കൊച്ചി: കള്ളപ്പണക്കേസ് പിൻവലിക്കാൻ മുൻ മന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞ് അഞ്ചു ലക്ഷം രൂപ വാഗ്ദാനം ചെയ്‌തെന്ന് പരാതിക്കാരനായ കളമശേരി സ്വദേശി ഗിരീഷ്ബാബു വെളിപ്പെടുത്തി. പിൻവലിക്കാൻ കഴിഞ്ഞില്ലെങ്കിൽ പരാതിക്ക് പിന്നിൽ ചില ലീഗ് നേതാക്കളാണെന്ന് കത്ത് നൽകാനും പ്രേരിപ്പിച്ചു. ഇബ്രാഹിം കുഞ്ഞിന്റെ ആലുവയിലെ വീട്ടിലേക്ക് വിളിച്ചുവരുത്തിയാണ് കോഴ വാഗ്ദാനം ചെയ്‌തതെന്ന് ഗിരീഷ് ബാബു വിജിലൻസിന് മൊഴി നൽകി. ആദ്യം ആലുവ പാലസിൽ കൂടിക്കാഴ്ച നടത്താമെന്നാണ് ഇടനിലക്കാർ അറിയിച്ചത്. ലീഗ് സംസ്ഥാന നേതാക്കൾ എത്തുമെന്നും കേസ് ഒത്തുതീർപ്പാക്കാമെന്നും വ്യക്തമാക്കി. ലോക്ക് ഡൗൺ പ്രഖ്യാപിച്ചതോടെ ഇത് നടന്നില്ല. പിന്നീട് ആലുവയിലെ വസതിയിലേക്ക് വിളിച്ചുവരുത്തി. ഇബ്രാഹിം കുഞ്ഞിന്റെ മകൻ ഗഫൂറും കേസ് പിൻവലിക്കാൻ നിർബന്ധിച്ചു.
നോട്ട് നിരോധന സമയത്ത് ഇബ്രാഹിം കുഞ്ഞിന്റെ നിയന്ത്രണത്തിലുള്ള ഒരു സ്ഥാപനത്തിന്റെ രണ്ട് അക്കൗണ്ട് വഴി പത്തു കോടി രൂപ വെളിപ്പിച്ചെന്നാണ് കേസ്. പാലാരിവട്ടം പാലം അഴിമതിയിൽ നിന്ന് ലഭിച്ച കള്ളപ്പണമാണിതെന്ന ഗിരീഷിന്റെ പരാതിയിൽ ഹൈക്കോടതി നിർദ്ദേശപ്രകാരമാണ് എൻഫോഴ്സ്‌മെന്റ് കേസെടുത്തത്. ഇതിൽ നിന്ന് പിൻമാറാനായിരുന്നു കോഴ വാഗ്ദാനം.
പരാതി അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ വിജിലൻസ് ഐ.ജിയോട് ഹൈക്കോടതി നിർദ്ദേശിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് മൊഴിയെടുത്തത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |