
30 -ാം കേരള രാജ്യാന്തര ചലച്ചിത്ര മേളയ്ക്ക് ഇന്ന് തിരി തെളിയും. 82 രാജ്യങ്ങളിൽനിന്ന് 26 വിഭാഗങ്ങളിലായി 206 ചിത്രങ്ങൾ പ്രദർശിപ്പിക്കും.പലസ്തീൻ ജനതയുടെ പ്രതിരോധത്തിന്റെ ചരിത്രത്തിൻ്റെയും അടയാളപ്പെടുത്തലുകളുമായി ആൻമേരി ജാസിർ സംവിധാനം ചെയ്ത 'പലസ്തീൻ 36' ആണ് മേളയുടെ ഉദ്ഘാടന ചിത്രം.
ഇത്തവണത്തെ ലൈഫ് ടൈം അച്ചീവ്‌മെന്റ് പുരസ്‌കാരം ആഫ്രിക്കൻ സിനിമയുടെ വക്താവും മൗറിത്താനിയൻ സംവിധായകനുമായ അബ്ദുറഹ്മാനെ സിസാക്കോയ്ക്ക് നൽകി ആദരിക്കും.
ഈജിപ്ഷ്യൻ സിനിമയുടെ ഇതിഹാസമായ യൂസഫ് ഷഹീന്റെ ജന്മശതാബ്ദി ആഘോഷിക്കുന്നതിന്റെ ഭാഗമായി അദ്ദേഹത്തിന്റെ വിഖ്യാത ചിത്രങ്ങളായ 'കെയ്‌റോ സ്റ്റേഷൻ', 'അലക്സാണ്ട്രിയ എഗെയ്ൻ ആൻഡ് ഫോറെവർ', 'ദി അദർ' എന്നിവ ഉൾപ്പെടുത്തി റിട്രോസ്‌പെക്ടിവ് വിഭാഗം ഒരുക്കിയിട്ടുണ്ട്.
ഇന്ത്യൻ സമാന്തര സിനിമയിലെ പ്രമുഖനായ സയീദ് മിർസയുടെ മൂന്ന് ശ്രദ്ധേയ ചിത്രങ്ങളും മേളയുടെ മുഖ്യ ആകർഷണമാണ്. ഇന്തോനേഷ്യൻ സിനിമയുടെ ആധുനിക മുഖമായ ഗാരിൻ നുഗ്രോഹോയുടെ അഞ്ച് ചിത്രങ്ങൾ 'കണ്ടെമ്പററി ഫിലിം മേക്കർ ഇൻ ഫോക്കസ്' വിഭാഗത്തിൽ പ്രദർശനത്തിനെത്തും.
പ്രശസ്ത സംവിധായകൻ ക്വെന്റിൻ ടറന്റിനോയുടെ മാസ്റ്റർപീസായ 'പൾപ്പ് ഫിക്ഷൻ' ഫോർ കെ റീമാസ്റ്രർ ചെയ്ത പതിപ്പ് 'സ്പെഷ്യൽ സ്ക്രീനിംഗ്' വിഭാഗത്തിൽ പ്രദർശിപ്പിക്കും.
'റെസ്റ്റോർഡ് ക്ലാസിക്കുകൾ' എന്ന വിഭാഗത്തിൽ പോളിഷ് സംവിധായകൻ ക്രിസ്റ്റോഫ് കീസ്ലോവ്സ്കിയുടെ 'ബ്ലൈൻഡ് ചാൻസ്', സെർജി ഐസൻസ്റ്റീൻ്റെ ' ബാറ്റിൽഷിപ്പ് പോട്ടെംകിൻ', ചാർളി ചാപ്ലിൻ്റെ 'ദി ഗോൾഡ് റഷ്' എന്നിവയുടെ പുനരുദ്ധരിച്ച പതിപ്പുകൾ പ്രദർശിപ്പിക്കുന്നുണ്ട്.
മുൻപ് ലൈഫ് ടൈം അച്ചീവ്‌മെന്റ് പുരസ്‌കാരം നേടിയവരുടെ ചിത്രങ്ങൾ 'പാസ്റ്റ് എൽടിഎ വിന്നേഴ്സ്' എന്ന വിഭാഗത്തിൽ പ്രദർശിപ്പിക്കും. മുൻ വർഷങ്ങളിൽ സുവർണ്ണചകോരം നേടിയ ചിത്രങ്ങൾ ഉൾപ്പെടുത്തി 'ദി സുവർണ്ണ ലെഗസി' പ്രത്യേക പാക്കേജും ശ്രദ്ധേയമാകും.
പ്രമുഖ ചലച്ചിത്ര പ്രവർത്തകർക്ക് ശ്രദ്ധാഞ്ജലി അർപ്പിക്കുന്ന 'ഹോമേജ്' വിഭാഗവും മേളയിലുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |