ന്യൂഡൽഹി: കൊവിഡ് 19 വ്യാപനം നിയന്ത്രണത്തിലാകും വരെ രാജ്യത്ത് ആഭ്യന്തര, അന്താരാഷ്ട്ര വിമാന സർവീസുകൾക്കുള്ള വിലക്ക് തുടരുമെന്ന് കേന്ദ്ര സിവിൽ വ്യോമയാന മന്ത്രി ഹർദ്ദീപ് സിംഗ് പുരി ട്വിറ്ററിലൂടെ അറിയിച്ചു. ഇനിയൊരു അറിയിപ്പുണ്ടാകുംവരെ ടിക്കറ്റ് ബുക്കിംഗ് നിറുത്തിവയ്ക്കണമെന്ന് വിമാന കമ്പനികൾക്ക് നിർദ്ദേശം നൽകിയതായും അദ്ദേഹം ട്വീറ്റ് ചെയ്തു. മന്ത്രാലായത്തിന്റെ ഉത്തരവ് ലംഘിച്ച് ചില വിമാന കമ്പനികൾ ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. യാത്രക്കാരിൽ നിന്ന് പണം ഈടാക്കുന്നത് നിറുത്തിവയ്ക്കണമെന്നും അല്ലെങ്കിൽ തക്കതായ നടപടി നേരിടേണ്ടിവരുമെന്നും അദ്ദേഹം വ്യക്തമാക്കി.
സർക്കാരിന്റെ കീഴിലുള്ള എയർ ഇന്ത്യ താത്കാലികമായി ടിക്കറ്റ് ബുക്കിംഗ് നിറുത്തിവച്ചതായി സിവിൽ വ്യോമയാന ഡയറക്ടർ ജനറൽ (ഡി.ജി.സി.എ) അറിയിച്ചു. ലോക്ക്‌ഡൗൺ നിലവിൽ വന്ന അന്നുമുതൽ രാജ്യത്ത് വിമാന സർവീസുകൾ നിറുത്തിവച്ചിരിക്കുകയാണ്. സിവിൽ വ്യോമയാന ഡയറക്ടർ ജനറലിന്റെ അനുമതിയോടെ മരുന്നും മറ്റ് അവശ്യസാധനങ്ങളും വിവിധയിടങ്ങളിൽ എത്തിക്കുന്നതിനായി സ്‌പെഷ്യൽ, കാർഗോ വിമാനങ്ങൾ മാത്രമാണ് സർവീസ് നടത്തുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |