നിത്യ കൗതുകഗാനമായി ഭഗവദ്‌ഗീത
സി. രാധാകൃഷ്ണൻ
എന്നെ ഏറ്റവും സ്വാധീനിച്ച പുസ്തകം ഭഗവദ്‌ഗീതയാണ്. നമ്മുടെ നാട്ടിലെ പഴയ അറിവുകളുടെ ക്രോഡീകരണം അതിലുണ്ട്. കൗമാരപ്രായം കഴിഞ്ഞ് യുവത്വത്തിലേക്ക് കടക്കുന്ന ഘട്ടത്തിൽ എന്നെക്കുറിച്ചും ലോകത്തെക്കുറിച്ചും എനിക്കുണ്ടായിരുന്ന സംശയങ്ങൾക്ക് ആ കൃതി നിവാരണമായി. മുത്തച്‌ഛൻ കുറച്ചൊക്കെ സഹായിച്ചിരുന്നു. എനിക്ക് പതിനൊന്നു വയസുള്ളപ്പോൾ അദ്ദേഹം മരിച്ചു. മരിക്കുന്നതിന് കുറച്ചുമുമ്പ് ഭഗവദ്ഗീതയുടെ പണ്ഡിറ്റ് ഗോപാലൻനായരുടെ വ്യാഖ്യാനം എന്നെ ഏല്പിച്ച് ബാക്കിയെല്ലാം ഇതിലുണ്ടെന്ന് പറഞ്ഞു.
സയൻസ് പഠിച്ചിട്ടും തീരാത്ത ആശങ്കകളും സംശയങ്ങളും ഭഗവദ്‌ഗീതയാണ് പരിഹരിച്ചു തന്നത്. പിൽക്കാലത്ത് എനിക്കാവുന്ന വിധത്തിൽ അതിനെ വ്യാഖ്യാനിക്കാനും ശ്രമിച്ചതോടെ അതെന്റെ ജീവിതത്തിന്റെ ഭാഗമായി. ഇന്നും അതിലെ ഒരു അദ്ധ്യായമെങ്കിലും ദിവസവും ഞാൻ വായിക്കാറുണ്ട്. ഓരോതവണ വായിക്കുമ്പോഴും പുതിയ വെളിപാടുകൾ കിട്ടുന്നു.
പ്രചോദനമായി ബെട്രാൻഡ് റസൽ:
പ്രൊഫ. എം.കെ. സാനു
ബ്രിട്ടീഷ് തത്വചിന്തകനായ ബെട്രാൻഡ് റസലിന്റെ ആത്മകഥ (ഓട്ടോബയോഗ്രഫി ബെട്രാൻഡ് റസൽ) എന്നെ ഒരുപാട് സ്വാധീനിച്ച കൃതിയാണ്. ജീവിക്കാൻ പ്രേരിപ്പിക്കുന്ന മൂന്ന് ഘടകങ്ങളെക്കുറിച്ച് അദ്ദേഹം ആത്മകഥയിൽ വിശദീകരിക്കുന്നു. സ്നേഹത്തിനു വേണ്ടിയുള്ള വെമ്പൽ, വിജ്ഞാനത്തിന് വേണ്ടിയുള്ള ദാഹം, മനുഷ്യരാശി അനുഭവിക്കുന്ന സീമാതീതമായ വേദനയുടെ നേർക്ക് തോന്നിയ അനുതാപം. വിവിധ ജീവിതമേഖലകളിലേക്ക് നയിച്ചതും കർമ്മനിരതനാക്കിയതും ഇക്കാര്യങ്ങളാണെന്ന് റസൽ പറയുന്നു. അടുത്തകാലത്ത് വായിച്ചതിൽ ഏറ്റവും ശ്രദ്ധേയമായി തോന്നിയത് പ്രൊഫ.ടി.ജെ. ജോസഫിന്റെ 'അറ്റുപോകാത്ത ഓർമ്മകൾ' എന്ന ആത്മകഥയാണ്. മുസ്ളീം തീവ്രവാദികളുടെ ആക്രമണത്തിൽ കൈപ്പത്തി നഷ്‌ടപ്പെട്ട അദ്ദേഹം തന്റെ അനുഭവങ്ങൾ അതിമനോഹരമായി സംയമനത്തോടെ വികാരഭദ്രമായി അവതരിപ്പിക്കുന്നു. തീവ്രവാദത്തിന്റെ ഭീകരത മാത്രമല്ല, സംഘടിതമതങ്ങളുടെ മനുഷ്യത്വമില്ലായ്മയും വോട്ടുബാങ്കുകൾക്ക് വേണ്ടി പരിശ്രമിക്കുന്ന രാഷ്‌ട്രീയകക്ഷികളുടെ ദയാശൂന്യതയും വരികൾക്കിടയിലൂടെ ഹൃദയാവർജകമായി ആവിഷ്കരിച്ചിരിക്കുന്നു.
ആദ്ധ്യാത്മികമായ അനുഭവം പകർന്ന് ചെമ്മീൻ
പി.വത്സല
എനിക്കിഷ്ടം തകഴിയുടെ ചെമ്മീനാണ്.ഇത് ഒരു ഉത്തമ കൃതിയാണ്.ലോകം കണ്ട മികച്ച നോവൽ ഗ്രന്ഥങ്ങളിലൊന്ന്. ഒാർമ്മയിൽ സൂക്ഷിക്കാവുന്ന ഒരു അക്ഷര ഭണ്ഡാരം. ക്ളാസിക്കൽ സംസ്കാരത്തിന് അതീതം.കാലാതിവർത്തി എന്ന മാനം നൽകാവുന്ന ഒരു സാഹിത്യ ഗ്രന്ഥമെന്ന് നമുക്ക് അതിനെ അതീവ ലളിതമായി വ്യാഖ്യാനിക്കാം.അതിന്റെ പിറകിൽ ആദ്ധ്യാത്മികമായ അനുഭവ ലോകം, അക്ഷരങ്ങളിൽ വിടർന്ന് കിടക്കുന്നു.എത്രയോ വർഷമായി ഞാനത് വായിച്ചിട്ട്. ഇപ്പോഴും അത് മനസിലുണ്ട്. ആദ്യം വായിച്ചത് സ്കൂൾ കാലത്താണ്. ഇന്നും അതിന് നക്ഷത്രശോഭയുണ്ട്.
മഹാഭാരതം
നിരവധി പുസ്തകങ്ങൾ വായിച്ചിട്ടുണ്ടെങ്കിലും എക്കാലത്തേയും എന്റെ പ്രിയപ്പെട്ട പുസ്തകം വേദവ്യാസന്റെ മഹാഭാരതമാണ്.നൂറ്റാണ്ടുകൾക്കുമുമ്പ് രചിക്കപ്പെട്ടതാണെങ്കിലും ഇന്നും പ്രസക്തമാണ് മഹാഭാരതത്തിന്റെ ഇതിവൃത്തം .തീരുമാനങ്ങൾ കൈക്കൊള്ളുന്നതിൽ അനുഭവിക്കേണ്ടിവരുന്ന പ്രതിസന്ധികൾ വിവിധ കഥാപാത്രങ്ങളിലൂടെ അതിൽ പ്രതിഫലിക്കുന്നു.അതോടൊപ്പം സദുദ്ദേശത്തോടെ എടുക്കുന്ന തീരുമാനങ്ങളുടെ ഫലം നമ്മുടെ നിയന്ത്രണത്തിലോ നമ്മൾ ആഗ്രഹിച്ചതുപോലെയോ ആകണമെന്ന് ഇല്ലെന്നും പഠിപ്പിക്കുന്നു.ഒരാൾക്ക് ശരിയെന്ന് തോന്നുന്നത് മറ്റൊരാൾക്ക് ശരിയാകണമെന്നുമില്ല.അവനവന്റെ പ്രവൃത്തിയുടെ ഫലം നിയന്ത്രിക്കാൻ പറ്റാത്ത മനുഷ്യന്റെ കഴിവുകേടും മഹാഭാരതം മുന്നോട്ടുവയ്ക്കുന്നു.ശക്തരും ആദർശവതികളുമായ സ്ത്രീകളുടെ കഥകൂടിയാണിത്.
( ഇൻഫോസിസ് സ്ഥാപകാംഗങ്ങളിൽ ഒരാളാണ് ലേഖകൻ)
മാർക്ക് ഹാദന്റെ മിസ്റ്ററി നോവൽ
സന്തോഷ് ശിവൻ
ബ്രിട്ടീഷ് എഴുത്തുകാരനായ മാർക്ക് ഹാദൻ എഴുതിയ 'ദ ക്യൂരിയസ് ഇൻസിഡന്റ് ഒഫ് ദ ഡോഗ് ഇൻ ദ നൈറ്റ് ടൈം" എന്ന മിസ്റ്ററി നോവൽ വ്യത്യസ്തമായ അവതരണരീതിയും നിരീക്ഷണങ്ങളുമായി വേറിട്ട രചനയാണ്.ജിജ്ഞാസയുണർത്തുന്ന രീതിയിൽ ആകർഷകമായി പറഞ്ഞിട്ടുണ്ട്.കൗതുകത്തോടെ വായിക്കാനാകും36 ഭാഷകളിലേക്ക് പരിഭാഷപ്പെടുത്തിയിട്ടുള്ള ഈ നോവൽ ക്രിസ്റ്റഫർ ജോൺ ഫ്രാൻസിസ് ബൂൺ എന്ന ഓട്ടിസം ബാധിതനായ പതിനഞ്ചുകാരന്റെ കഥയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |