തിരുവനന്തപുരം: മലയാളികളുടെ മനസിനൊപ്പം സഞ്ചരിക്കുകയും അഭിനയം കൊണ്ടു വിസ്മയിപ്പിക്കുകയും ചെയ്യുന്ന മോഹൻലാലിന് ഇന്ന് ഷഷ്ഠിപൂർത്തി. അതെ, താരസൂര്യൻ ഉദിച്ചത് 60 വർഷം മുമ്പ് ഇടവത്തിലെ രേവതി നക്ഷത്രത്തിലായിരുന്നു.
ഒപ്പം പ്രവർത്തിച്ചവർക്കും സുഹൃത്തുക്കൾക്കും ലാലിന്റെ വക മൂന്നിനം പായസം ഉൾപ്പെടെയുള്ള പിറന്നാൾ സദ്യ ഇന്ന് വീടുകളിലെത്തും.
ഇംഗ്ളീഷ് കലണ്ടർ പ്രകാരം ജന്മദിനം മേയ് 21നാണെങ്കിലും ജന്മനക്ഷത്രം നോക്കിയാണ് അമ്മ ശാന്തകുമാരി 'ലാലുമോന്' പിറന്നാൾ സദ്യ ഒരുക്കാറുള്ളത്. മോഹൻലാലിനും അതാണ് ഇഷ്ടം.
അറുപതാം പിറന്നാൾ ആഘോഷമാക്കാൻ ആരാധകർ ആഗ്രഹിച്ചിരുന്നു. അവരുടെ സ്വപ്നമായിരുന്നു തിരുവനന്തപുരത്ത് കൂറ്റൻ പന്തലിട്ട് താരത്തിനൊപ്പമുള്ള സദ്യ. അതിനുള്ള ഒരുക്കം തുടങ്ങുകയും ചെയ്തിരുന്നു. കൊവിഡ് എല്ലാം തകിടം മറിച്ചു.
പിൻമാറാൻ തയ്യാറല്ലാത്ത ഫാൻസ് അസോസിയേഷൻ പ്രവർത്തകർ ഓരോ വീട്ടിലും അത് ആഘോഷമാക്കുകയാണ്. സിനിമാരംഗത്ത് ഒപ്പം പ്രവർത്തിച്ചവർക്കും സുഹൃത്തുക്കൾക്കും വീടുകളിൽ സദ്യ എത്തിക്കുന്ന പ്രവർത്തകർക്ക് ധന്യരാവാൻ അതുമതി.
ചെന്നൈയിലെ വീട്ടിലാണ് മോഹൻലാൽ. ഭാര്യ സുചിത്ര ഒരുക്കുന്ന പിറന്നാൾ സദ്യ കഴിക്കാൻ മകൻ പ്രണവ് കൂടെയുണ്ട്. മകൾ വിസ്മയ ആസ്ട്രേലിയയിലാണ്. കൊച്ചിയിലെ വീട്ടിലാണ് അമ്മ ശാന്തകുമാരി. ദർശനത്തിന് പോകാനാകില്ലെങ്കിലും ക്ഷേത്രങ്ങളിൽ പൂജയ്ക്ക് അമ്മ ഏർപ്പാട് ചെയ്തിട്ടുണ്ട്.
അറുപതിന്റെ ഓർമ്മയിൽ മോഹൻലാൽ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സിനിമയിലെ തലമുതിർന്നവരെ വിളിച്ച് അനുഗ്രഹം തേടിയിരുന്നു. ലോക്ക് ഡൗൺ ദുരിതത്തിലായവരുടെ ക്ഷേമാന്വേഷണം നടത്തി. ചിലർക്ക് സഹായം എത്തിച്ചു.
അവയവദാനത്തിന്
ആരാധകർ
ജന്മദിനമായ 21ന് അരാധകർ അവയദാന സമ്മതപത്രം മന്ത്രി കെ.കെ.ശൈലജയ്ക്ക് കൈമാറും. സർക്കാറിന്റെ അവയവദാന പദ്ധതിയുടെ അംബാസഡറാണ് മോഹൻലാൽ.
കാമറയ്ക്ക് പിന്നിലേക്കും
സംവിധാന രംഗത്തും താരരാജാവ് കൈവയ്ക്കുകയാണ്. ബറോസ് എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ചിത്രീകരണം ലോക്ക് ഡൗണിനു ശേഷം ആരംഭിക്കും.തീയേറ്ററുകൾ തുറക്കുമ്പോൾ കുഞ്ഞാലിമരയ്ക്കാർ എത്തും.
കമന്റ്
'' ഇങ്ങനെയൊക്കെയായത് ഭാഗ്യമാണ്. സൗഭാഗ്യങ്ങളിൽ വലുതായി സന്തോഷിക്കാറില്ല.നഷ്ടപ്പെട്ടതോർത്ത് ദുഃഖിക്കാറുമില്ല. ഒരു വേഷം ചെയ്തുകഴിഞ്ഞാൽ എങ്ങനെ ചെയ്തുവെന്ന് ചിന്തിക്കാറില്ല. നമ്മൾ അറിയാത്ത ഒരു ശക്തി സഹായിക്കുന്നുണ്ട്. ഏറ്റവും നല്ലവേഷം ഇനി വരാനിരിക്കുന്നതാണ് ''
- മോഹൻലാൽ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |