തിരുവനന്തപുരം: നോർക്ക സജ്ജമാക്കിയ വെബ് സൈറ്റിൽ മറ്റു സംസ്ഥാനങ്ങളിൽ നിന്ന് മടങ്ങാൻ 1,66,263 മലയാളികൾ ഇന്നലെ വരെ രജിസ്റ്റർ ചെയ്തു. ഇതിൽ 28,272 പേരാണ് പാസ് ആവശ്യപ്പെട്ടത്. അവരിൽ 5470 പേർക്ക് ഇന്നലെ വരെ പാസ് നൽകി. അവരിലാണ് 515 പേർ ഇന്നലെ എത്തിയത്. വാഹനസൗകര്യമില്ലാത്തതാണ് പാസിനായുള്ള അപേക്ഷ കുറഞ്ഞത്. വാഹനസൗകര്യത്തിനായി റെയിൽവേയെ സംസ്ഥാന സർക്കാർ സമീപിച്ചിട്ടുണ്ട്.
ചെക്ക് പോസ്റ്റുകളിൽ എത്തിയവരുടെ രേഖകളും യാത്രാ പാസും പൊലീസ് പരിശോധിച്ചു. തുടർന്ന് വ്യക്തികളുടെ ശരീരോഷ്‌മാവ് തെർമൽ സ്‌കാനർ ഉപയോഗിച്ചു ആരോഗ്യപ്രവർത്തകർ പരിശോധിച്ച് രോഗലക്ഷണങ്ങളില്ലെന്ന് ഉറപ്പാക്കിയ ശേഷം വീട്ടിലേക്ക് അയച്ചു. വീട്ടിൽ 14 ദിവസം ക്വാറന്റൈനിൽ കഴിയണം. വീട്ടിൽ സൗകര്യമില്ലാത്തവർക്ക് സർക്കാർ ഒരുക്കുന്ന ക്വാറന്റൈൻ കേന്ദ്രത്തിൽ കഴിയാം. രോഗലക്ഷണങ്ങളുള്ളവരെ ഉടൻ തന്നെ അതത് ചെക്ക് പോസ്റ്റുകൾക്ക് സമീപത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിക്കും. തമിഴ്‌നാട്ടിൽ നിന്ന് കേരളത്തിലേക്ക് വരുന്ന മലയാളികളെ കളിയിക്കാവിളയിൽ പരിശോധിക്കുന്നതിനായി 15 ഡോക്ടർമാരെയാണ് നിയോഗിച്ചിട്ടുള്ളത്. അതിർത്തിയിൽ തന്നെയുള്ള ഒരു ആഡിറ്റോറിയം ഇതിനായി സജ്ജമാക്കിയിട്ടുണ്ട്.
മുത്തങ്ങ ചെക്ക് പോസ്റ്റ് വഴി 127 പേരെത്തി
കൽപ്പറ്റ: വയനാട്ടിലെ മുത്തങ്ങ ചെക്ക്പോസ്റ്റ് വഴി ഇന്നലെ 127 പേരാണ് സംസ്ഥാനത്തേക്ക് പ്രവേശിച്ചത്. 21 പേർ എമർജൻസി പാസു ഉപയോഗിച്ച് എത്തിയവരാണ്.മൈസൂരിലെ ആൾ ഇന്ത്യ ഇൻസ്റ്റിറ്റിയൂട്ട് ഓഫ് സ്പീച്ച് ആന്റ് ഹിയറിംഗിൽ ചികിത്സയ്ക്ക് പോയി ലോക് ഡൗണിനെ തുടർന്ന് അവിടെ പെട്ടുപോയ ഭിന്നശേഷിക്കാരായ കുട്ടികളും അവരുടെ കുടുംബാംഗങ്ങളും നാട്ടിൽ തിരിച്ചെത്തി. വയനാട് ജില്ലാ ഭരണകൂടത്തിന്റെ ഇടപെടലിനെ തുടർന്ന് ഇന്നലെ ഉച്ചയ്ക്ക് ശേഷം 2.30 ന് രണ്ട് ബസുകളിലും രണ്ട് കാറുകളിലുമായാണ് 36 കുടുംബങ്ങളിലെ രക്ഷിതാക്കൾ ഉൾപ്പെടെയുള്ള 106 അംഗ സംഘം മുത്തങ്ങ ചെക്പോസ്റ്റിലെത്തിയത്. മലപ്പുറം33, കണ്ണൂർ25, കോഴിക്കോട്18, കാസർക്കോട്11, തൃശൂർ9, എറണാകുളം4, വയനാട്4, പാലക്കാട്2 എന്നിങ്ങനെയാണ് തിരികെയെത്തിയവരുടെ അംഗസംഖ്യ. ഇവരെ അവരവരുടെ വീടുകളിൽ വെച്ച് ആരോഗ്യ പരിശോധന നടത്തും.
ആദ്യമെത്തിയവർ പോകാൻ വൈകി
തിരുവനന്തപുരം ഇഞ്ചിവിളയിലെ ചെക്ക് പോസ്‌റ്റിൽ ആദ്യമെത്തിയത് തൃശൂർ സ്വദേശികളായ രണ്ട് പേരായിരുന്നു.
ഡിജിറ്റൽ പാസുമായി നാഗർകോവിൽ, മാർത്താണ്ഡം എന്നിവിടങ്ങളിൽ നിന്നെത്തിയ ഇവരുടെ രേഖകൾ പരിശോധിച്ചെങ്കിലും കൊവിഡ് സ്ക്രീനിംഗും നാട്ടിലേക്കുള്ള വാഹനം വൈകിയതും കാരണം ഏറെനേരം കാത്തുനിൽക്കേണ്ടി വന്നു. തൃശൂരിൽ നിന്ന് വീട്ടുകാർ ഏർപ്പാടാക്കിയ വാഹനം ജില്ലാ കളക്‌ടറുടെ അനുമതി ലഭിച്ച് തിരുവനന്തപുരത്തേക്ക് എത്താനും വൈകി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |