തിരുവനന്തപുരം: സ്‌പ്രിൻക്ലർ കരാറുമായി ബന്ധപ്പെട്ട ആരോപണങ്ങൾക്ക് മറുപടി പറയാനല്ല തനിക്കിപ്പോൾ നേരമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. വൈറസിനെ എങ്ങനെയെല്ലാം ഒതുക്കാമെന്ന് ശ്രദ്ധിക്കുന്നതാവും നല്ലത്. ആ കാര്യത്തിലുള്ള പ്രവർത്തനങ്ങൾ പൊതുവെ നാടും ലോകവും അംഗീകരിക്കുന്നുണ്ട്. അതുമായി നമുക്ക് മുന്നോട്ട് പോകാം- മുഖ്യമന്ത്രി പറഞ്ഞു.
പോളിറ്റ് ബ്യൂറോയ്ക്ക് മുഖ്യമന്ത്രി നൽകിയ വിശദീകരണം തള്ളിയോ എന്ന ചോദ്യത്തിന്, പല നുണവാർത്തകളും നിങ്ങളിൽ ചിലർ മെനയുന്നുണ്ടെന്നും നിങ്ങളുടെ കൂട്ടത്തിൽ ചിലർ പണ്ടേ അതിൽ മിടുക്കരാണെന്നുമായിരുന്നു മറുപടി.
''എനിക്കിപ്പോൾ ഓർമ്മ വരുന്നത് ഇതേ നഗരത്തിൽ ഒരു കേന്ദ്രത്തിലിരുന്ന് ഒരു കാലത്ത് തയ്യാറാക്കിയ വാർത്തയുണ്ട്. അന്ന് ഞാൻ ഈ കസേരയിലല്ല. സേവ്... (സേവ് സി.പി.എം ഫോറത്തെ ഓർമ്മിപ്പിച്ച്) എന്ന പേരിൽ തുടങ്ങിയ കാര്യമില്ലേ. ബാക്കി ഞാനിപ്പോൾ പറയുന്നില്ല. അന്ന് നാലോ അഞ്ചോ പേർ കൂടിയിരുന്നാണ് തയ്യാറാക്കിയത്. എന്നിട്ട് അതിന്റെ മേലെ എന്തെല്ലാം വിവാദങ്ങളുണ്ടായി. എന്തെല്ലാം കാര്യങ്ങളുയർത്താൻ നോക്കി. കുറേനാൾ കഴിഞ്ഞപ്പോൾ അതിലൊരാൾ തന്നെ പറഞ്ഞില്ലേ, അതെല്ലാം അയാളുണ്ടാക്കിയതാണെന്ന്. ഇതൊക്കെ ചരിത്രത്തിന്റെ ഭാഗമാണ് കേട്ടോ. ആ ചരിത്രം നമുക്കെല്ലാം അറിയാവുന്നതാണ്. ഇതെല്ലാം കണ്ടും നേരിട്ടും കടന്നാണ് ഞാനിവിടെ വന്നിരിക്കുന്നത്. നിങ്ങളുടെ പുതിയ രീതികൾ കണ്ടിട്ട് വല്ലാതെ വേവലാതിപ്പെടുന്ന ആളായി എന്നെ കാണണ്ട.''മുഖ്യമന്ത്രി പറഞ്ഞു.
ചോദ്യം: അങ്ങനെ അവഗണിക്കാനാകുന്നതാണോ വിവാദം?
- അതിനല്ല എനിക്കിപ്പോൾ നേരം. മറ്റ് കാര്യങ്ങളിലാണ് ശ്രദ്ധിക്കുന്നത്.
അങ്ങയുടെ കുടുംബാംഗങ്ങളെ പി.ടി. തോമസ് ആരോപണങ്ങളിലേക്ക് വലിച്ചിഴച്ചു?
-അതിലൊന്നും ഞാനിപ്പോൾ പ്രതികരിക്കാനില്ല.
മകളുടെ കമ്പനിയുടെ വെബ്സൈറ്റ് കാണാനില്ല, പിന്നെ തിരിച്ചുവന്നു തുടങ്ങിയ ഗുരുതര ആരോപണങ്ങളാണ് പ്രതിപക്ഷം ഉന്നയിക്കുന്നത്?
- ഓ, ഭയങ്കര ഗുരുതരമല്ലേ. ഇതെല്ലാം എല്ലാവർക്കും മനസിലാകും, അതൊന്നും വലിയ ആനക്കാര്യമാണെന്ന മട്ടിൽ അവതരിപ്പിക്കാൻ നോക്കേണ്ട. എനിക്ക് വേറെ ജോലിയുണ്ട്.
സേവ് സി.പി.എം ഫോറത്തെപ്പറ്റി പറഞ്ഞത് ഇപ്പോഴത്തെ ആരോപണങ്ങൾക്കും ആ സ്വഭാവമുണ്ടെന്ന് കരുതിയാണോ?
- അന്ന് ചിലർ കൂടി തയ്യാറാക്കിയത് നുണക്കഥയായിരുന്നു. ആ നുണക്കഥ തയ്യാറാക്കിയ നിങ്ങളിൽ ചിലരെ ഞാൻ വിളിച്ച പേര് നിങ്ങൾ മറന്നുപോയിട്ടുണ്ടാവില്ല. അതിന്റെ ചില അംശങ്ങൾ ഇപ്പോഴും കാണാനാകും. ഇപ്പോൾ നിങ്ങൾ മാത്രമാകില്ല, മറ്റ് ചിലരും കൂടിയുണ്ടാകുമെന്ന പ്രത്യേകതയുണ്ട്.
ആരോപണങ്ങളുയരുമ്പോൾ നിജസ്ഥിതി പറയുകയല്ലേ നല്ലത്?
- ശുദ്ധനുണ ഒരു കൂട്ടർ പറയുമ്പോൾ ഞാനെന്ത് നിജസ്ഥിതി പറയാനാണ്?
സ്‌പ്രിൻക്ലറിന് മരുന്ന് കമ്പനിയുമായുള്ള ബന്ധം?
- തെളിവ് വരട്ടെ. നിങ്ങളെന്തിനാ വേവലാതിപ്പെടുന്നത്. നിങ്ങൾക്ക് കൊണ്ടുവരാവുന്ന വഴിയെല്ലാം നോക്കിക്കോളൂ. ആർക്കാണതിന് തടസം? ആരോപണങ്ങൾ കൊണ്ടുവരുന്നതിന് ഞാൻ തടസമല്ല. മാദ്ധ്യമങ്ങൾ ശരിയായി ചിന്തിക്കണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |