തിരുവനന്തപുരം: ഇളവുകൾ പ്രഖ്യാപിച്ചതിലെ ആശയക്കുഴപ്പവും നിരത്തിൽ വാഹനങ്ങളിറങ്ങിയപ്പോഴുണ്ടായ പൊലീസ് ഇടപെടലുമായപ്പോൾ സർക്കാരോഫീസുകളുടെ പ്രവർത്തനം ലോക്ക് ഡൗൺ ഇളവിന് ശേഷമുള്ള ആദ്യദിനത്തിൽ നിർജീവമായി. ഭരണസിരാകേന്ദ്രമായ സെക്രട്ടേറിയറ്റിൽ ലോക്ക് ഡൗൺ സമയത്തും വന്നുകൊണ്ടിരുന്ന അത്യാവശ്യം ജീവനക്കാർ മാത്രമാണ് ഹാജരായത്. തലസ്ഥാന നഗരത്തിലെ മറ്റ് പ്രധാന ഓഫീസുകളിലും ഹാജർനില കുറവായിരുന്നു. സംസ്ഥാനമൊട്ടാകെ 20 ശതമാനം പേർ മാത്രമാണ് ഓഫീസുകളിലെത്തിയതെന്നാണ് വിവരം. ജീവനക്കാരിൽ പലരും സ്വന്തം വാഹനങ്ങളിലും മറ്റുമായി ഓഫീസുകളിലേക്കിറങ്ങിയതോടെ നഗരത്തിലെ റോഡുകളിലും തിരക്ക് കൂടി. തലസ്ഥാന നഗരസഭാ പരിധി ഹോട്ട് സ്‌പോട്ടായതിനാൽ പൊലീസും ഇതോടെ നടപടി കടുപ്പിച്ചു. ജീവനക്കാരിൽ പലരും സെക്രട്ടേറിയറ്റിലേക്ക് കടക്കാനാവാതെ മടങ്ങിപ്പോയി. രാവിലെ സെക്രട്ടേറിയറ്റ് പരിസരത്ത് പൊലീസും ജീവനക്കാരും തമ്മിൽ വാക്കേറ്റവുമുണ്ടായി.
റോഡുകളിൽ തിരക്കേറിയത് ദൃശ്യമാദ്ധ്യമങ്ങളിലൂടെ വാർത്തയായപ്പോഴാണ് പൊലീസ് സടകുടഞ്ഞെണീറ്റ് നടപടി കടുപ്പിച്ചത്. തിങ്കൾ മുതൽ വെള്ളി വരെ നിയന്ത്രിത തോതിൽ സർക്കാർ ഓഫീസുകൾ പ്രവർത്തിക്കാമെന്നാണ് വെള്ളിയാഴ്ച രാത്രി ചീഫ് സെക്രട്ടറി ഇറക്കിയ ഉത്തരവിൽ പറയുന്നത്. അതേസമയം, ലോക്ക് ഡൗൺ മേയ് 3 വരെ നീട്ടിക്കൊണ്ട് കേന്ദ്ര സർക്കാർ ഇറക്കിയ ഉത്തരവിൽ സർക്കാർ ഓഫീസുകൾ അന്നുവരെ അടഞ്ഞു കിടക്കുമെന്നാണ് പറയുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |