന്നവരുടെ വിവരങ്ങളും നൽകണം. മൂന്നു പേരിൽ കൂടുതൽ വാഹനത്തിൽ ഉണ്ടാകരുത്. പ്രായപൂർത്തിയാകാത്ത കുട്ടിയെ ഒപ്പം കൂട്ടാം. അപേക്ഷ ഇ-മെയിലായോ വാട്‌സാപ്പിലൂടെയോ കളക്ടർക്ക് നൽകണം. ഇത് പരിശോധിച്ച് യാത്രാ തീയതിയും സമയവും രേഖപ്പെടുത്തി കളക്ടർ പാസ് അനുവദിക്കും. ഈ പാസും താമസിക്കുന്ന ജില്ലയിലെ കളക്ടറുടെ ക്ലിയറൻസും സഹിതം എത്തിയാൽ അതിർത്തിയിലെ ഉദ്യോഗസ്ഥർ പരിശോധിച്ച് പ്രവേശനം അനുവദിക്കും.
ചികിത്സയ്ക്ക് എത്തുന്നവർ അക്കാര്യം കാണിച്ച് അപേക്ഷ നൽകണം. കളക്‌ടറുടെ അനുമതി ലഭിച്ചശേഷം വ്യക്തി താമസിക്കുന്ന സ്ഥലത്തെ ബന്ധപ്പെട്ട അധികാരിയിൽ നിന്ന് യാത്രാപാസ് വാങ്ങണം. രോഗി ഉൾപ്പെടെ മൂന്നു പേർക്കാണ് അനുമതി.
ബന്ധുവിന്റെ മരണമറിഞ്ഞെത്തുന്നവരും ഗുരുതരാവസ്ഥയിലുള്ള ബന്ധുവിനെ കാണാനെത്തുന്നവരും താമസിക്കുന്ന സംസ്ഥാനത്തെ ബന്ധപ്പെട്ട അധികാരിയിൽ നിന്നുള്ള വാഹന പാസ് നേടിയിരിക്കണം. എന്തിന് പോകുന്നുവെന്നതടക്കം വിവരങ്ങൾ ഉൾപ്പെടുത്തിയ സത്യവാങ്മൂലവും കരുതണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |