തിരുവനന്തപുരം : കൊവിഡ് കാലത്ത് നിരന്തരം കൈകൾ അണുവിമുക്തമാക്കാൻ ശീലിച്ചെങ്കിലും ഇതിനായി സോപ്പും വെള്ളവും ഉപയോഗിക്കയോ സാനിറ്റൈസർ കൊണ്ടു നടക്കുകയോ വേണം. എന്നാൽ ഇനി അനായാസം കൈകൾ അണുവിമുക്തമാക്കാം. ഇതിനായി ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ട് സാനിറ്റൈസർ വാച്ച് വികസിപ്പിച്ചു. ഏകദേശം 200രൂപ നിരക്കിൽ ഈ മാസം അവസാനത്തോടെ വാച്ച് വിപണിയിൽ ലഭ്യമാകും. കേരള സ്റ്റേറ്റ് ഡ്രഗ്സ് ആൻഡ് ഫാർമസ്യൂട്ടിക്കൽസ് ലിമിറ്റഡാണ് (കെ.എസ്.ഡി.പി) സാനിറ്റൈസർ വാച്ച് നിർമ്മിച്ച് വിപണിയിലെത്തിക്കുന്നത്. ശ്രീചിത്രയിലെ ബ്ലഡ് ബാഗ് നിർമ്മിക്കാൻ ഉപയോഗിക്കുന്ന പ്രത്യേകതരം പി.വി.സി കൊണ്ടാണ് സാനിറ്റൈസർ വാച്ചും നിർമ്മിക്കുന്നത്. സാനിറ്റൈസർ തീരുമ്പോൾ വീണ്ടും നിറച്ച് ഉപയോഗിക്കാം.
ശ്രീചിത്രയുമായി കെ.എസ്.ഡി.പി ഉടൻ കരാർ ഒപ്പുവയ്ക്കും. തുടർന്ന് ഉത്പാദനം തുടങ്ങും. ഇതു കൂടാതെ മാസ്ക് നശിപ്പിക്കുന്ന ക്യാബിൻ, ഡിസ്ഇൻഫക്ഷൻ ഗേറ്റ്‌വേ, പേനയുടെ മാതൃകയിലുള്ള സാനിറ്റൈസർ കുപ്പി തുടങ്ങി ശ്രീചിത്ര വികസിപ്പിച്ച അഞ്ചോളം കൊവിഡ് പ്രതിരോധ വസ്തുക്കളും കെ.എസ്.ഡി.പി നിർമ്മിച്ച് വിപണിയിലെത്തിക്കും.
കൈയിൽക്കെട്ടി ക്ലീനാക്കാം
വാച്ചുപോലെ സാനിറ്റൈസർ കൈയിൽക്കെട്ടി നടക്കാം. ഇടതുകൈ നിവർത്തിപ്പിടിച്ച് വലതുകൈ കൊണ്ട് ഞെക്കിയാൽ കൈയിലേക്ക് സാനിറ്റൈസർ ചീറ്റും. രണ്ട് കൈകളും കൂട്ടിത്തിരുമിയാൽ ക്ലീൻ.
' കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി വരും നാളുകളിൽ അനായാസം ഉപയോഗിക്കാൻ കഴിയുന്ന ഇത്തരം വസ്തുക്കൾ വിപണിയിലെത്തിക്കുകയാണ് ലക്ഷ്യം. കരാർ ഒപ്പുവച്ചാലുടൻ നിർമ്മാണം ആരംഭിക്കും.'
- സി.ബി. ചന്ദ്രബാബു
ചെയർമാൻ, കെ.എസ്.ഡി.പി
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |