സിനിമയിൽ പെൺമക്കൾക്ക് അവസരം ലഭിക്കാനായി ഏതറ്റം വരെ പോകാനും തയ്യാറാകുന്ന അമ്മമാരുണ്ടെന്ന് തുറന്നുപറഞ്ഞ് നടി ശ്രുതി രജനികാന്ത്. പലരുടെയും സ്വഭാവം കണ്ട് അതിശയിച്ചുപോയിട്ടുണ്ടെന്ന് അവർ പറഞ്ഞു. വിട്ടുവീഴ്ചകൾ ചെയ്ത് കിട്ടുന്ന അംഗീകാരങ്ങൾ കാരണം സന്തോഷിക്കാൻ കഴിയില്ലെന്നും ശ്രുതി പറയുന്നു. പ്രതികരിക്കാനുളള ധൈര്യം വർഷങ്ങൾ കൊണ്ട് നേടിയെടുത്തതാണെന്നും താരം വ്യക്തമാക്കി. കൗമുദി മൂവീസിന് അനുവദിച്ച അഭിമുഖത്തിലാണ് ശ്രുതി ഇക്കാര്യങ്ങൾ പങ്കുവച്ചത്.
'എന്റെ സ്വഭാവം കാരണം പലരും അവഗണിക്കുന്ന രീതിയിൽ പെരുമാറിയിട്ടുണ്ട്. പക്ഷെ അതൊന്നും ഞാൻ ശ്രദ്ധിക്കാറില്ല. എന്നെ അവഗണിച്ചവർ തന്നെ തിരികെ എന്റെ ജീവിതത്തിൽ വന്നിട്ടുണ്ട്. പക്ഷെ അവരെ അംഗീകരിക്കാൻ ഞാൻ തയ്യാറായിട്ടില്ല. ഹേമാ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്ന സമയത്ത് എനിക്കെതിരെ കുറെ ആരോപണങ്ങൾ ഉയർന്നിരുന്നു. പെൺമക്കളെ രാത്രി അന്യപുരുഷൻമാരോടൊപ്പം നിർത്തിയിട്ട് പോകാം, സിനിമയിൽ അവസരം കൊടുത്താൽ മതിയെന്ന് പറയുന്ന അമ്മമാരുണ്ട്. ചിലരെ എനിക്ക് വ്യക്തിപരമായി അറിയാം. പക്ഷെ ഹേമാ കമ്മിറ്റി റിപ്പോർട്ടിൽ ഇതുമായി ബന്ധപ്പെട്ട് മൊഴി കൊടുത്തിരിക്കുന്നത് ഞാനല്ല.
സിനിമയിലെ പീഡനങ്ങളിൽ പുരുഷൻമാരെ മാത്രം കുറ്റം പറഞ്ഞിട്ട് കാര്യമില്ല. സ്ത്രീകളും ഉത്തരവാദികളാണ്. ഇത്തരത്തിലുളള കാര്യങ്ങൾ പറയുന്നതുകൊണ്ട് എനിക്ക് സിനിമയിൽ അവസരം തന്നില്ലെങ്കിലും കുഴപ്പമില്ല. എന്റെ ശരീരം വിറ്റ് ഒരു സിനിമയിൽ അഭിനയിക്കുമ്പോൾ എന്ത് സന്തോഷമാണ് അതിൽ നിന്ന് ലഭിക്കുന്നത്. അവസരം തരാമെന്ന് പറഞ്ഞ് പല താരങ്ങളെയും ഉപയോഗിച്ചതിനുശേഷം കടന്നുകളഞ്ഞവരുണ്ട്. പല മോശം കാര്യങ്ങളും ചെയ്ത് സിനിമയിൽ വലിയൊരു പദവിയിൽ എത്തിയാൽ പോലും പശ്ചാത്തപിക്കാതെ ഒരു രാത്രിയെങ്കിലും കിടന്നുറങ്ങാൻ അവർക്ക് സാധിക്കുമോ?
ഒരു സിനിമയുടെ ഓഡീഷന് ഞാൻ പങ്കെടുത്തിരുന്നു. അന്ന് ഏകദേശം എന്നെ തിരഞ്ഞെടുത്ത രീതിയിലാണ് അവർ പറഞ്ഞത്. പക്ഷെ കുറച്ച് നാൾ കഴിഞ്ഞപ്പോൾ എനിക്ക് പകരം ആ സിനിമയിൽ മറ്റൊരാളെയാണ് കാസ്റ്റ് ചെയ്തത്. കാരണം ചോദിച്ചപ്പോൾ എനിക്ക് വണ്ണമില്ലെന്നായിരുന്നു അവരുടെ മറുപടി. സിനിമയിൽ ബോഡി ഷെയ്മിംഗ് ഉണ്ട്. ഞാൻ നേരിട്ട പ്രശ്നങ്ങൾ പല അഭിമുഖങ്ങളിലും പറഞ്ഞിട്ടുണ്ട്. എട്ടാം ക്ലാസിൽ പഠിക്കുമ്പോഴാണ് എനിക്ക് മോശം അനുഭവം ഉണ്ടായത്. അതിൽ നിന്ന് പുറത്തുവരാൻ വർഷങ്ങൾ എടുത്തു. അതിനെതിരെ പ്രതികരിക്കാൻ എനിക്ക് ധൈര്യമുണ്ടായിരുന്നു. ഞാൻ ശബ്ദം വച്ചതുകൊണ്ടാണ് അന്ന് രക്ഷപ്പെട്ടത്. മാദ്ധ്യമങ്ങളോട് മുൻപ് ഇത് പറഞ്ഞത് കൊണ്ട് വീട്ടുകാർക്ക് ബുദ്ധിമുട്ടുണ്ടായിട്ടുണ്ട്'- ശ്രുതി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |