കൊച്ചി : ലോക്ക് ഡൗൺ സൃഷ്ടിച്ച സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ സർക്കാർ ജീവനക്കാരുടെയും അദ്ധ്യാപകരുടെയും ആറു ദിവസത്തെ ശമ്പളം അഞ്ച് മാസത്തേക്ക് പിടിക്കാനുള്ള സർക്കാർ ഉത്തരവ് ഹൈക്കോടതി രണ്ട് മാസത്തേക്ക് സ്റ്റേ ചെയ്തു. ഏപ്രിൽ 23ലെ ഉത്തരവിനെതിരെ വിവിധ അദ്ധ്യാപക - സർവീസ് സംഘടനകളും ജീവനക്കാരും നൽകിയ ഹർജികളിലാണ് സിംഗിൾബെഞ്ചിന്റെ സ്റ്റേ.
ശമ്പളം ഒൗദാര്യമല്ല, ജീവനക്കാരുടെ അവകാശമാണെന്ന് വ്യക്തമാക്കിയ ഹൈക്കോടതി, ഭരണഘടന ഉറപ്പ് നൽകുന്ന സ്വത്തവകാശത്തിന്റെ പരിധിയിൽ ശമ്പളവും ഉൾപ്പെടുമെന്ന് ചൂണ്ടിക്കാട്ടി. ലോകം മുഴുവൻ കൊവിഡിനെതിരായ പോരാട്ടത്തിലാണ്. ഇക്കാര്യത്തിൽ സംസ്ഥാന സർക്കാരിന്റെ നടപടികൾ പ്രശംസനീയമാണെന്നും ഹൈക്കോടതി പറഞ്ഞു. സർക്കാരിന് വേണമെങ്കിൽ അപ്പീൽ നൽകാം. ഹർജികൾ മേയ് 20ന് വീണ്ടും പരിഗണിക്കും.
എ.ജിയുടെ വാദം
* സാമ്പത്തിക പ്രതിസന്ധി മറികടക്കാനാണ് ആറ് ദിവസത്തെ ശമ്പളം പിടിക്കാൻ ഉത്തരവിട്ടത്.
*പകർച്ചവ്യാധി തടയൽ, ദുരന്തനിവാരണ നിയമങ്ങളിലെ വ്യവസ്ഥകളനുസരിച്ച് അടിയന്തര സാഹചര്യത്തെ നേരിടാൻ സർക്കാരിന് ഇത്തരം നടപടികൾ സ്വീകരിക്കാം.
*ശമ്പളം പിടിച്ചെടുക്കുകയല്ല, പിന്നീട് തിരിച്ചു നൽകുമെന്നു വ്യക്തമാക്കിയിട്ടുണ്ട്
* പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി സർക്കാരിന് കോടികൾ ചെലവിടേണ്ടി വരുന്നു
ഹർജിക്കാരുടെ വാദം
*ശമ്പളം എങ്ങനെ വിനിയോഗിക്കണമെന്നു തീരുമാനിക്കാനുള്ള അവകാശം ജീവനക്കാരനാണ്. ഒരു ദിവസം ശമ്പളം വൈകിക്കുന്നതും നിഷേധിക്കുന്നതിന് തുല്യമാണ്.
*ജീവനക്കാരുടെ ശമ്പളം തടയരുതെന്ന് കേന്ദ്ര തൊഴിൽ മന്ത്രാലയം ചീഫ് സെക്രട്ടറിമാർക്ക് കത്തു നൽകിയിരുന്നു.
*നിർബന്ധിച്ച് ശമ്പളം പിടിക്കാൻ സർക്കാരിന് അധികാരമില്ല.
സിംഗിൾബെഞ്ച്
പറഞ്ഞത്
*പകർച്ചവ്യാധി തടയൽ, ദുരന്തനിവാരണ നിയമങ്ങളിൽ ശമ്പളം പിടിക്കാനും വൈകിക്കാനുമുള്ള അധികാരം സർക്കാരിന് നൽകുന്ന വ്യവസ്ഥകളിലില്ല
*.ശമ്പളത്തിൽ നിന്നു പിടിക്കുന്ന തുക ചെലവിടുന്നതിനെക്കുറിച്ചും അവ്യക്തതയുണ്ട്. സർക്കാരിന്റെ സാമ്പത്തിക പ്രതിസന്ധിയെക്കുറിച്ചു മാത്രമാണ് പറയുന്നത്.
*.സാമ്പത്തിക പ്രതിസന്ധി ജീവനക്കാരുടെ ശമ്പളം വൈകിക്കാനുള്ള കാരണമല്ല.
*.ഒരുത്തരവിലൂടെ ജീവനക്കാരുടെ ശമ്പളം കുറച്ചു മാസത്തേക്ക് വൈകിക്കാൻ സർക്കാരിന് അധികാരമുണ്ടെന്ന വാദം നിയമപരമായി നിലനിൽക്കില്ല.
.* പൗരന്റെ അവകാശങ്ങളെ ബാധിക്കുന്ന നടപടികൾ കോടതിക്ക് അവഗണിക്കാനാവില്ല.
ചെലവിട്ടത് 6000 കോടി,
വേണം 80,000 കോടി
സർക്കാർ വരുമാനത്തിന്റെ 52 ശതമാനം ശമ്പളവും പെൻഷനും നൽകാനാണ് വിനിയോഗിക്കുന്നതെന്ന് എ.ജി ബോധിപ്പിച്ചു. ലോട്ടറി, ജി.എസ്.ടി, മദ്യവില്പന തുടങ്ങിയവയിലൂടെ സർക്കാരിന് ലഭിക്കുന്ന വരുമാനം ലോക്ക് ഡൗണിനെത്തുടർന്ന് നിലച്ചു. കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി 6000 കോടിയിലേറെ ചെലവഴിച്ചു. ഇനിയും 80,000 കോടിയോളം വേണം. ആന്‌ധ്ര, തെലങ്കാന, മഹാരാഷ്ട്ര സർക്കാരുകൾ സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ സമാനമായ ഉത്തരവിറക്കിയിട്ടുണ്ട്.
ചെലവഴിച്ച തുക
*സാമൂഹ്യ സുരക്ഷ : 4000 കോടി
*സൗജന്യ റേഷൻ : 105 കോടി
*അവശ്യ ഭക്ഷണ വിതരണം : 865 കോടി
*ക്ഷേമനിധി സഹായം : 1107 കോടി
*ക്ഷേമനിധിപരിധിയിൽ വരാത്തവർക്ക് : 147 കോടി
മുഖ്യമന്ത്രിയുടെ കമന്റ്
ഹൈക്കോടതി പറഞ്ഞതെന്താണോ, അത് പരിശോധിച്ച് നടപ്പാക്കാൻ പറ്റുന്നത് നടപ്പാക്കും.
- മുഖ്യമന്ത്രി പിണറായി വിജയൻ
സർക്കാർ പിന്നോട്ടില്ല, തീരുമാനം
ഇന്ന് മന്ത്രിസഭാ യോഗത്തിൽ
തിരുവനന്തപുരം: സാലറി കട്ടിൽ ഹൈക്കോടതി വിധി തിരിച്ചടിയായെങ്കിലും തീരുമാനത്തിൽ നിന്ന് പിൻമാറേണ്ടതില്ലെന്നാണ് സർക്കാർ നിലപാട്. പ്രതിസന്ധി മറികടക്കാനുള്ള നടപടികൾ ഇന്ന് മന്ത്രിസഭാ യോഗം തീരുമാനിക്കും. സർക്കാർ ഉത്തരവിലെ പിഴവ് ചൂണ്ടിക്കാട്ടിയാണ് പ്രതിപക്ഷ സർവീസ് സംഘടനകൾ സ്റ്റേ നേടിയത്. തുക തിരികെ നൽകുന്ന കാര്യം ഉത്തരവിൽ പരാമർശിക്കരുതെന്ന് മന്ത്രിസഭ തന്നെയാണ് നിർദ്ദേശിച്ചിരുന്നത്. സ്റ്റേ നിയമനടപടികളിലൂടെ മറികടക്കാനാകുമെന്നാണ് സർക്കാർ പ്രതീക്ഷ.
4 സാദ്ധ്യതകൾ പരിഗണനയിൽ
1 സാലറി കട്ടിന് പകരം ഡി.എ ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾ മരവിപ്പിച്ച് ജീവനക്കാരുടെ വേതനത്തിന് തുല്യമായ തുക കണ്ടെത്തുക.
2 സാലറി കട്ട് ഉത്തരവ് ഒാർഡിനൻസിലൂടെ നടപ്പാക്കുക. ഇതിനായി നിയമവകുപ്പിന്റെ അഭിപ്രായം തേടിയിട്ടുണ്ട്.
3 പുതിയ ഉത്തരവ് ഇറക്കുക,
4 വിധി മറികടക്കാൻ അപ്പീൽ നൽകുക.
ശമ്പളം വൈകും
കോടതി ഉത്തരവിന്റെ പശ്ചാത്തലത്തിൽ ശമ്പളവിതരണം വൈകിയേക്കാം.
എം.എൽ.എ.മാരുടെ ശമ്പളം ഒരുവർഷത്തേക്ക് 30ശതമാനം വെട്ടിക്കുറയ്ക്കാനുള്ള തീരുമാനത്തിനും കുരുക്കായി. അത് പരിഹരിക്കാനുള്ള ഒാർഡിനൻസിന് ഇന്ന് മന്ത്രിസഭ അനുമതി നൽകിയേക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |