കോട്ടയം: തദ്ദേശ തിരഞ്ഞെടുപ്പ് അടുത്ത് വരുന്നതോടെ രണ്ടായി നിൽക്കുന്ന കേരള കോൺഗ്രസ് മാണി ഗ്രൂപ്പിനെ അനുനയിപ്പിക്കാൻ യുദ്ധകാലാടിസ്ഥാനത്തിലുള്ള പ്രവർത്തനത്തിലാണ് യു.ഡി.എഫ്. മുസ്ലീം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി ഇന്ന് രാവിലെ ഫോണിൽ പി.ജെ ജോസഫുമായും ജോസ് കെ.മാണിയുമായും സംഭാഷണം നടത്തി.
പക്ഷേ, കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തെക്കുറിച്ച് ഒരു വിട്ടുവീഴ്ചയ്ക്കും തയാറല്ലെന്ന് പി.ജെ ജോസഫ് അറിയിച്ചതായാണ് അറിയുന്നത്. അതേസമയം അങ്ങനെയൊരു തീരുമാനം ഇല്ലെന്നും ഉണ്ടെങ്കിൽ കാട്ടട്ടേയെന്നുമാണ് ജോസ് കെ.മാണി പ്രതികരിച്ചതെന്നാണ് പറയുന്നത്. ഇരുകൂട്ടരും ഉറച്ച നിലപാട് എടുത്തതോടെ വരാൻപോവുന്ന തദ്ദേശ തിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയെ നിർണയിക്കുക യു.ഡി.എഫിൽ കീറാമുട്ടിയാവും.
ഇന്നുതന്നെ കേരള കോൺഗ്രസ് പ്രശ്നത്തിൽ മുതിർന്ന കോൺഗ്രസ് നേതാവ് ഉമ്മൻ ചാണ്ടി ഇടപെടുമെന്നാണ് അറിയുന്നത്. എടുത്തുചാടി ഒരു തീരുമാനവും എടുക്കരുതെന്ന് ജോസിനോടും ജോസഫിനോടും അദ്ദേഹം അഭ്യർത്ഥിച്ചേക്കും. അതേസമയം ജോസഫും ജോസും യു.ഡി.എഫിൽ തുടരുന്നതിനെക്കാൾ അഭികാമ്യം ഇരു ചേരിയിൽ നില്ക്കുന്നതാവുമെന്നാണ് ഒരു കോൺഗ്രസ് നേതാവ് പറഞ്ഞത്.
യു.ഡി.എഫിൽ നിന്നാൽ കാലുവാരൽ നടക്കുമെന്നതിൽ സംശയമില്ലെന്നും പാലാ നിയമസഭാ മണ്ഡലത്തിൽ നടന്ന കഴിഞ്ഞ തിരഞ്ഞെടുപ്പ് ഫലമാവും ആവർത്തിക്കുകയെന്നും അദ്ദേഹം പറഞ്ഞു. ജോസും ജോസഫും കടുംപിടുത്തം തുടർന്നാൽ പോവുന്നവർ പോവട്ടെയെന്ന നിലപാട് യു.ഡി.എഫ് നേതൃത്വം സ്വീകരിക്കാനുള്ള സാദ്ധ്യതയാണ് തെളിഞ്ഞുവരുന്നത്.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തെ ചൊല്ലിയുണ്ടായ തർക്കത്തിൽ ഇരുകൂട്ടരെയും അനുനയിപ്പിക്കാൻ യു.ഡി.എഫ് നേതൃത്വം ആഴ്ചകളോളം ചർച്ചകൾ നടത്തിയിരുന്നു.
അവസാനം പി.ജെയെ അനുനയിപ്പിച്ച് ടേം ഇരുകൂട്ടർക്കുമായി പങ്കുവച്ചാണ് തീരുമാനമെടുത്തത്. പക്ഷേ, ഇപ്പോൾ സമയം കഴിഞ്ഞിട്ടും ജോസ് വിഭാഗം സീറ്റ് വിട്ടുനല്കാൻ തയാറായിട്ടില്ലായെന്നും അത് രാഷ്ട്രീട പാപ്പരത്തമാണെന്നും മോൻസ് ജോസഫ് എം.എൽ.എ പ്രതികരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |