തൃശൂർ: ലോക്ക് ഡൗൺ നിദ്ദേശങ്ങളിൽ ഇളവുവരുത്തിയതോടെ വാഹനങ്ങളുമായി നിരത്തിലിറങ്ങിയവരെ നിയന്ത്രിക്കാൻ കഴിയാതെ പൊലീസ്
നട്ടം തിരിഞ്ഞു. നഗരങ്ങളെ അപേക്ഷിച്ച് വാഹനങ്ങളും ജനങ്ങളും കൂടുതലായി റോഡിലിറങ്ങിയത് ഗ്രാമങ്ങളിലായിരുന്നു. ഒറ്റ അക്ക നമ്പർ വാഹനങ്ങൾക്കാണ് നിരത്തിലിറങ്ങാൻ അനുമതി നൽകിയതെങ്കിലും ഇരട്ട അക്ക നമ്പറുകാരും റോഡ് കൈയ്യടക്കിയതോടെ പൊലീസ് ശക്തമായി ഇടപെടുകയും കേസെടുക്കുകയും ചെയ്തു.
ഇളവുകളും നിയന്ത്രണങ്ങളും സംബന്ധിച്ച ഉത്തരവിലെ അവ്യക്തത ജനങ്ങൾക്കുണ്ടായിരുന്നു. അതുകൊണ്ടു തന്നെ അനാവശ്യയാത്രക്കാരും റോഡുകളിലിറങ്ങി. ഗ്രാമങ്ങളിൽ ഹോട്ടലുകൾ, ബാർബർ ഷോപ്പുകൾ, വർക്ക്‌ഷോപ്പുകൾ എന്നിവ തുറന്നു പ്രവർത്തിച്ചു. പൊതുഗതാഗതത്തിന് അനുമതിയില്ലാതിരുന്നിട്ടും ചിലയിടങ്ങളിൽ ഓട്ടോറിക്ഷകൾ സ്റ്റാൻഡുകളിലെത്തി. പൊലീസ് ഇവരെ താക്കീത് ചെയ്ത് വിട്ടയച്ചു.
ഇളവുകൾ ലഭിച്ച കച്ചവടസ്ഥാപനങ്ങൾക്കൊപ്പം തുറന്നുപ്രവർത്തിച്ച മറ്റു കടകളെ അടപ്പിച്ചു.
അതേസമയം, ദേശീയപാത പാലിയേക്കരയിൽ ഞായറാഴ്ച അർദ്ധരാത്രി ടോൾ പിരിവ് പുനരാരംഭിച്ചെങ്കിലും രാവിലെ 9.30 ഓടെ യൂത്ത് കോൺഗ്രസ് പ്രവർത്തകരെത്തി തടഞ്ഞു. പ്രതിഷേധകരെ പുതുക്കാട് പൊലീസ് അറസ്റ്റ് ചെയ്തു. ഇതോടെ പിരിവ് നിറുത്തിവച്ചെങ്കിലും 11.45ന് വീണ്ടും ആരംഭിച്ചു. തുടർന്ന് എ.ഐ.വൈ.എഫ് പ്രവർത്തകർ തടസപ്പെടുത്താൻ ശ്രമിച്ചെങ്കിലും ടോൾ പിരിവ് തുടർന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |