തിരുവനന്തപുരം: കേന്ദ്ര നിർദ്ദേശം മാനിച്ച് ലോക്ക് ഡൗൺ ഇളവുകളിൽ തിരുത്ത് വരുത്തുമെന്ന സംസ്ഥാന ചീഫ് സെക്രട്ടറിയുടെ പ്രഖ്യാപനത്തെ സ്വാഗതം ചെയ്യുന്നതായി കേന്ദ്ര വിദേശകാര്യസഹമന്ത്രി വി.മുരളീധരൻ പറഞ്ഞു.
ബാർബർ ഷോപ്പുകൾ തുറക്കൽ, റസ്റ്റോറൻ്റിൽ ഇരുന്ന് ഭക്ഷണം കഴിയ്ക്കൽ എന്നീ ഇളവുകൾ പിൻവലിക്കുമെന്നാണ് അറിഞ്ഞത്. സാമൂഹിക അകലം എത്രത്തോളം പാലിക്കുന്നോ,അത്രത്തോളം സുരക്ഷിതരാവുകയാണ് ജനങ്ങൾ. ഇളവുകൾ ദുരുപയോഗം ചെയ്യുന്നത് സമൂഹത്തെ ഒന്നാകെ അപകടത്തിൽപ്പെടുത്തുമെന്നും അദ്ദേഹം ഫെയ്സ് ബുക്ക് കുറിപ്പിൽ പറഞ്ഞു.അവസരോചിത ഇടപെടലുകളാണ് സംസ്ഥാന സർക്കാരുകൾ നടത്തേണ്ടത്. തെറ്റു തിരുത്താൻ തയ്യാറായതിൽ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കേരളം കൂടുതൽ മേഖലകളിൽ ആദ്യം ഇളവ് നൽകിയതിനെ മുരളീധരൻ നേരത്തേ വിമർശിച്ചിരുന്നു. ഇക്കാര്യത്തിൽ മുഖ്യമന്ത്രി ഇടപെടണമെന്നും അദ്ദേഹം അവശ്യപ്പെട്ടിരുന്നു. കേന്ദ്ര മാർഗ്ഗ നിർദ്ദേശങ്ങൾക്ക് വിരുദ്ധമായി ഉത്തരവിറക്കിയതിൽ വിശദീകരണം തേടി കേന്ദ്ര ആഭ്യന്തര സെക്രട്ടറി സംസ്ഥാന ചീഫ് സെക്രട്ടറിക്ക് അയച്ച കത്തും ചൂണ്ടിക്കാട്ടിയായിരുന്നു മുരളീധരന്റെ വിമർശനം. 7 ജില്ലകളിൽ ഇളവുകൾ പ്രാബല്യത്തിൽ വന്നതോടെ ആളുകൾ കൂട്ടമായി പുറത്തിറങ്ങി. തിരുവനന്തപുരം നഗരാതിർത്തികളിൽ നിയന്ത്രണം പാളി.കേരളം വളരെ മികച്ച രീതിയിൽ കൊവിഡ് പ്രതിരോധം നടത്തിയെന്ന ആത്മവിശ്വാസം അഹങ്കാരത്തിന് വഴി മാറരുതെന്നും മുരളീധരൻ പറഞ്ഞിരുന്നു.
.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |