കൊവിഡ് ലോക്ക് ഡൗണിനിടെ നാട്ടിലും വിദേശത്തുമുൾപ്പെടെ പലയിടങ്ങളിൽ കുടുങ്ങിയ കുടുംബാംഗങ്ങൾ പാട്ടിനുവേണ്ടി ഒന്നിച്ചപ്പോൾ മ്യൂസിക്ക് കസിൻസിന്റെ കവർപ്പാട്ട് ഹിറ്റായി. ലോകത്തിന്റെ പലഭാഗങ്ങളിലുള്ള പതിനാറ് സ്ഥലങ്ങളിൽ നിന്ന് പാടിയും താളമേളങ്ങളൊരുക്കിയും കലാകാരൻമാരായ 16 കസിൻസ് ഒരുക്കിയ സംഗീതാവിഷ്കാരം യൂട്യൂബിലൂടെയും ഫേസ്ബുക്കിലൂടെയും ഇതിനോടകം കണ്ടത് ആയിരങ്ങളാണ്.
കേരളത്തിനകത്തും പുറത്തുമുള്ള 16 കസിൻസാണ് സ്വന്തം വീടുകളിലിരുന്ന് കവർ പാട്ട് എന്ന ആശയം നടപ്പാക്കിയത്. ഇതിനായി തെരഞ്ഞെടുത്തത് ഏറെ ഹിറ്റായ മലയാളം, തമിഴ് പാട്ടുകളും. പാടുന്നവർ മാത്രമല്ല, ഫ്ലൂട്ട്, വയലിൻ, ഗിറ്റാർ തുടങ്ങി വാദ്യോപകരണങ്ങളിൽ വിദഗ്ദ്ധരായവരും കൂട്ടത്തിലുണ്ട്. ദുബായിൽ ഐ.ടി ഉദ്യോഗസ്ഥയായ ഗായിക ശാലിനി ബോസിന്റേതായിരുന്നു ആശയം. ഭർത്താവും ഗായകനുമായ രാഗേഷ് പിന്തുണച്ചതോടെ ശാലിനി നാട്ടിലുള്ള സഹോദരങ്ങളായ ശരത്തിനോടും ശാരികയോടും ഇക്കാര്യം പങ്കുവച്ചു.
തുടർന്ന് ഇവരെല്ലാം ചേർന്ന് സംഗീതാഭിരുചിയുള്ള കസിൻസിനെ ഉൾപ്പെടുത്തി വാട്ട്സാപ്പ് കൂട്ടായ്മയുണ്ടാക്കി. ചർച്ചകളും നിർദേശങ്ങളുമായി രണ്ടാഴ്ചയ്ക്കൊടുവിൽ മ്യൂസിക്ക് കസിൻസ് യുട്യൂബിലെത്തി. ദുബായ്, ബംഗലുരു, എറണാകുളം, കോഴിക്കോട്, ആലപ്പുഴ, പാലക്കാട്, തിരുവനന്തപുരം തുടങ്ങിയ സ്ഥലങ്ങളിലെ വീടുകളിലിരുന്നായിരുന്നു പാട്ട്. 15,000ത്തോളം പേരാണ് ഇതുവരെ ഫേസ്ബുക്കിൽ പാട്ടു കേട്ടത്.
ശാലിനി ബോസ്, ശാരിക ബോസ്, പ്രവീണ പ്രദീപ്, രജിത കണ്ണൻ, കിരൺ വിജയ്, രാഖി രാജേഷ്, രാധിക കണ്ണൻ, ശരത്ചന്ദ്രബോസ്, അശ്വതി എസ്, കീർത്തി, ശരൺ ഗിരികുമാർ, ശ്രീരാഗ് സുന്ദർ, ശ്രീരാജ് ഓണക്കൂർ, ശ്രീരശ്മി എന്നിവരാണ് കൂട്ടത്തിലെ പാട്ടുകാർ. രാകേഷ് കെ. ഫ്ലൂട്ടും ശ്രീരാഗ് സുന്ദർ വയലിനും വായിച്ചു. പ്രോഗ്രാമിംഗ്, മിക്സിംഗ്, മാസ്റ്ററിംഗ് നിർവഹിച്ച വരുൺ ബാബു തന്നെയാണ് ഗിറ്റാർ വാദനവും. ശരത് ചന്ദ്രബോസ് വോക്കൽ അറേഞ്ച്മെന്റും കൃഷ്ണകുമാർ വി.എസ് വിഡിയോ ആൻഡ് മോഷൻ ഗ്രാഫിക്സും നിർവ്വഹിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |