തിരുവനന്തപുരം: കൊവിഡ്പരിശോധനയ്ക്കായി ഒരു ലക്ഷം ആർ.ടി.പി.സി.ആർ കിറ്റുകൾ അഞ്ചു കമ്പനികളിൽനിന്ന് വാങ്ങാൻ സർക്കാർ ഓർഡർ നൽകി. ഈമാസം അവസാനത്തോടെ കിറ്റുകൾ എത്തും. ഇതരസംസ്ഥാനങ്ങളിലുള്ളവരും പ്രവാസികളും കേരളത്തിലേക്കു മടങ്ങിയെത്താൻ തുടങ്ങിയതോടെ കൂടുതൽ പേരെ പരിശോധനയ്ക്ക് വിധേയമാക്കേണ്ടതിനാലാണിത്.
സ്റ്റോക്കിന്റെ 50 ശതമാനം തീർന്നാൽ കിറ്റുകൾ വാങ്ങി പകരം വയ്ക്കണം.സ്ഥിതിഗതികൾ വിലയിരുത്തി നടപടി സ്വീകരിക്കണമെന്ന് ആരോഗ്യ സെക്രട്ടറി രാജൻ എൻ. ഖോബ്രഗഡെയുടെ ഉത്തരവിൽ പറയുന്നു.
മെഡിക്കൽ സർവീസ് കോർപ്പറേഷനാണ് പി.സി.ആർ കിറ്റുകൾ വാങ്ങുന്നതിന്റെ ചുമതല. കിറ്റുകൾ ആവശ്യത്തിനു സ്റ്റോക്കുണ്ടെന്നും മുൻപ് ഓർഡർ നൽകിയ കിറ്റുകളിൽ 70 ശതമാനം ലഭിച്ചെന്നുമാണ് അധികൃതർ പറയുന്നത്. എട്ട് ലക്ഷം പഴ്‌സണൽ പ്രോട്ടക്ടീവ് എക്യുമെൻറ് (പി.പി.ഇ) കിറ്റുകളും 9.6 ലക്ഷം എൻ 95 മാസ്‌കുകളും ശേഖരിക്കാനാണ് സർക്കാർ നൽകിയ നിർദ്ദേശം. ഇപ്പോൾ 2 ലക്ഷം പി.പി.ഇ കിറ്റുകളും 2.5 ലക്ഷം എൻ 95 മാസ്‌കുകളും സ്റ്റോക്കുണ്ട്.
റാപ്പിഡ് കിറ്റ്
സംസ്ഥാനത്ത് റാപ്പിഡ് ടെസ്റ്റിനുള്ള കിറ്റ് എപ്പോൾ ലഭിക്കുമെന്ന കാര്യത്തിൽ വ്യക്തതയില്ല.
ഇന്ത്യൻ കൗൺസിൽ ഒഫ് മെഡിക്കൽ റിസർച്ച് (ഐ.സി.എം.ആർ) 12,480 കിറ്റുകളാണ് സംസ്ഥാനത്തിന് നേരത്തെ നൽകിയത്. ആലപ്പുഴയിലെ നാഷണൽ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ നടത്തിയ പരിശോധനയിൽ കിറ്റുകൾക്ക് ഗുണനിലവാരമില്ലെന്ന് കണ്ടെത്തിയതിനാൽ തിരിച്ചയച്ചു. ചൈനീസ് കമ്പനിയായ ലിവ്‌സോണിന്റെ കിറ്റുകളാണിവ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |