തിരുവനന്തപുരം:ലോക്ക് ഡൗൺ കാരണം വരുമാനം 75ശതമാനം കുറഞ്ഞതോടെ ശമ്പളത്തിന് പോലും വഴിയില്ലാതെ പ്രതിസന്ധിയിലായ കേരളത്തിന് വായ്പാപരിധി രണ്ടുശതമാനം കൂട്ടിയ കേന്ദ്രനടപടി അനുഗ്രഹമാകും. ശേഷിക്കുന്ന പത്തു മാസത്തിനിടയിൽ 18,081കോടി രൂപ പൊതുവിപണിയിൽ നിന്ന് സംസ്ഥാനത്തിന് വായ്പയെടുക്കാം. ഇതോടെ ശമ്പളം കൊടുക്കാനും ദൈനംദിന കാര്യങ്ങൾ മുട്ടില്ലാതെ നടത്താനും കഴിയുമെന്ന് ഉറപ്പായി.
പ്രതിമാസം 4500 കോടിയാണ് സംസ്ഥാനത്തിന്റെ ശരാശരി വരുമാനം.ചെലവാകട്ടെ ശരാശരി 6000 കോടിയും. ശമ്പളത്തിന് 2400കോടിയും പെൻഷന് 1300 കോടിയും വേണം. ലോക്ക് ഡൗണിൽ വരുമാനം 1100 കോടിയായി ചുരുങ്ങി. 3,460 കോടിയുടെ കുറവ്. ഇതോടെ നിത്യച്ചിലവുകൾ പ്രതിസന്ധിയിലായി. കൊവിഡ് പ്രതിരോധത്തിനായി ആരോഗ്യം,റവന്യൂ, ദുരന്തനിവാരണം, തദ്ദേശസ്ഥാപനങ്ങൾ, പൊതുവിതരണം, പൊലീസ്,സാമൂഹ്യക്ഷേമം തുടങ്ങിയ വകുപ്പുകളിൽ ചെലവ് മൂന്ന് മടങ്ങായി വർദ്ധിച്ചു. ഇതുകൂടിയായതോടെ ഭരണം പ്രതിസന്ധിയിലായി. കടമെടുത്തുപോലും ശമ്പളം കൊടുക്കാനാവാത്ത സ്ഥിതിയായി. കടമെടുപ്പ് പരിധി കൂട്ടിയതിനാൽ ഇതിൽ നിന്ന് മോചനമായി.
@വായ്പാ ബാദ്ധ്യത 2.64ലക്ഷം കോടി
സംസ്ഥാനത്തിന്റെ വായ്പാബാദ്ധ്യത 2,64,459.29 കോടിയാണ്. ഇത്
താങ്ങാവുന്നതിലും അധികമാണ്. ഇക്കൊല്ലം അവസാനം വായ്പാബാദ്ധ്യത മൂന്ന് ലക്ഷം കോടി കവിയും. കിഫ്ബിയുടെ വായ്പാബാദ്ധ്യത കൂടിയാകുമ്പോൾ വരും വർഷം സാമ്പത്തിക പ്രതിസന്ധി വീണ്ടും കടുക്കും.
-- വിദഗ്ദ്ധരുടെ മുന്നറിയിപ്പ്
2019 ഏപ്രിലിലെയും 2020 ഏപ്രിലിലെയും വരുമാനം. തുക കോടിയിൽ
@ജി.എസ്.ടി. 1950.72 -, 153.26
@രജിസ്ട്രേഷൻ 255.35 - 4.13
@എക്സൈസ് 193.08 - 22.83
@വിൽപന നികുതി 668.38 - 94.56
@മോട്ടോർവാഹന നികുതി 296.42 - 3.52
@മറ്റിനങ്ങൾ 35.91 - 5.44
@കേന്ദ്രവിഹിതം 1238.58 - 894.53
@ ആകെ വരുമാനം 4638.44 - 1178.27 കുറവ് 3460കോടി
"വായ്പാപരിധി ഉയർത്തിയതോടെ തൽക്കാലം പ്രതിസന്ധി തീരും. ഇതിന് ഉപാധിവെച്ചത് അംഗീകരിക്കാനാവില്ല."
-ധനമന്ത്രി ഡോ.ടി.എം.തോമസ് ഐസക്ക്
"വായ്പാപരിധി അഞ്ച് ശതമാനമാക്കിയത് അനുഗ്രഹമാണ്. ഇല്ലായിരുന്നെങ്കിൽ ചരിത്രത്തിലെ ഏറ്റവും വലിയ സാമ്പത്തിക പ്രതിസന്ധിയിലേക്ക് വീഴുമായിരുന്നു. ശമ്പളം നൽകാനാവാതെ, നിത്യചെലവുകൾ പോലും നിർവ്വഹിക്കാനാവാത്ത ദയനീയ സ്ഥിതി വരുമായിരുന്നു.ഇനി അതുണ്ടാകില്ലെന്ന് ആശ്വസിക്കാം."
ഡോ.ബി.എ. പ്രകാശ്, സാമ്പത്തിക വിദഗ്ധൻ
വായ്പാ പരിധി കേന്ദ്രം 2% കൂട്ടിയത് ഇങ്ങിനെ
@നിബന്ധനകൾ ഇല്ലാതെ 0.50 %
@ഒരു ശതമാനം 0.25% വീതം നാല് മേഖലകളിൽ കേന്ദ്രത്തിന്റെ പരിഷ്‌കാരങ്ങൾക്ക് ചിലവാക്കണം.
@നാലിൽ മൂന്നെണ്ണത്തിൽ ലക്ഷ്യം നേയടിയാൽ ശേഷിക്കുന്ന 0.50 ശതമാനം നൽകും
വായ്‌പ കൂട്ടിയത് സ്വാഗതം , ഉപാധി വേണ്ട : മന്ത്രി ഐസക്ക്
തിരുവനന്തപുരം: വായ്പാ പരിധി ജി.ഡി.പിയുടെ മൂന്നു ശതമാനത്തിൽ നിന്ന് അഞ്ചു ശതമാനമായി കേന്ദ്രം ഉയർത്തിയതിനെ സ്വാഗതം ചെയ്യുന്നതായി ധനമന്ത്രി ഡോ.ടി. എം തോമസ് ഐസക് പറഞ്ഞു. വായ്പ കൂട്ടിയില്ലെങ്കിൽ സംസ്ഥാന ഭരണം സ്തംഭിക്കുമായിരുന്നു. ഇതോടെ കേരളത്തിന് 18,087 കോടി രൂപ അധിക വായ്പ എടുക്കാം. വായ്പത്തുകയുടെ ഉപാധികളോട് യോജിപ്പില്ല. നിബന്ധന ഒഴിവാക്കണം. അക്കാര്യം സംസ്ഥാനങ്ങളുമായി ചർച്ച ചെയ്യണം. കേന്ദ്രബഡ്ജറ്റിൽ കേരളത്തിന് കിട്ടുമെന്ന് പറഞ്ഞ വരുമാനത്തിന്റെ അടിസ്ഥാനത്തിൽ വേണം വായ്പ നൽകാൻ. ഈ അധിക സഹായം കിട്ടിയാലും മതിയാകില്ല. അതുകൊണ്ട് ജി. എസ്. ടി കുടിശിക വിതരണം ചെയ്യണം. കേരളത്തിന് എടുക്കാവുന്ന 13,000 കോടി വായ്‌പയിൽ 9000 കോടിയും എടുത്തു കഴിഞ്ഞു.വായ്പ റിസർവ് ബാങ്ക് നേരിട്ട് തരികയോ കേന്ദ്രം വാങ്ങി സംസ്ഥാനത്തിന് തരികയോ ചെയ്യണം . ഇതിന് ഉയർന്ന പലിശ ഈടാക്കുന്നത് നിറുത്തണം. തൊഴിലുറപ്പ് പദ്ധതിക്കായി 40,000 കോടി കൂടി അനുവദിച്ചതും ഉചിതമാണ്. 60,000 കോടി കൂടിയാണ് കേരളം നിർദ്ദേശിച്ചത്. തൊഴിലുറപ്പ് തൊഴിലാളികൾക്ക് കഴിഞ്ഞ വർഷം നൽകിയ കൂലിയുടെ പകുതിയെങ്കിലും ഇപ്പോൾ മുൻകൂർ ആയി നൽകണം. പ്രതിസന്ധിയെ പരിഷ്കാരങ്ങൾ കൊണ്ടുവരാനുള്ള അവസരമാക്കുന്നതിനെ കേരളം എതിർക്കും. കൊവിഡ് കാര്യങ്ങളിൽ കേന്ദ്രം പറയുന്നത് സ്വീകരിക്കാം. കേരളത്തിന്റെ റവന്യൂ ചെലവ് ഇനിയും കൂടി ഏഴ് ശതമാനത്തിലെത്തും. പി. എസ്.സി ലിസ്റ്രിൽ നിന്ന് നിയമനം നടത്താതിരിക്കില്ലെന്നും പെൻഷൻ പ്രായം ഉയർത്തില്ലെന്നും മന്ത്രി ഉറപ്പു നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |