മുംബയ്: കൊവിഡ് ശമനമില്ലാതെ തുടരുന്നത് മഹാരാഷ്ട്രയിൽ രാഷ്ട്രീയ വിവാദത്തിന് തിരികൊളുത്തി. രാജ്യത്ത് ഏറ്റവും കൂടുതൽ കൊവിഡ് കേസുകൾ റിപ്പോർട്ടുചെയ്യുന്നത് മഹാരാഷ്ട്രയിലാണ്. മരണസംഖ്യയും മഹാരാഷ്ട്രയിൽ തന്നെയാണ് കൂടുതൽ.സംസ്ഥാനത്ത് കൊവിഡ് വർദ്ധിക്കുന്നത് സർക്കാറിന്റെ കഴിവുകേടാണെന്നാരോപിച്ച് ബി.ജെ.പി പ്രതിഷേധം കനപ്പിക്കുകയാണ്. മഹാരാഷ്ട്രയിൽ രാഷ്ട്രപതി ഭരണം ഏർപ്പെടുത്തണെന്ന് ബി.ജെ.പി എം.പി നാരായൺ റാണെ ആവശ്യപ്പെട്ടു.
കൊവിഡ് പ്രതിസന്ധി കൈകാര്യം ചെയ്യുന്നതിൽ സർക്കാർ പരാജയമാണെന്ന് പരാതിപ്പെട്ട് പ്രതിപക്ഷ നേതാവ് ദേവേന്ദ്ര ഫട്‌നാവിസ് ഗവർണർക്ക് കത്ത് നൽകിയിരുന്നു. സർക്കാറിനെതിരെ ശക്തമായ പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കാനുള്ള നീക്കത്തിലാണ് ബിജെപി.
പ്രതിസന്ധികളുടെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രി ഉദ്ധവ് താക്കറെ എൻ.സി.പി നേതാവ് ശരദ് പവാറുമായി കൂടിക്കാഴ്ച നടത്തി. തിങ്കളാഴ്ച വൈകുന്നേരം നടത്തിയ കൂടിക്കാഴ്ച ഒന്നരമണിക്കൂറോളം നീണ്ടുനിന്നു. എന്നാൽ, എന്താണ് ചർച്ച ചെയ്തതെന്ന് വ്യക്തമല്ല. ഗവർണറുമായി ചർച്ച നടത്തിയതിന് ശേഷമാണ് പവാർ മുഖ്യമന്ത്രിയെ കണ്ടത്. ഗവർണർ ഭരണത്തിൽ അമിതമായി ഇടപെടുന്നതിൽ പവാർ നേരത്തേ അതൃപ്തി പ്രകടിപ്പിച്ചിരുന്നു. അതേസമയം മഹാരാഷ്ട്ര സർക്കാർ ശക്തവും സുസ്ഥിരവുമാണെന്ന് കൂടിക്കാഴ്ചക്ക് പിന്നാലെ ശിവസേന എംപി സഞ്ജയ് റാവത്ത് അഭിപ്രായപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |