വെഞ്ഞാറമൂട്: പുത്തൻ സൈക്കിളിൽ നാട്ടിലേക്ക് മടങ്ങാൻ ശ്രമിച്ച ബീഹാർ സ്വദേശികളായ ആറു ചെറുപ്പക്കാരെ നാട്ടുകാർ പൊലീസിൽ ഏൽപ്പിച്ചു. വെഞ്ഞാറമൂട്ടിലെ സ്വകാര്യ മെഡിക്കൽ കോളേജിന്റെ നിർമ്മാണ കരാറെടുത്തിരുന്ന കമ്പനിയിലെ തൊഴിലാളികളാണ് ലോക്ക് ഡൗൺ മറികടക്കാൻ ആറ് പുതിയ സൈക്കിളുകൾ വാങ്ങി യാത്ര തുടങ്ങിയത്. ശനിയാഴ്ച രാത്രി ഒമ്പതരയോടെ സാധനങ്ങളുമെടുത്ത് പുറപ്പെട്ട ഇവരെ പത്തു മണിയോടെ കല്ലറ മേലാറ്റുമൂഴിയിൽ വച്ച് സംശയം തോന്നിയ നാട്ടുകാർ തടഞ്ഞു. തിരക്കിയപ്പോഴാണ് കാര്യം പിടികിട്ടിയത്. തുടർന്ന് പാങ്ങോട് പൊലീസ് ഇവരെ കസ്റ്റഡിയിലെടുത്ത് വെഞ്ഞാറമൂട് പൊലീസിന് കൈമാറി. തുടർന്ന് കരാർ കമ്പനി അധികൃതരെ വിളിച്ചു വരുത്തി ആറു പേരെയും താക്കീത് ചെയ്ത് പൊലീസ് അവർക്കൊപ്പം വിട്ടയച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |