തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്ക് ഡൗൺ മാർഗനിർദേശങ്ങൾ പുതുക്കി ഉത്തരവായി. റെഡ്, ഓറഞ്ച് സോണുകളിൽ നേരത്തെയുണ്ടായിരുന്ന നിയന്ത്രണങ്ങൾ തുടരുന്നതും ഗ്രീൻ സോണുകളിൽ നിയന്ത്രണങ്ങളോടെ ഇളവുകൾ അനുവദിക്കുന്നതുമാണ് പുതിയ ഉത്തരവ്. ഹോട്ട് സ്പോട്ടുകളിലെ നിയന്ത്രണങ്ങൾ കർശനമായി തുടരുകയും ചെയ്യും.
പൊതുഗതാഗതം ഒരു സോണിലും അനുവദിക്കില്ല. മദ്യശാലകൾ, മാളുകൾ, ബാർബർ ഷോപ്പുകൾ, പാർക്ക്, ആളുകൾ കൂടിച്ചേരുന്ന പരിപാടികൾ തുടങ്ങിയ അനുവദിക്കില്ല. ആരാധനാലയങ്ങളിൽ നിലവിലെ നിയന്ത്രണം തുടരും. വിവാഹം, മരണാനന്തരചടങ്ങുകളിൽ 20ലധികം ആളുകൾ പങ്കെടുക്കാൻ പാടില്ല. പരീക്ഷാനടത്തിപ്പിന് മാത്രമായി നിബന്ധനകളോടെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറക്കാൻ അനുവദിക്കും. സ്വകാര്യ വാഹനങ്ങളിൽ ഡ്രൈവർക്ക് പുറമെ രണ്ട് പേർ മാത്രമേ സഞ്ചരിക്കാൻ അനുവാദമുള്ളൂ. ഞായറാഴ്ചകളിൽ സംസ്ഥാനത്ത് സമ്പൂർണ ലോക്ക് ഡൗൺ ആയിരിക്കുമെന്നും മാർഗനിർദ്ദേശത്തിൽ പറയുന്നു.
ഇളവുകൾ
ഗ്രീൻ സോണുകളിൽ കടകളുടെ പ്രവർത്തനസമയം രാവിലെ 7 മുതൽ വൈകിട്ട് 7.30 വരെ. ഓറഞ്ച് സോണുകളിൽ നിലവിലെ സ്ഥിതി തുടരും.
ഗ്രീൻ സോണുകളിലെ സേവനമേഖലയിലെ സ്ഥാപനങ്ങൾ ആഴ്ചയിൽ മൂന്ന് ദിവസം പരമാവധി 50 ശതമാനം ജീവനക്കാരോടെ പ്രവർത്തിക്കാം. ഓറഞ്ച് സോണിൽ നിലവിലെ സ്ഥിതി തുടരും.
ഹോട്ട് സ്‌പോട്ടുകൾ ഒഴികെയുള്ള സ്ഥലങ്ങളിൽ ഹോട്ടൽ, റസ്റ്റോറന്റുകൾക്ക് പാഴ്സൽ സർവീസ് നടത്താം. സമയക്രമം നിലവിലേത് തുടരും.
ഷോപ്പ് ആൻഡ് എസ്റ്റാബ്ലിഷ്‌മെന്റ് ആക്ടിൽ രജിസ്റ്റർ ചെയ്തിട്ടുള്ള സ്ഥാപനങ്ങൾക്ക് നിലവിലെ സ്ഥിതി തുടരാം. ഒന്നിലധികം നിലകളില്ലാത്ത ചെറുകിട ടെക്സ്റ്റൈൽ സ്ഥാപനങ്ങൾക്ക് പരമാവധി അഞ്ച് ജീവനക്കാരുമായി പ്രവർത്തിക്കാം. റെഡ് സോണിൽ ഇത് അനുവദിക്കില്ല. ജില്ലാകളക്ടർമാർക്ക് പ്രാദേശിക സാഹചര്യങ്ങൾ കണക്കിലെടുത്ത് തീരുമാനമെടുക്കാം.
തുടരുന്ന
അവ്യക്തത
ഞായറാഴ്ചകൾ സമ്പൂർണ ലോക്ക് ഡൗൺ ആയി പ്രഖ്യാപിച്ചെങ്കിലും നേരത്തെ ഞായറാഴ്ചകളിൽ മാത്രം തുറക്കാൻ അനുമതി നൽകിയവയുടെ കാര്യത്തിൽ വ്യക്തതയില്ല.
മലഞ്ചരക്ക് വ്യാപാരസ്ഥാപനങ്ങൾ ആഴ്ചയിൽ രണ്ടു ദിവസം തുറക്കാൻ അനുമതി നൽകുമെന്നാണ് മുഖ്യമന്ത്രി കഴിഞ്ഞ ദിവസം പറഞ്ഞത്. എന്നാൽ, ഏതൊക്കെ ദിവസങ്ങൾ എന്നകാര്യത്തിൽ പുതിയ ഉത്തരവിലും വ്യക്തതയില്ല.
ഗ്രീൻ സോണുകളിലുള്ള സേവനമേഖലയിലെ സ്ഥാപനങ്ങൾ ആഴ്ചയിൽ മൂന്നു ദിവസം തുറക്കാമെന്ന് മാർഗരേഖയിൽ വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ ഇത് ഏതൊക്കെ ദിവസങ്ങളിലാണെന്ന് ഉത്തരവിൽ പറയുന്നില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |