കൊച്ചി: പച്ചക്കറിയുടെ കാര്യത്തിൽ സ്വയം പര്യാപ്തമാകുകയെന്ന ലക്ഷ്യവുമായി 300 ഏക്കറിൽ കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം (സി.എം.എഫ്.ആർ.ഐ) കൃഷി ആരംഭിച്ചു. തേവര കസ്തൂർബാനഗറിലുള്ള സി. എം.എഫ്.ആർ.ഐ പാർപ്പിട സമുച്ചയത്തിലെ കൃഷിയുടെയും കൃഷിലോകം ക്ലബ്ബിന്റെയും ഉദ്ഘാടനം മന്ത്രി വി .എസ്. സുനിൽ കുമാർ നിർവഹിച്ചു. ക്ലബ്ബിന്റെ നേതൃത്വത്തിലാണ് തരിശുനിലത്ത് കിഴങ്ങ്പയർ വിളകളും പച്ചക്കറിയും കൃഷി ചെയ്യുന്നത്.
എറണാകുളം കൃഷിവിജ്ഞാന കേന്ദ്രത്തിന്റെ (കെ.വി.കെ) സാങ്കേതിക പിന്തുണയോടെയാണ് കൃഷി ചെയ്യുന്നത്. പൂർണമായും യന്ത്രവൽകൃത രീതിയിലാണ് നിലമൊരുക്കിയത്. ആദ്യപടിയായി 2500 ചുവട് കപ്പ, 3000 കുറ്റിപ്പയർ, ഇടവിളകളായി മറ്റ് പച്ചക്കറികൾ, ഇഞ്ചി, മഞ്ഞൾ എന്നിവയാണ് കൃഷി നടത്തുന്നത്.
മുൻകാലങ്ങളിൽ, ക്ഷാമകാലത്ത് കേരളത്തിന് താങ്ങായി നിന്നതിനാലാണ് ആദ്യഘട്ടത്തിൽ തന്നെ കപ്പ കൃഷിചെയ്യാൻ തീരുമാനിച്ചതെന്ന് സി.എം.എഫ്.ആർ.ഐ ഡയറക്ടർ ഡോ .എ. ഗോപാലകൃഷ്ണൻ പറഞ്ഞു.
വിളവെടുക്കുന്ന ഉൽപ്പന്നങ്ങൾ കെ.വി.കെ ഫാം ഷോപ്പി വഴി പൊതുജനങ്ങൾക്ക് ലഭ്യമാക്കും. കൃഷി തുടങ്ങാൻ താൽപര്യമുള്ള സ്ഥാപനങ്ങൾക്കും വ്യക്തികൾക്കും കെ.വി.കെയുടെ സാങ്കേതിക സഹായം ലഭ്യമാക്കും. നിലമൊരുക്കുന്നതിന് കെ.വി.കെയുടെ കാർഷിക ഉപകരണങ്ങൾ ഉപയോഗപ്പെടുത്താം. കെ.വി.കെയുടെ സാങ്കേതിക സഹായം ആവശ്യമുള്ളവർക്ക് 8281757450 എന്ന നമ്പറിൽ വാട്‌സാപ്പ് സന്ദേശം അയച്ചു രജിസ്റ്റർ ചെയ്യാം
നെല്ല് പുഴുങ്ങി ഉണക്കി കുത്തുന്ന ചെറിയ മിൽ രൂപകല്പന ചെയ്യണമെന്ന് മന്ത്രി വി.എസ്. സുനിൽ കുമാർ എറണാകുളം കൃഷി വിജ്ഞാന കേന്ദ്രത്തോട് നിർദേശിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |