തിരുവനന്തപുരം: കൊവിഡ് രോഗികൾ സംസ്ഥാനത്ത് അനുദിനം വർദ്ധിക്കുന്നതിനിടെ, ലോക്ക് ഡൗണിൽ മുടങ്ങിയ എസ്.എസ്.എൽ.സി, ഹയർസെക്കൻഡറി, വി.എച്ച്.എസ്.സി പരീക്ഷകൾ ചൊവ്വാഴ്ച പുനരാരംഭിക്കുന്നതിനായി അതീവ ജാഗ്രതയോടെയുള്ള ഒരുക്കങ്ങളുടെ തിരക്കിലാണ് സ്‌കൂളുകളും അദ്ധ്യാപകരും.
ഒരുക്കങ്ങളുടെ പൂർണ ഉത്തരവാദിത്വം പ്രധാനാദ്ധ്യാപകർക്കും പ്രിൻസിപ്പൽമാർക്കുമാണ്. സ്‌കൂളും പരിസരവും അണുവിമുക്തമാക്കുകയാണ് പ്രധാന ജോലി. ഫയർഫോഴ്സിന്റെ സഹായത്തോടെയാണിത്. ചിലയിടങ്ങളിൽ പി.ടി.എയും സന്നദ്ധസംഘടനകളും ആരോഗ്യവകുപ്പും രംഗത്തുണ്ട്. കുട്ടികൾക്ക് ഇരിപ്പിടങ്ങൾ, സാനിറ്റൈസർ, മാസ്‌ക് തുടങ്ങിയവ ക്രമീകരിക്കുക, യാത്രാസൗകര്യം ഉറപ്പാക്കുക, പരീക്ഷാ കേന്ദ്രം മാറി അനുവദിച്ച പതിനായിരത്തിലേറെ കുട്ടികൾക്ക് സൗകര്യങ്ങൾ ഉറപ്പാക്കുക തുടങ്ങി നിരവധി ചുമതലകളാണ് അദ്ധ്യാപകർക്ക്. ചുരുങ്ങിയ സമയത്തിനുള്ളിൽ ഇവ പൂർത്തിയാക്കുന്ന തിരക്കിലാണിവർ.
പകുതിയിലധികം വിദ്യാർത്ഥികൾ സ്വന്തം നിലയിൽ വാഹനം ഏർപ്പെടുത്തി പരീക്ഷയ്ക്കെത്തുമെന്നാണ് കരുതുന്നത്. വാഹനവാടക വിദ്യാർത്ഥികൾക്ക് ബാദ്ധ്യതയാകും.
.
തെർമൽ സ്‌കാനറുകൾ എത്തിത്തുടങ്ങി
കുട്ടികളെയും അദ്ധ്യാപകരെയും പരിശോധിക്കുന്നതിനുള്ള തെർമൽ സ്‌കാനറുകൾ വിദ്യാഭ്യാസ വകുപ്പ് ഡി.ഇ.ഒ ഓഫീസുകളിൽ എത്തിച്ചുതുടങ്ങി. 2.5 കോടി രൂപ ചെലവിട്ട് 5000 സ്‌കാനറുകളാണ് കരുതിയിട്ടുള്ളത്. ഇവ കേരള മെഡിക്കൽ സർവീസസ് കോർപറേഷനിൽ നിന്ന് വിദ്യാഭ്യാസ അഡിഷണൽ ഡയറക്ടർ എം.കെ. ഷൈൻമോൻ ഏറ്റുവാങ്ങി. ഇന്നത്തോടെ ഇവയുടെ വിതരണം പൂർത്തിയാകും. സ്‌കൂൾ കവാടത്തിൽ തന്നെ വിദ്യാർത്ഥികളെ തെർമൽ സ്‌കാനർ ഉപയോഗിച്ച് പരിശോധിച്ച ശേഷമേ പരീക്ഷാ ഹാളിലേക്ക് വിടൂ. വിദ്യാർത്ഥികൾക്കുള്ള മാസ്കുകളുടെ വിതരണവും ഏകദേശം പൂർത്തിയായി.അദ്ധ്യാപകർക്ക് ഗ്ലൗസ് നിർബന്ധമാണ്.
വാർ റൂമിൽ നൂറുകണക്കിന് കോളുകൾ
പരീക്ഷകളുടെ സുഗമമായ നടത്തിപ്പിനായി പൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റിൽ സജ്ജമാക്കിയ വാർ റൂമിൽ നിരവധി പേരാണ് സംശയങ്ങൾ ചോദിച്ച് വിളിക്കുന്നത്. രാവിലെ എട്ട് മുതൽ രാത്രി എട്ട് വരെയാണ് വാർ റൂമിന്റെ പ്രവർത്തനം. ബന്ധപ്പെടാനുള്ള നമ്പരുകൾ: 0471 2580506, വാട്‌സാപ് നമ്പർ: 8547869946, ഇ-മെയിൽ: examwarroom@gmail.com
കമന്റ്
വിദ്യാഭ്യാസ മന്ത്രി
എസ്.എസ്.എൽ.സി, ഹയർ സെക്കൻഡറി, വി.എച്ച്.എസ്.സി പരീക്ഷകൾ എല്ലാ വിദ്യാർത്ഥികളും എഴുതുന്നുണ്ടെന്ന് ഉറപ്പുവരുത്തേണ്ടത് അദ്ധ്യാപകരുടെ കടമയാണ്.
പരീക്ഷാ നടത്തിപ്പിൽ സ്കൂളുകൾക്ക് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ സഹായം തേടാം.
വിദ്യാഭ്യാസ മന്ത്രി
സി.രവീന്ദ്രനാഥ്
അദ്ധ്യാപകരുടെ യാത്ര
തടസപ്പെടരുത് : ഡി.ജി.പി
തിരുവനന്തപുരം: മേയ് 26 ന് ആരംഭിക്കുന്ന സ്‌കൂൾ പരീക്ഷകളുമായി ബന്ധപ്പെട്ട് പ്രിൻസിപ്പൽമാർ, പ്രഥമാദ്ധ്യാപകർ, അദ്ധ്യാപകർ, മറ്റു ജീവനക്കാർ എന്നിവരുടെ യാത്ര ഒരിടത്തും തടസപ്പെടാതിരിക്കാൻ ശ്രദ്ധിക്കണമെന്ന് സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ ജില്ലാ പൊലീസ് മേധാവിമാർക്ക് നിർദ്ദേശം നൽകി. ഇവർക്ക് രാത്രിയിൽ ജില്ലവിട്ട് യാത്ര ചെയ്യേണ്ടി വന്നാൽ തിരിച്ചറിയൽ കാർഡും പരീക്ഷ സംബന്ധിക്കുന്ന രേഖകളും യാത്രാപാസായി പരിഗണിക്കും. സാധിക്കുന്ന സ്ഥലങ്ങളിൽ യാത്രയ്ക്ക് ആവശ്യമായ സഹായം പൊലീസ് നൽകണമെന്നും അദ്ദേഹം അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |