നീളൻ മുടിയും കുസൃതി നിറഞ്ഞ വർത്തമാനവുമായി മലയാളി പ്രേക്ഷകരുടെ ഹൃദയം സ്വന്തമാക്കിയ കക്ഷിയാണ് മാൻവി സുരേന്ദ്രൻ. കലോത്സവ വേദികളിൽ തിളങ്ങിയിരുന്ന, അഭിനയം മനസിൽ കൊണ്ടു നടന്നിരുന്ന ശ്രുതി എന്ന കോട്ടയംകാരി പെൺകുട്ടി മാൻവിയായതിന് പിന്നിലൊരു കഥയുണ്ട്. സ്വപ്നം കണ്ടതൊക്കെയും കൈയെത്തി പിടിക്കാൻ കഴിഞ്ഞതിന്റെ സന്തോഷം ആ മുഖത്ത് കാണാം. ഇന്നിപ്പോൾ അഭിനയത്തോളം തന്നെ സന്തോഷിപ്പിക്കുന്നതൊന്നുമില്ലെന്നും മാൻവി പറയുന്നു.
അപ്രതീക്ഷിതമായി വന്ന ലോക് ഡൗണിൽ ശരിക്കും ലോക്കായി പോയതിന്റെ ചെറിയൊരു നീരസവും പങ്കു വച്ചു. എന്നാലും ഈ ഒഴിവ് കാലം ആനന്ദകരമാക്കാൻ തന്നെയാണ് മാൻവിയുടെ തീരുമാനം. പുറത്തിറങ്ങാനോ സിനിമ കാണാനോ സുഹൃത്തുക്കൾക്കൊപ്പം കറങ്ങി നടക്കാനോ ഒന്നും പറ്റാത്തതിന്റെ വിഷമത്തിലാണ്. നൃത്തവും പാട്ടും ചിത്രരചനയും ഒക്കെ തന്നെയാണ് കൂടെയുള്ളത്. മോഹിനിയാട്ടം ചെറുപ്പം മുതലേ പഠിക്കുന്നുണ്ട്, ഈ സമയം നന്നായി പ്രാക്ടീസ് ചെയ്യാൻ ഉപയോഗിക്കുന്നുണ്ട്.
ചെറുപ്പത്തിൽ പടം വരയ്ക്കുമായിരുന്നു, പിന്നീട് അതിന്റെ പിന്നാലെ പോയില്ല. ഈ ലോക്ക് ഡൗൺ കാലത്ത് പൊടി തട്ടിയെടുത്തിരിക്കുകയാണ് ചിത്രം വര. പിന്നെ അത്യാവശ്യം പാചകപരീക്ഷണങ്ങളും ഉറക്കവും സിനിമ കാണലുമൊക്കെയായി സമയം നീക്കുന്നുണ്ട്. ഫ്രണ്ട്‌സിനെയാണ് നന്നായി മിസ് ചെയ്യുന്നത്.''
അർച്ചനയാണ് കൈയടി നേടിത്തന്നത്
ഈ ലോക്ക് ഡൗൺ കാലത്തിരുന്ന് എന്റെ സീരിയലുകളുടെ തന്നെ പഴയ എപ്പിസോഡുകൾ യൂട്യൂബിൽ കാണാറുണ്ട്. ചിലതൊക്കെ കാണുമ്പോൾ എനിക്ക് തന്നെ ചിരി വരും. ഭാഗ്യജാതകം എന്ന സീരിയൽ ഇപ്പോഴാണ് കഴിഞ്ഞത്. സ്റ്റാർ മാജിക്കാണ് മറ്റൊരു തട്ടകം. അഭിനയമാണോ കോമഡിഷോയാണോ കൂടുതൽ സന്തോഷിപ്പിക്കുന്നതെന്ന് ചോദിച്ചാൽ ഒരു പൊടിക്ക് ഇഷ്ടക്കൂടുതൽ സ്റ്റാർ മാജിക്കിനോടാണ്. അവിടെ എല്ലാവരും കളിയും ചിരിയുമൊക്കെയായി നല്ല രസമാണ്.
ഏഷ്യാനെറ്റിൽ ചിന്താവിഷ്ടയായ സീതയിലായിരുന്നു തുടക്കം. കുറച്ച് എപ്പിസോഡുകൾ ചെയ്തു കഴിഞ്ഞപ്പോൾ ഫ്‌ളവേഴ്‌സിൽ സീത എന്ന പേരിൽ തുടങ്ങി. അതിലെ അർച്ചന ഒത്തിരി അഭിനന്ദനങ്ങൾ നേടി തന്നു. ഇപ്പോഴും എല്ലാവരും ആ വേഷത്തെ കുറിച്ച് സംസാരിക്കാറുണ്ട്. പൊതുവേ വീട്ടമ്മമാരാണ് സീരിയലുകൾ അധികം കാണാറുള്ളത്, പക്ഷേ സീതയുടെ പ്രേക്ഷകർ ചെറിയ കുട്ടികളും യുവാക്കളും പ്രായമായവരുമൊക്കെയായി എല്ലാതരം ആൾക്കാരുമുണ്ടായിരുന്നു.
ശ്രുതിയും മാൻവിയും ഞാൻ തന്നെ
എന്റെ പേര് പലർക്കും കൺഫ്യൂഷൻ ആകാറുണ്ട്. ചിലർ മാൻവി എന്ന് വിളിക്കും, ചിലർക്ക് ശ്രുതിയാണ്. ഏതു പേരു വിളിച്ചാലും ഞാൻ ഹാപ്പിയാണ്. ശ്രുതി സുരേന്ദ്രൻ എന്നാണ് ശരിക്കുള്ള പേര്. സീതയിൽ എത്തിയ സമയത്താണ് പേര് മാറ്റുന്നത്. സിനിമയിലായാലും സീരിയലിലായാലും ശ്രുതി എന്ന പേര് വളരെ കോമൺ ആണ്. അങ്ങനെയാണ് പേര് മാറ്റാമെന്ന് തീരുമാനിക്കുന്നത്.
മാൻവി എന്ന പേര് നോർത്തിന്ത്യൻ പേരായതു കൊണ്ടും അധികമാർക്കും ഇല്ലാത്തതു കൊണ്ടും എനിക്ക് ഇഷ്ടപ്പെട്ടു. ഞാൻ തന്നെ സെലക്ട് ചെയ്ത പേരാണ്, പിന്നെ ന്യൂമറോളജിയും നോക്കിയിട്ടുണ്ട്. എന്തായാലും ആ പേര് വന്നതിന് ശേഷം ജീവിതം മാറിയെന്ന് പറയാം. സീതയാണ് എല്ലാ ഭാഗ്യവും കൊണ്ടു തന്നത്. ഇപ്പോഴും മിസ് ചെയ്യാറുണ്ട് ആ ടീമിനെ. അഭിനയത്തെ കുറിച്ച് കൂടുതൽ പഠിക്കുന്നത് ആ സമയത്താണ്. സ്വാസിക ചേച്ചിയാണ് എന്റെ ബെസ്റ്റ് ഫ്രണ്ട്.
സീത, മറക്കാനാകാത്തഅനുഭവം
സീതയിലേക്ക് വിളിക്കുമ്പോൾ ആദ്യം നെഗറ്റീവ് വേഷമായിരുന്നു. അവസാനമായപ്പോഴേക്കും നെഗറ്റീവിൽ നിന്നും കോമഡി ട്രാക്കിലേക്ക് മാറി. അത് വലിയൊരു എക്‌സ്പീരിയൻസായിരുന്നു. സെറ്റിലെത്തിയപ്പോഴാണ് എന്റെ വേഷം അതാണെന്ന് പോലും അറിയുന്നത്. എന്നോട് പറഞ്ഞിരുന്നത് നെഗറ്റീവ് വേഷം ചെയ്യുന്ന ആളിന്റെ അനിയത്തിയാണെന്നായിരുന്നു. പിന്നീട് അതെങ്ങനെയോ മാറി മറിഞ്ഞു. അവിടം മുതലേ എന്റെ കഥാപാത്രത്തിൽ ട്വിസ്റ്റുകളാണ്.
ആദ്യമൊക്കെ നെഗറ്റീവ് വേഷം ചെയ്താൽ ശരിയാകുമോയെന്ന് സംശയം തോന്നിയിരുന്നു. പിന്നെ ആ ടീം തന്ന ധൈര്യത്തിലാണ് ചെയ്തു തുടങ്ങിയത്, അപ്പോഴും എനിക്ക് സംശയമായിരുന്നു ഇത് ശരിയാകുന്നുണ്ടോയെന്ന കാര്യത്തിൽ. പതിയെ പതിയെ കോൺഫിഡൻസ് വന്നു. കോളേജിൽ ചെല്ലുമ്പോൾ തന്നെ എനിക്ക് അതിന്റെ ഫീഡ്ബാക്ക് കിട്ടി തുടങ്ങി. അപ്പോഴാണ് ആശ്വാസമായത്. അത് ശരിയായി വന്നപ്പോഴാണ് എന്റെ കഥാപാത്രത്തെ കോമഡി ട്രാക്കിലേക്ക് മാറ്റുന്നത്. അത് ശരിക്കും ചലഞ്ചിംഗായിരുന്നു. കോമഡി ചെയ്യാനൊന്നും പറ്റുമെന്ന് ഞാൻ കരുതിയതല്ല. നമ്മുടെ ഡയലോഗും അവതരണവും കേട്ട് മറ്റുള്ളവർ ചിരിച്ചാൽ മാത്രമേ ആ കഥാപാത്രം സക്‌സസ് ആകൂ. അതുകൊണ്ട് തന്നെ എന്നെ കൊണ്ട് പറ്റില്ലെന്ന് കരുതി.
കോമഡി ചെയ്ത് വലിയ എക്‌സ്പീരിയൻസൊന്നുമുള്ള ആളല്ല ഞാൻ. ആകെ എന്റെ തമാശ കേട്ട് ചിരിക്കുന്നത് കോളേജ് ഫ്രണ്ട്‌സാണ്. ആ ഞാൻ എങ്ങനെയാണ് പ്രേക്ഷകരെ ചിരിപ്പിക്കുക എന്ന കാര്യത്തിൽ എനിക്ക് പോലും വിശ്വാസമില്ലായിരുന്നു. പക്ഷേ സീത ടീം തന്ന സപ്പോർട്ടിൽ ഞാനത് ചെയ്തു, പ്രേക്ഷകർക്ക് ഇഷ്ടമാവുകയും ചെയ്തു. പിന്നീട് ഞങ്ങളെല്ലാവരും ഒരു ലൈവ് എപ്പിസോഡിന്റെ ഭാഗമായി എന്നതാണ് മറ്റൊരു കാര്യം. സീരിയലിന്റെ ചരിത്രത്തിൽ പോലും അത് ആദ്യമായിട്ടായിരിക്കും. അങ്ങനെ ഒരുപാട് നല്ല അനുഭവങ്ങൾ സീത സീരിയലുമായി ബന്ധപ്പെട്ടുണ്ട്.
ചിരിയും കളിയും നിറഞ്ഞ വേദി
ഫൺ ഫില്ലിംഗാണ് ടമാർ പടാറും സ്റ്റാർ മാജിക്കുമൊക്കെ. നന്നായി റിലാക്‌സ്ഡാകും. വെളുപ്പിന് മൂന്നു മണി, നാല് മണി വരെ ഷൂട്ടുണ്ടാകും. എല്ലാരും ഉറങ്ങുന്ന സമയത്താകും നമ്മൾ അവിടെ ഗെയിമിൽ ഏർപ്പെട്ടിരിക്കുന്നത്. താരജാഡയോ മത്സരങ്ങളോ ഒന്നുമില്ല. നമ്മളെ പോലത്തെ സ്വഭാവമുള്ള കുറേ ആൾക്കാരാണ്. സമയം പോകുന്നതൊന്നും അറിയില്ല. വളരെ ജെനുവിൻ ആയിട്ടാണ് ഓരോരുത്തരും പെരുമാറുന്നത്, നമ്മൾ എന്താണെന്ന് തുറന്നു കാണിക്കാൻ പറ്റിയ വേദിയാണ്. പരസ്പരം വളരെ സപ്പോർട്ടീവാണ്, അതുമാത്രവുമല്ല, ബോണ്ടിംഗും വളരെ വലുതാണ്.
സ്‌കൂളിൽ പഠിക്കുന്ന സമയം മുതലേ കലയോട് താത്പര്യമുണ്ട്, കാമറയ്ക്ക് മുന്നിൽ എങ്ങനെയും എത്തണമെന്നത് അന്നു മുതൽക്കേയുള്ള ആഗ്രഹമായിരുന്നു, പക്ഷേ ഈ ഫീൽഡുമായി ഒരു ബന്ധവുമില്ല. എങ്ങനെയെത്തുമെന്ന കാര്യത്തിൽ ഒരു പിടിയുമുണ്ടായിരുന്നില്ല. പക്ഷേ നല്ലതുപോലെ സ്വപ്നം കണ്ടു. അതുപോലെ മറ്റൊരു ആഗ്രഹം പത്രത്തിൽ എങ്ങനെയെങ്കിലും ഫോട്ടോ അച്ചടിച്ചു വരണമെന്നതായിരുന്നു. സത്യത്തിൽ അക്കാലത്ത് കലോത്സവമത്സരങ്ങളിൽ പങ്കെടുക്കുന്നത് പോലും അതിനായിരുന്നു, അന്നത്തെ ഫോട്ടോസ് വന്ന എല്ലാ പത്രങ്ങളും സൂക്ഷിച്ചു വച്ചിട്ടുണ്ട്. പിന്നെ ആൾക്കാരൊക്കെ തിരിച്ചറിയണമെന്നും ആഗ്രഹിച്ചിരുന്നു. ഒരു സെലിബ്രിറ്റി ഇമേജ് അന്നേ മനസിൽ നിറച്ചു കൊണ്ട് നടന്നിരുന്നുവെന്ന് പറയാം. തിരിഞ്ഞു നോക്കുമ്പോൾ സന്തോഷമാണ്. സ്വപ്നം കണ്ടതൊക്കെയും ജീവിതത്തിൽ നടന്നിരിക്കുന്നു. ഈശ്വരനോടാണ് കടപ്പെട്ടിരിക്കുന്നത്.
ഞാനെപ്പോഴും ആക്ടീവാണ്
മോഹിനിയാട്ടത്തിൽ സംസ്ഥാന ജേതാവായരുന്നു, അതിന്റെ ഫോട്ടോസ് പത്രത്തിൽ അച്ചടിച്ചു വന്നതു കണ്ടിട്ടാണ് എനിക്ക് സീരിയലിലേക്ക് വിളി വരുന്നത്. പക്ഷേ ഭാഗ്യം കൊണ്ടാണോ നിർഭാഗ്യം കൊണ്ടാണോന്ന് അറിയില്ല, ആദ്യ സീരിയൽ നടന്നില്ല.. പിന്നീട് ആ ടീമിന്റെ തന്നെ ചേച്ചിയമ്മ എന്ന സീരിയലിലൂടെയാണ് അഭിനയം തുടങ്ങുന്നത്. നല്ലൊരു എൻട്രിയായിരുന്നു അത്. ഇപ്പോൾ കിട്ടുന്നതൊക്കെ നെഗറ്റീവ് വേഷങ്ങളാണ്.
സീതയ്ക്ക് ശേഷമാണ് അത്തരം വേഷങ്ങൾ തേടിയെത്തുന്നത്. ചേച്ചിയമ്മയിലും ഈറൻനിലാവിലും നല്ല പോസിറ്റീവായ വേഷങ്ങളായിരുന്നു. ഇപ്പോൾ വരുന്നത് നെഗറ്റീവ് വേഷങ്ങളാണെങ്കിലും ഞാൻ ഹാപ്പിയാണ്. എനിക്ക് പൊതുവേ അടങ്ങിയൊതുങ്ങിയിരുന്ന് ചെയ്യാനൊന്നും പറ്റില്ല, കണ്ണീരും കരച്ചിലുമൊക്കെ ബുദ്ധിമുട്ടാണ്. നെഗറ്റീവ് വേഷങ്ങളാകുമ്പോൾ കൂടുതൽ സ്വാതന്ത്ര്യം കിട്ടാറുണ്ട്..എന്ത് വേണേലും ചെയ്യാം, ഫുൾ ആക്ടീവും ആകും. അഭിനയത്തിൽ നെഗറ്റീവാണെങ്കിലും ജീവിതത്തിൽ വളരെ പോസിറ്റീവാണ് കേട്ടോ.
സ്വപ്നങ്ങൾ തീരുന്നില്ല
സിനിമ എല്ലാവരെയും പോലെ എന്റെയും സ്വപ്നമാണ്. അല്ലെന്ന് പറഞ്ഞാൽ കള്ളമാകും, നല്ലൊരു വേഷം കിട്ടിയാൽ മാത്രമേ ചെയ്യൂ. വിധിയാണ് എല്ലാം തീരുമാനിക്കുന്നത്. ആ വിധിക്ക് വേണ്ടി കാത്തിരിക്കാം. അഭിനയിച്ച സീരിയലൊന്നും കാണാൻ മടിയുള്ള ആളല്ല ഞാൻ, പക്ഷേ വീട്ടിൽ ഇരുന്ന് കാണാൻ സമയം കിട്ടാറില്ല, യൂടൂബിലാണ് കാണാറ്. ആദ്യമൊക്കെ കുറേ പ്രശ്‌നങ്ങൾ എനിക്ക് തന്നെ തേന്നിയിട്ടുണ്ട്, ഒട്ടും ഇഷ്ടപ്പെടാതിരുന്നിട്ടുമുണ്ട്, പതിയെ പതിയെ ഞാൻ തന്നെ ഇംപ്രൂവ് ചെയ്തു, മുഖത്തെ ഭാവങ്ങളൊക്കെ ഇങ്ങനെ ചെയ്താൽ വലിയ കുഴപ്പം ഉണ്ടാകില്ലെന്ന് മനസിലാക്കി ശ്രദ്ധിച്ചാണ് അഭിനയിക്കുന്നത്. പിന്നെ അഭിനയം മോശമായാൽ അത് തുറന്നു പറയുന്ന കുറേ ഫ്രണ്ട്‌സുണ്ട്. അവരെ പേടിച്ച് ഞാൻ നന്നായി ചെയ്യാൻ ശ്രമിക്കാറുമുണ്ട്.
ഇപ്പോൾ പി ജിക്ക് പഠിക്കുകയാണ്, പാലായിലാണ് പഠിത്തം. വീട്ടിലെല്ലാർക്കും പഠിച്ച് ജോലി വാങ്ങണമെന്ന കാര്യത്തിൽ നിർബന്ധമാണ്. പക്ഷേ എനിക്ക് രണ്ടും കൂടി കൊണ്ടു പോകാനാണ് ആഗ്രഹം. അതിന് വേണ്ടി പരമാവധി ശ്രമിക്കും. അച്ഛൻ സുരേന്ദ്രൻ, അമ്മ വിജയലക്ഷ്മി, ചേച്ചി സ്വാതി ഇതാണ് കുടുംബം.
പലരും നേരിട്ട് കാണുമ്പോൾ ചോദിക്കുന്നത് മുടിയുടെ രഹസ്യത്തെ കുറിച്ചാണ്. ആകെയുള്ള രഹസ്യം മുടിയിൽ എണ്ണ പുരട്ടില്ല എന്നതാണ്, എണ്ണ തലയിൽ പുരട്ടിയാൽ കടുത്ത തലവേദന വരും, ഇത് പാരമ്പര്യമായി കിട്ടിയിരിക്കുന്ന മുടിയാണെന്ന് തോന്നുന്നു. അച്ഛന്റെ അമ്മയ്ക്ക് നല്ല മുടിയാണ്. അതാണ് എനിക്കും കിട്ടിയിരിക്കുന്നതെന്നാണ് വീട്ടിലെല്ലാരും പറയാറ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |