കൊല്ലം: പുനലൂരിൽ വാഹനം പൊലീസ് തടഞ്ഞതിനെ തുടർന്ന് ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്ത പിതാവിനെ മകൻ ചുമലിലേറ്റേണ്ടിവന്ന സംഭവം അന്വേഷിക്കാൻ ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ ഉത്തരവിട്ടു. അന്വേഷണ റിപ്പോർട്ട് ഉടൻ ഡി.ജി.പിക്ക് കൈമാറുമെന്ന് റൂറൽ എസ്.പി ഹരിശങ്കർ പറഞ്ഞു. ബുധനാഴ്ച പുനലൂർ താലൂക്ക് ആശുപത്രിക്ക് സമീപമാണ് കുളത്തൂപ്പുഴ ഇ.എസ്.എം കോളനിയിൽ സിലോൺമുക്ക് പെരുമ്പള്ളി കുന്നേൽ വീട്ടിൽ ജോർജിനെ (89) മകൻ റോയിമോന് അര കിലോമീറ്ററോളം ചുമക്കേണ്ടി വന്നത്.
സംഭവത്തിൽ റൂറൽ എസ്.പിയുടെ വിശദീകരണമിങ്ങനെ: സംഭവത്തിൽ ദുരൂഹതയുള്ളതായാണ് പ്രാഥമിക നിഗമനം. രോഗിയുമായി വരുന്ന വാഹനങ്ങൾ പൊലീസ് തടയാറില്ല. ആട്ടോറിക്ഷയുമായെത്തിയ റോയിമോനെ പൊലീസ് തടഞ്ഞപ്പോൾ ആശുപത്രിയിൽ പോകുകയാണെന്ന് പറഞ്ഞു. രേഖകളില്ലാത്തതിനാൽ വാഹനം മാറ്റിയിടാൻ നിർദ്ദേശിച്ചു. ആശുപത്രിയിൽ നിന്ന് ഇയാൾ പിതാവിനെ മറ്റൊരു ആട്ടോയിൽ കയറ്റുന്ന വീഡിയോ ഉണ്ട്. പക്ഷേ ആ വാഹനം പൊലീസ് തടയുകയോ പരിശോധിക്കുകയോ ചെയ്തിട്ടില്ല. രോഗിക്ക് നടക്കാൻ പ്രശ്‌നമൊന്നുമില്ലെന്നാണ് ആശുപത്രി സൂപ്രണ്ട് പറഞ്ഞത്. പിന്നെയും റോയി പിതാവിനെ ചുമലിലേറ്റി നടന്നതിന് പിന്നിൽ ദുരൂഹതയുണ്ട്. ആശുപത്രിയിൽ നിന്ന് റോയിമോന്റെ പിതാവിനെ കയറ്റിയ ആട്ടോയുടെ നമ്പർ സി.സി ടിവിയിൽ അവ്യക്തമാണ്. അതുകൂടി കണ്ടെത്തിയാകും അന്തിമ റിപ്പോർട്ട് നൽകുക.
റോയിമോൻ പറയുന്നത്
അപ്പനെ ആശുപത്രിയിൽ നിന്ന് കൊണ്ടുവരാൻ പോകുന്നതിനിടെയാണ് പുനലൂർ തൂക്കുപാലത്തിന് സമീപം പൊലീസ് കൈകാണിച്ചത്. കാര്യങ്ങൾ പറഞ്ഞപ്പോൾ എ.എസ്.ഐ യാത്ര തുടരാൻ അനുവദിച്ചെങ്കിലും അപ്പോൾ അവിടെയെത്തിയ പുനലൂർ സി.ഐ ആട്ടോറിക്ഷ തടഞ്ഞശേഷം അസഭ്യം പറഞ്ഞു. സത്യവാങ്മൂലം പരിശോധിക്കാൻപോലും തയ്യാറായില്ല. ഞാൻ കരഞ്ഞ് പറഞ്ഞെങ്കിലും വിരട്ടുകയാണുണ്ടായത്.
തുടർന്ന് വാഹനം ഒതുക്കിയിട്ടിട്ട് ആശുപത്രിയിലേക്ക് ഓടി ഡോക്ടറെ കണ്ട് ഡിസ്ചാർജെഴുതി വാങ്ങി. ഈ പേപ്പറുമായി സി.ഐയുടെ അടുത്തെത്തി കാര്യം പറയാൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. പിന്നീട് ആശുപത്രിക്ക് സമീപമുള്ള ആട്ടോക്കാരനോട് വിവരം പറഞ്ഞപ്പോൾ പറ്റുന്ന ദൂരം എത്തിക്കാൻ തയ്യാറായി. മൃഗാശുപത്രിയുടെ അടുത്തെത്തിയപ്പോൾ പൊലീസ് വാഹനം പോകുന്നത് കണ്ട് ഇനി വരാൻ കഴിയില്ലെന്ന് ആ ഡ്രൈവർ പറഞ്ഞു. തുടർന്നാണ് ഞാൻ അപ്പനെ ചുമലിലേറ്റിയത്. അപ്പനെ എന്റെ ആട്ടോറിക്ഷയിലാക്കിയ ശേഷം വീണ്ടും സി.ഐയുടെ അടുത്ത് ചെന്നെങ്കിലും ആട്ടിയോടിക്കുകയായിരുന്നു. പിന്നീട് പൊലീസിന്റെ ശ്രദ്ധമാറിയപ്പോഴാണ് വാഹനവുമായി പോന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |