വിശാഖപട്ടണം: പൊതുസ്ഥലത്ത് ബഹളമുണ്ടാക്കിയെന്ന് ആരോപിച്ച് ഡോക്ടറെ കൈകൾ പിന്നിൽ കെട്ടി അർദ്ധനഗ്നനാക്കി വലിച്ചിഴച്ച പൊലീസ് ഉദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്തു. വിശാഖപട്ടണത്താണ് സംഭവം. നർസിപട്ടണത്തെ ആശുപത്രിയിലെ ഡോക്ടറായ കെ.സുധാകറിനെയാണ് പൊലീസ് മർദ്ദിച്ചത്. പൊലീസുകാരെ അസഭ്യം പറഞ്ഞതിന് ഡോക്ടർക്കെതിരെയും കേസെടുത്തു. ഡോക്ടറെ റോഡിലൂടെ പൊലീസ് വലിച്ചിഴയ്ക്കുന്ന ദൃശ്യങ്ങൾ ദേശീയ മാദ്ധ്യമങ്ങൾ നേരത്തെ പുറത്ത് വിട്ടിരുന്നു.
ബാങ്ക് ലോൺ ക്ലോസ് ചെയ്യുന്നതിനായി പോകുന്ന വഴിയിൽ പൊലീസ് തന്നെ തടഞ്ഞുവെന്നും ഇത്രയധികം പണം എന്തിനാണ് കാറിൽ കൊണ്ടുപോകുന്നതെന്നും ചോദിച്ചതായി സുധാകർ പറയുന്നു. ബാങ്ക് ആവശ്യത്തിനാണെന്ന് പറഞ്ഞിട്ടും കാര്യമാക്കിയില്ലെന്നും പണം മുഴുവൻ പൊലീസ് കൈക്കലാക്കിയതിന് ശേഷം രണ്ട് മദ്യക്കുപ്പികൾ കാറിൽ വച്ചതായും ഡോക്ടർ ആരോപിക്കുന്നു. മർദ്ദിച്ച് അവശനാക്കിയെന്നും തീവ്രവാദിയാക്കുമെന്ന് ആക്രോശിച്ചതായും സുധാകർ മാദ്ധ്യമങ്ങളോട് പറഞ്ഞിരുന്നു. സർക്കാരിനെതിരെ വ്യാജവാർത്ത പരത്തുന്നുവെന്ന് ആരോപിച്ച് ഡോക്ടറെ ഏപ്രിൽ എട്ടിന് സസ്പെൻഡ് ചെയ്തിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |