മുത്തച്ഛനും അമ്മാവനും അമ്മയുമെല്ലാം മലയാളത്തിലെ പേരെടുത്ത താരങ്ങൾ. വളർന്നു വരുമ്പോൾ കണ്ടതും അറിഞ്ഞതും ജീവിച്ചതുമെല്ലാം സിനിമയുടെ ലോകത്തിൽ. സിനിമാനടനല്ലാതെ വേറെയാര് ആകുമായിരുന്നുവെന്ന ചോദ്യത്തിന് മറ്റൊരു ഉത്തരമില്ലായിരുന്നു. ആശിച്ചു മോഹിച്ച് നടനായി, മലയാളികൾ അറിയുന്ന താരമായി. എന്നാൽ ആഡംബരങ്ങളിൽ നിന്നും നിന്ന് വ്യത്യസ്തമായിരുന്നു അവന്റെ ഇഷ്ടങ്ങൾ. സിനിമയിൽ നിന്നു കിട്ടുന്ന സമ്പാദ്യം ആ ചെറുപ്പക്കാരൻ മുതൽക്കൂട്ടിയ ഇഷ്ടം നാടറിഞ്ഞത് കൊവിഡ്-19 കൊണ്ടുവന്ന ദുരിതകാലത്താണ്. നിറഞ്ഞ മനസോടെ നാടും നാട്ടുകാരും അവന്റെ ഇഷ്ടത്തിന് കയ്യടിക്കുകയാണ്. കൊട്ടാരക്കര ശ്രീധരൻ നായരുടെ കൊച്ചുമകനും സായികുമാറിന്റെ സഹോദരി ശോഭയുടെ മകനും മലയാളികളുടെ പ്രിയതാരവുമായ വിനുമോഹനാണ് കഥയിലെ നായകൻ. കൊവിഡ് കാലത്ത് പണം നൽകിയും ഭക്ഷണം നൽകിയും തങ്ങളാൽ കഴിയുന്ന സഹായവുമായി പലവിധത്തിൽ താരങ്ങൾ രംഗത്തിറങ്ങിയെങ്കിലും ഏവരെയും അത്ഭുതപ്പെടുത്തിയത് വിനുമോഹനാണ്. തെരുവിൽ കഴിയുന്നവരെ കണ്ടെത്തി, അവരെ കുളിപ്പിച്ച് വൃത്തിയാക്കി അഭയകേന്ദ്രങ്ങളിലേക്ക് മാറ്റുന്ന ജോലിയാണ് വിനു ഏറ്റെടുത്തത്. കൂട്ടിന് വിനുവിന്റെ പ്രിയതമ വിദ്യ എന്ന പൊന്നുവും. കഴിഞ്ഞവർഷം സ്റ്റാർ ഹോട്ടലിൽ ആഘോഷിച്ച പിറന്നാൾ ദിനം ഇത്തവണ തെരുവുമക്കൾക്കൊപ്പമായിരുന്നു വിനുവിന്. സിനിമയ്ക്ക് പുറത്തെ ആ കുഞ്ഞു 'വലിയ" ഇഷ്ടത്തെ കുറിച്ച് വിനു മനസ് തുറക്കുന്നു.
മണ്ണിൽ തുടങ്ങിയ ഇഷ്ടം
കരുനാഗപ്പള്ളിയിലായിരുന്നു പഠനകാലം. സ്കൂൾ കാലഘട്ടത്തിൽ എൻ.സി.സിൽ സജീവമായിരുന്നു. പത്താം ക്ളാസ് പരീക്ഷ കഴിഞ്ഞ സമയത്താണ് കൂട്ടുകാർക്കൊപ്പം സംഗീത ആർട്സ് ആൻഡ് സ്പോർട്സ് ക്ലബിന് തുടക്കമിടുന്നത്. ഇതായിരുന്നു സാമൂഹ്യപ്രവർത്തനത്തിന്റെ തുടക്കം. യൂത്ത് ക്ലബ്ബിന്റെ പ്രവർത്തനങ്ങൾക്കൊപ്പം ഭാരതസർക്കാർ യുവജനകാര്യ കായിക മന്ത്രാലയം നെഹ്റു യുവ കേന്ദ്രയുടെ പ്രവർത്തനങ്ങളിലും പങ്കാളിയായി. ഹരിതഗ്രാമം പദ്ധതിയിലൂടെ വൃക്ഷതൈ വിതരണവും, നട്ടുപിടിപ്പിക്കലും തുടങ്ങി. ശുചീകരണ പ്രവർത്തനങ്ങൾ, സാംസ്കാരിക വിനിമയ പരിപാടികൾ, ദേശീയോദ്ഗ്രഥന പ്രവർത്തനങ്ങൾ എന്നിവയുടെയും ഭാഗമായി. 2007 ൽ കേരളത്തിലെ സന്നദ്ധസംഘടനാ പ്രവർത്തകരെ കൂട്ടിയോജിപ്പിച്ചുകൊണ്ട് കേരള യൂത്ത് പ്രമോഷൻ കൗൺസിൽ രൂപീകൃതമായപ്പോൾ നിർവാഹകസമിതിയിൽ സ്ഥിരം ക്ഷണിതാവായി കേരത്തിലുടനീളം ഒട്ടനവധി പ്രവർത്തനങ്ങളിൽ പങ്കെടുത്തു. ടുഗദർ ഫോർ പീസ്, നമുക്കുവേണ്ടി മണ്ണിനുവേണ്ടി ക്യാമ്പയിൻ, ലഹരിക്കെതിരെ യുവശക്തി എന്നീ ക്യാമ്പയിനുകൾ, ട്രൈബൽ മേഖലയിലെ സ്കൂളുകൾക്ക് ലൈബ്രറി സ്ഥാപിക്കൽ, കുഞ്ചിപ്പാറ ആദിവാസി കോളനി ദത്തെടുത്തുകൊണ്ട് അവരുടെ സമഗ്രപുരോഗതിക്കായി ആരംഭിച്ച 'കാടകം" പദ്ധതി, കാസർകോട്ടെ എൻഡോസൾഫാൻ ദുരിത ബാധിത മേഖലയിലെ വിദ്യാർത്ഥികൾക്കായി നടപ്പിലാക്കിവരുന്ന സാന്ത്വനം പദ്ധതി, കേരളത്തിലെ 44 നദികളിലൊന്നായ പള്ളിക്കലാറിന്റെ തീരത്ത് നടത്തിവരുന്ന കണ്ടൽ വനവൽക്കരണ പരിപാടി, ക്ളീൻ പള്ളിക്കലാർ ചലഞ്ച്, കുട്ടികളുടെ സർഗവാസനകളെ പ്രോത്സാഹിപ്പിക്കുന്നതിനായുള്ള മാമ്പഴക്കാലം അവധിക്കാല ക്യാമ്പുകൾ എന്നിങ്ങനെ ഒട്ടനേകം പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.
ഏഴു ജില്ലകളിൽ നിന്ന് 760 പേർ
മുരുകന്റെ പ്രവർത്തനങ്ങൾക്കായി കാരവാൻ മാതൃകയിൽ കുളിമുറി സൗകര്യമുള്ള ആംബുലൻസുകൾ നൽകിയാലോ എന്ന ആലോചന അമ്മ താരസംഘടനയുമായി പങ്കുവച്ചപ്പോൾ അവർ പിന്തുണച്ചു. കൊവിഡ് കാലത്താണ് ആ രണ്ട് ആംബുലൻസുകൾ ഏറെ ഓടിയത്. 7 ജില്ലകളിൽ നിന്നായി 760 പേരെ ഈ ലോക്ക് ഡൗൺ കാലത്ത് കണ്ടെത്തി പുനരധിവസിപ്പിച്ചു. ബിഹാർ,ഒറീസ തുടങ്ങി ദൂര സംസ്ഥാനങ്ങളിൽ നിന്ന് സഞ്ചരിച്ച് എത്തിയവർ വരെ ഇക്കൂട്ടത്തിലുണ്ട്. തിരുവനന്തപുരത്ത് ഷൂട്ടിംഗ് ബ്രേക്കിൽ കോട്ടയത്ത് ഭാര്യ വിദ്യയുടെ മാതാപിതാക്കളുടെ അടുത്തെത്തിയപ്പോഴാണ് ലോക്ക് ഡൗൺ പ്രഖ്യാപിക്കുന്നത്.
ആരോപണങ്ങളും മറുപടിയും
നടനായതുകൊണ്ട് ആളെക്കാട്ടാൻ ചെയ്യുന്നതാണ് ഇതെന്ന് ആരോപിക്കുന്നവരുണ്ട്. സിനിമ കണ്ട് ട്രോളിറക്കുന്നത് പോലെ തന്നെ. ട്രോളിലാണെങ്കിലും നേരിട്ടാണെങ്കിലും കുറ്റപ്പെടുത്തലിൽ കാമ്പുണ്ടെങ്കിൽ മാത്രമേ സ്വീകരിക്കാറുള്ളൂ. അതേപോലെ അഭിനന്ദനങ്ങളിലും മതിമയങ്ങാറുമില്ല. കുറ്റപ്പെടുത്തലുകൾ കേൾക്കുമ്പോൾ ഭാര്യയ്ക്ക് വിഷമമാകാറുണ്ട്. 'വിനൂ, നീയെത്ര ചെയ്തിട്ടും ആളുകളെന്താ ഇങ്ങനെ പറയുന്നത്?" എന്ന് ചോദിക്കാറുണ്ട്. അവർ, പറയട്ടെ. അത് കേൾക്കാൻ നിന്നാൽ നമ്മുടെ പണി നടക്കില്ല എന്നാണ് മറുപടി പറയാറുള്ളത്. ലാലേട്ടന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ആദ്യം ഞങ്ങളുടെ പ്രവർത്തനങ്ങളെ കുറിച്ച് പുറത്തറിയുന്നത്. പിന്നീട്, മുഖ്യമന്ത്രിയുടെ വൈകിട്ടത്തെ വാർത്താ സമ്മേളനത്തിലെ പരാമർശം ഊർജ്ജമായി. അതിന് ശേഷം പല നാടുകളിലെത്തുമ്പോഴും നാട്ടുകാർ തന്നെ സഹായവുമായി എത്തി.
പൊന്നുവെന്ന ഭാഗ്യം
എന്റെ അതേ മനസോടെ കൂടെ നിൽക്കുന്ന പൊന്നു (വിദ്യ) തന്നെയാണ് ജീവിതത്തിലെ ഭാഗ്യം. കൊവിഡ് പ്രവർത്തനത്തിലും ഞങ്ങൾക്കൊപ്പമുള്ള ഒരേയൊരു സ്ത്രീ വിദ്യയാണ്. സിനിമയിൽ നിന്നുള്ള ഞങ്ങൾ രണ്ടുപേരുടെയും സമ്പാദ്യം ഇതിലേക്കാണ് പോകുന്നത്. ഓരോ പ്രവർത്തനത്തിന് ശേഷവും ആംബുലൻസുകൾ അണുനശീകരണം ചെയ്യുക, ഓരോരുത്തർക്കും വെവ്വേറെ കത്രികയും ഷേവിംഗ് സെറ്റും വാങ്ങുക, അവർക്കായുള്ള വസ്ത്രങ്ങൾ വാങ്ങുക തുടങ്ങി നിരവധി കാര്യങ്ങൾക്കായി പണം വേണ്ടിയിരുന്നു. ഈ കാലത്തും ഏറ്റവും അടുത്ത സുഹൃത്തുക്കളാണ് ആവശ്യമായ ധനസഹായം ചെയ്തത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |