തിരുവനന്തപുരം: പ്രവാസികളെ കൊവിഡ് ടെസ്റ്റ് നടത്തിയ ശേഷമേ വിദേശ രാജ്യങ്ങളിൽ നിന്നുകൊണ്ടുവരൂയെന്നും ഇക്കാര്യത്തിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവന ജനങ്ങളെ തെറ്രിദ്ധരിപ്പിക്കുന്നതാണെന്നും കേന്ദ്രവിദേശകാര്യസഹമന്ത്രി വി.മുരളീധരൻ പറഞ്ഞു.
80,000 പേരെ മാത്രമേ കൊണ്ടുവരൂ എന്ന് എവിടെയും തീരുമാനിച്ചിട്ടില്ല.പ്രവാസികളെ കൊണ്ടുവരുന്നതിൽ മുൻഗണന നൽകുന്നതിനായി ഏഴ് മുൻഗണനാ വിഭാഗങ്ങളുടെ പട്ടിക തയ്യാറാക്കിയെന്നാണ് മുഖ്യമന്ത്രി പറയുന്നത്.അങ്ങനെയൊരു പട്ടികയെക്കുറിച്ചറിയില്ല. എന്നാൽ നാട്ടിൽ മരണപ്പെട്ടവരുടെ ഉറ്രവരായ പ്രവാസികളുടേത് ഉൾപ്പെടെ എട്ട് മുൻഗണനാവിഭാഗങ്ങളുടെ പട്ടിക കേന്ദ്രം തയ്യാറാക്കിയിട്ടുണ്ട്.
വിദേശ കാര്യമന്ത്രാലയം എംബസികൾ വഴി നാട്ടിലേക്ക് വരാൻ തയ്യാറുള്ളവരുടെ വിവരം ശേഖരിച്ചിട്ടുണ്ട്. അവരെയെല്ലാവരെയും കൊണ്ടുവരും. ഇപ്പോൾ പത്രങ്ങളിൽ വന്ന ഫ്ലൈറ്ര് ചാർട്ട് കരട് മാത്രമാണ് . അതിൽ ഒരുപാട് മാറ്രം വരും. അമേരിക്കയിൽ നിന്ന് ഏഴിന് വിമാനം പുറപ്പെടാൻ കഴിയില്ല. പ്രവാസികളുടെ മടക്ക യാത്ര സംബന്ധിച്ച സ്റ്രാൻഡേർഡ് ഒഫ് പ്രോസീജിയർ ( എസ്. ഒ.പി) തയ്യാറാക്കിയിട്ടുണ്ട്. നോൺ ഷെഡ്യൂൾഡ് കൊമേഴ്സ്യൽ വിമാനങ്ങളിലാണ് പ്രവാസികളെ കൊണ്ടുവരുന്നത്. ലാഭമുണ്ടാക്കുന്ന ടിക്കറ്ര് ചാർജ് ഈടാക്കാൻ പാടില്ലെന്നും നിർദ്ദേശിച്ചിട്ടുണ്ട്. നേരത്തേ യുദ്ധമുണ്ടായപ്പോഴാണ് കുവൈറ്രിൽ നിന്ന് പ്രവാസികളെ ഒഴിപ്പിച്ചത്. എന്നാൽ ഇപ്പോഴത്തെ സ്ഥിതി വ്യത്യസ്തമാണ്.ഇക്കാര്യങ്ങൾ സംസ്ഥാന സർക്കാരുകളെയും ബന്ധപ്പെട്ടവരെയും അറിയിക്കാൻ പ്രത്യേകം ഡിജിറ്രൽ പ്ളാറ്ര് ഫോം ഉണ്ടാക്കും. വിമാനത്തിലെ പൈലറ്രുമാർക്കും എയർഹോസ്റ്രസുമാർക്കം വ്യക്തിസുരക്ഷാ ഉപകരണങ്ങൾ നൽകും. വിമാനത്തിൽ വച്ച് ആർക്കെങ്കിലും രോഗലക്ഷണങ്ങൾ കാണുകയാണെങ്കിൽ അവരെ പ്രത്യേകം ഇരുത്താൻ സ്ഥലം തയ്യാറാക്കുമെന്നും മുരളീധരൻ പറഞ്ഞു.
900 ആരോഗ്യ പ്രവർത്തകർക്കും മടങ്ങാം
സൗദിയിൽ ജോലിചെയ്യുന്ന കേരളം അടക്കമുള്ള സംസ്ഥാനങ്ങളിൽ നിന്നുള്ള 900 ആരോഗ്യപ്രവർത്തകരുടെ മടക്കത്തിന് കേന്ദ്രസർക്കാർ അനുമതി നൽകി. ബഹ്‌റിനിലേക്കുള്ള 150 പേരുടെ റിക്രൂട്ട്‌മെന്റും പൂർത്തിയായി. യു.എ.ഇയിലെ ഇന്ത്യൻ ആശുപത്രികളിലേക്ക് റിക്രൂട്ട് ചെയ്തവർക്കും യാത്രാ അനുമതിയുണ്ട്. പ്രവാസികളെ കയറ്റാൻ പോകുന്ന വിമാനങ്ങളിൽ ഇവർക്ക് ഗൾഫ് രാജ്യങ്ങളിലേക്ക് യാത്ര ചെയ്യാമെന്നും വി. മുരളീധരൻ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |