
ഡെറാഡൂൺ: ഒൻപത് മണി മുതൽ ആറ് മണി വരെയുള്ള ബോറൻ ഓഫീസ് ജോലികളിൽ മനസ് മടുത്തിരിക്കുകയാണോ നിങ്ങൾ? എങ്കിൽ ഉത്തരാഖണ്ഡിലെ മലയോര മേഖലയിൽ നിന്നുള്ള ഒരു യുവ സംരഭകന്റെ ബിസിനസ് പരീക്ഷണം നിങ്ങളെയൊന്ന് അമ്പരപ്പിച്ചേക്കാം. ഒരു ദിവസം മാഗി നൂഡിൽസ് മാത്രം വിറ്റ് 21,000 രൂപ സമ്പാദിച്ച ബാദൽ എന്ന കണ്ടന്റ് ക്രിയേറ്ററാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടുന്നത്.
വെറുമൊരു ബിസിനസ് പ്ലാനായിരുന്നില്ല, മറിച്ച് പരീക്ഷണം മാത്രമായിരുന്നുവെന്നും എന്നാൽ ഫലം വന്നപ്പോൾ താൻ പോലും അമ്പരന്നുപോയെന്ന് ബാദൽ പറയുന്നു. തന്റെ സോഷ്യൽ മീഡിയ പേജിലൂടെയാണ് വൈറൽ വീഡിയോ യുവാവ് പങ്കുവച്ചത്.
മലയോരമേഖലകളിൽ യാത്ര ചെയ്യുന്നവർക്ക് ചൂടുള്ള മാഗിയോടുള്ള ഇഷ്ടം ബാദൽ തിരിച്ചറിഞ്ഞു. കൈയ്യിൽ ഒരു എൽപിജി സ്റ്റൗവും കുറച്ച് പാത്രങ്ങളും മാഗി പാക്കറ്റുകളും മാത്രമായാണ് ബാദൽ കുന്നിൻമുകളിൽ കച്ചവടം തുടങ്ങിയത്. സാധാരണ മാഗി ഒരു പ്ലേറ്റിന് 70 രൂപ ചീസ് മാഗിക്ക് ഒരു പ്ലേറ്റ് 100 രൂപ എന്നിങ്ങനെയാണ് വില. കഠിനമായ തണുപ്പിൽ ട്രെക്കിംഗ് ചെയ്ത ക്ഷീണത്തിൽ എത്തുന്ന സഞ്ചാരികൾക്ക് ചൂടുള്ള ഒരു പ്ലേറ്റ് മാഗി അമൃതിന് തുല്യമായിരുന്നു. 70 രൂപ എന്നത് വലിയ തുകയായിരുന്നിട്ടും ആ തണുപ്പിൽ ആശ്വാസം തേടി ആളുകൾ ബാദലിന്റെ കടയിലേക്ക് മാഗി നുണയാൻ ഇരച്ചെത്തി.
വൈകുന്നേരമായപ്പോഴേക്കും ഏകദേശം 300 മുതൽ 350 വരെ പ്ലേറ്റ് മാഗി വിറ്റഴിച്ചുവെന്നാണ് ബാദൽ പറയുന്നത്. ഒരു പ്ലേറ്റിന് ശരാശരി 70 രൂപ വച്ച് കണക്കാക്കിയാൽ ഒരു ദിവസത്തെ വരുമാനം 21,000 രൂപ. ബാദലിന്റെ മാഗി വില്പ്പന കണ്ട് ജോലി രാജിവച്ച് ഇതിന് ഇറങ്ങി പുറപ്പെട്ടാലോ എന്നാണ് പലരും സോഷ്യൽ മീഡിയയിൽ അഭിപ്രയാപ്പെടുന്നത്. എങ്കിലും ചിലർ ഇതിലെ പ്രായോഗിക ബുദ്ധിമുട്ടുകളും ചൂണ്ടിക്കാട്ടുന്നുണ്ട്. ഗ്യാസ് സിലിണ്ടറും മറ്റ് സാധനങ്ങളും മലമുകളിൽ എത്തിക്കുന്നതിനുള്ള ചിലവും അവിടുത്തെ കഠിനാധ്വാനവും കണക്കിലെടുക്കുമ്പോൾ ഈ ലാഭം അത്ര എളുപ്പമല്ലെന്നാണ് ചിലരുടെ പക്ഷം.
സാധാരണ ജോലി തേടി നഗരങ്ങളിലേക്ക് പോകുന്ന യുവാക്കൾക്ക് മുന്നിൽ, തന്റെ ചുറ്റുമുള്ള സാഹചര്യങ്ങളെ എങ്ങനെ വരുമാനമാർഗമാക്കാം എന്ന് ബാദൽ കാണിച്ചുതരുന്നുണ്ട്. വിശക്കുന്നവരുടെ മുന്നിൽ ശരിയായ സമയത്ത് ശരിയായ വിഭവം എത്തിച്ചാൽ ഏത് ബിസിനസും വിജയിക്കുമെന്ന പാഠമാണ് യുവാവിന്റെ മാഗി പരീക്ഷണത്തിലൂടെ മുന്നോട്ടുവയ്ക്കുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |