റഫീക്ക് അഹമ്മദ്, മലയാളികളുടെ പ്രിയപ്പെട്ട കവിയും പാട്ടെഴുത്തുകാരനും. ആത്മാവിന്റെ ആഴങ്ങളിലേക്ക് ഇറങ്ങി ചെന്ന് അവിടെ താമസം തുടങ്ങുന്ന വരികൾക്ക് പ്രാണൻ പകരുന്നയാൾ. പാട്ടിന്റെ വഴിയിലേക്കുള്ള യാത്രയെക്കുറിച്ച് ഓർമ്മിക്കുന്നു അദ്ദേഹം.
ഒരേസമയം കവിയും ചലച്ചിത്രഗാന രചയിതാവും. രണ്ടും ഒരേ പോലെ കൊണ്ടു പോവാൻ കഴിയുന്നത് എങ്ങനെയാണ് ?
കവിതയുടെ മറ്റൊരു ആവിഷ്കാര രൂപമാണ് പാട്ടെഴുത്ത്. നമ്മുടെ നാട്ടിൽ ഇതിനെ അപൂർവതയായി കാണുന്നു. മറ്റു നാടുകളിൽ കവിതയും പാട്ടും നോവലും ഉൾപ്പെടെ പലതരം ആവിഷ്കാരങ്ങൾ ചെയ്യുന്നവരുണ്ട്. കവിത എഴുതുന്ന ആള് പാട്ട് കുറിക്കുമ്പോൾ അത് കവിതയെ പാടെ ഉപേക്ഷിച്ച് മറ്റൊരു മേഖലയിലേക്ക് വരുന്നുവെന്നല്ല അർത്ഥം. പലതരം ആവിഷ്കാരങ്ങൾ ചെയ്യുന്നത് എനിക്ക് ബുദ്ധിമുട്ടോ പ്രശ്നമോ നേരിടുന്ന കാര്യമല്ല. കേരളത്തിൽ അങ്ങനെ പല കാര്യങ്ങളും പതിവില്ലാത്തതിനാലാണ് അപൂർവത തോന്നുന്നത്. ഇവിടെ അശുദ്ധ ബോധം നിലനിൽക്കുന്നു. ചെറുകഥ എഴുതുന്ന ആള് നോവൽ എഴുതാൻ പാടില്ല. നോവൽ എഴുതുന്ന ആള് കവിത എഴുതാൻ പാടില്ല തുടങ്ങി കുറെ സങ്കല്പങ്ങളുണ്ട്. ആവിഷ്കാരത്തിന്റെ എല്ലാ മേഖലയിലും പ്രവർത്തിച്ച ആളാണ് ടാഗോർ. സർഗാത്മകമായ ആവിഷ്കാരത്തിന്റെ ഏതു മുഖങ്ങളിലും പ്രവർത്തിക്കാവുന്നതാണ്. ചിലപ്പോൾ ഒരു മേഖലയിലായിരിക്കും കൂടുതൽ കേന്ദ്രീകരിക്കുക.വയലാറും പി.ഭാസ്കരനും ഒ.എൻ.വിയും വലിയ കവികളാണ്. ഒരുപക്ഷേ അവരെ സാഹിത്യലോകം എത്രമാത്രം ഗൗരവത്തോടെ കണ്ടുവെന്ന് എനിക്ക് അറിയില്ല.
കവികളുടെ എണ്ണം കൂടുന്നു. സോഷ്യൽ മീഡിയയിലാണ് ജനനം?
വായനക്കാരനില്ലാത്തതാണ് സൈബർ കാലഘട്ടത്തിന്റെ സവിശേഷത.എല്ലാവരും എഴുത്തുകാർ. പണ്ട് എഴുത്തുകാർ പ്രത്യേക വിഭാഗമെന്ന് കരുതപ്പെട്ടു. എല്ലാവർക്കും എഴുതാമെന്നത് ഒരു കണക്കിന് നല്ലതാണ്. മൗലികമായ രചന ഇതിൽനിന്ന് വരുന്നോയെന്നത് ഒരു ചോദ്യം തന്നെയാണ്. എഴുതുന്നതിനെ നിരുത്സാഹപ്പെടുത്താൻ കഴിയില്ല. മോശമെന്ന് പറയാനും സാധിക്കില്ല. അത് അവരുടെ അവകാശമാണ്. നേരത്തേ കവിത പ്രസിദ്ധീകരിക്കാൻ പത്രമാദ്ധ്യമങ്ങൾ വേണം. ഇപ്പോൾ അതു വേണ്ട. സോഷ്യൽ മീഡിയയിൽ ആരോടും ചോദിക്കേണ്ട.എഡിറ്ററില്ല. എല്ലാവരും ആ പ്ളാറ്റ്ഫോം ഉപയോഗിക്കുന്നു. അതിൽ വരുന്നതെല്ലാം കവിതയാണെന്ന് കരുതുന്നവർക്ക് അങ്ങനെ ചിന്തിക്കാം. അല്ലാതെ വെറും എഴുത്തായി കരുതുന്നെങ്കിൽ അങ്ങനെ. കാലം ഒരു പക്ഷേ നല്ലതിനെ അരിച്ചുമാറ്റി, വരും കാലത്തേക്ക് നീക്കിവയ്ക്കുമെന്നാണ് കരുതുന്നത്. മനസിൽ അടക്കിപ്പിടിച്ച കാര്യങ്ങൾ പറയാൻ വെമ്പൽ കൊള്ളുന്ന ഒരുപാട് ആളുകളുണ്ട്. കവിതയാണോ അല്ലയോ എന്നു വിലയിരുത്തേണ്ടത് ഒാരോരുത്തരുടെയും ഭാവുകത്വം അനുസരിച്ചാണ്.
ഇപ്പോൾ മിക്ക സിനിമാപ്പാട്ടും ശ്രദ്ധിക്കപ്പെടുന്നില്ലല്ലോ?
സിനിമയുമായി ബന്ധപ്പെട്ടാണ് സിനിമാ പാട്ട്. വയലാറും പി.ഭാസ്കരൻ മാഷും ഒ.എൻ.വിയും പാട്ട് എഴുതിയ കാലത്തുനിന്ന് സിനിമയുടെ സ്വഭാവവും ഭാവവും മാറിയിട്ടുണ്ട്. ബ്ളാക്ക് ആൻഡ് വൈറ്റിൽനിന്ന് സിനിമ മാറി. അഭിനയം, സാങ്കേതിക മികവ്, വസ്ത്രധാരണം, സംഭാഷണം, കഥയുടെ ഇതിവൃത്തം എല്ലാത്തിനും വലിയ മാറ്റം സംഭവിച്ചു. അപ്പോൾ സ്വാഭാവികമായും പാട്ടും മാറും. പുതിയ കാലഘട്ടത്തിൽ പാട്ടിൽ സാഹിത്യ പ്രാധാന്യം പരിഗണിക്കപ്പെടാതെ സംഗീത സൃഷ്ടി എന്ന നിലയിൽ മുന്നോട്ടു കൊണ്ടു വരാൻ ശ്രമിക്കുന്നു. അപ്പോൾ താത്കാലികമായ നിലനില്പേ പാട്ടുകൾക്ക് ഉണ്ടാകൂ. ഒന്നോ രണ്ടോ ആഴ്ച ആളുകളെ രസിപ്പിക്കുകയും പിന്നെ മറവിയിലേക്ക് പോവുകയും ചെയ്യുന്നു. അതാണ് ഇപ്പോൾ സംഭവിക്കുന്നത്. സംഗീത സംവിധായകന്റെ സൃഷ്ടിയായി പാട്ട് ലോകം മാറി. ഗായകന്റെ പേരുപോലും പലപ്പോഴും കാണാറില്ല.ഇത് പുറംനാടുകളിലെ രീതിയാണ്. മലയാളിയുടേതല്ല. സാഹിത്യത്തിനും കവിതയ്ക്കും പ്രാമുഖ്യം നൽകുന്ന സംസ്കാരമാണ് നമ്മുടേത്. കാവ്യ ഗുണമുള്ള പാട്ടുകൾ മാത്രമേ നിലനിൽക്കൂ.പഴയ പാട്ടുകൾ ഒാർത്തുവയ്ക്കുന്നത്, അതിന്റെ സംഗീതം കൊണ്ടു മാത്രമല്ല, മനസിൽ തൊടുന്ന കുറെ വരികൾ അതിലുള്ളതു കൊണ്ടു കൂടിയാണ്.' ഒരു പുഷ്പം മാത്രമെൻ പൂങ്കുലയിൽ നിറുത്താം ഞാൻ,"ഇന്നലെ മയങ്ങുമ്പോൾ ഒരു മണി കിനാവിന്റെ പൊന്നിൻ ചിലമ്പൊലി കേട്ടു എന്നീ പാട്ടുകൾ നമ്മളുമായി ബന്ധപ്പെട്ട കാര്യമായതിനാലാണ് ഇപ്പോഴും നിൽക്കുന്നത്. അതിനു പകരം താനന, താനന എന്നു മാത്രം കേൾക്കുമ്പോൾ ഒരാഴ്ച കഴിഞ്ഞു അപ്രസക്തമാകും.
കവിത എഴുതിയാണല്ലോ തുടക്കം. സിനിമയിൽ പാട്ടെഴുതാൻ ആഗ്രഹിച്ചോ?
ആഗ്രഹിച്ചുമില്ല, ശ്രമിച്ചുമില്ല. കുറച്ചു സുഹൃത്തുക്കൾ ചേർന്ന് എടുത്ത സിനിമയായിരുന്നു 'ഗർഷോം". അതിന്റെ ചർച്ചകൾക്കൊക്കെ കൂടെ ചെന്നിരിക്കാറുണ്ടായിരുന്നു. അങ്ങനെ ഒരു സന്ദർഭത്തിലാണ് ആ സിനിമയിലെ പാട്ട് എഴുതാനുള്ള ചോദ്യത്തിലേക്ക് എത്തുന്നത്. ഗർഷോം കഴിഞ്ഞതോടെ എന്റെ സിനിമാ ജീവിതം അവസാനിച്ചു. കവിത എഴുത്തും സർക്കാർ ജോലിയുമായി പോയി. കുറെ കാലത്തിനുശേഷമാണ് 'പെരുമഴക്കാലം" വരുന്നത്. അതിനുശേഷമാണ് എനിക്ക് പോലും നിയന്ത്രിക്കാൻ കഴിയാത്ത വിധം കുറെ സിനിമയിൽ പെട്ടു പോയത്. ജോലിയും പാട്ടെഴുത്തും ഒരുമിച്ച് കൊണ്ടു പോകാൻ കഴിയാതെ വന്നു. ജോലിയിൽനിന്ന് സ്വയം വിരമിച്ചു. അതിനുശേഷമാണ് സിനിമയിൽ സജീവമാവുന്നത്.
കുറഞ്ഞ സമയത്തിനകം അഞ്ചു സംസ്ഥാന പുരസ് കാരങ്ങൾ. ഉത്തരവാദിത്തം ഏറെയല്ലേ?
വലിയ ഒരു പരമ്പരയുടെ ഭാഗമാണെന്ന തോന്നൽ വലിയ ഉത്തരവാദിത്തം ഏല്പിക്കുന്ന കാര്യമാണ്. ഭാഷയെ ഒരു ഇഞ്ച് എങ്കിലും മുന്നോട്ടുകൊണ്ടു പോവാൻ കഴിയണമെന്ന് കവിത എഴുതുന്ന എല്ലാവരും ഒാർമ്മിക്കണം. എത്ര വലിയ മഹാരഥൻമാർ പ്രവർത്തിച്ച മേഖലയിലാണ് നമ്മളുമെന്ന ഉത്തരവാദിത്ത ബോധം വേണം. അതില്ലാതെ നിസാരവത്കരിക്കുമ്പോഴാണ് ഭാഷയും സമൂഹവും സാഹിത്യവും ജീർണിക്കുന്നത്. എനിക്ക് ബഹുമാനവും അസൂയയും ആരാധനയും തോന്നിയ പാട്ടുകാരാണ് വയലാറും പി. ഭാസ്കരൻ മാഷും ഒ.എൻ.വിയും ശ്രീകുമാരൻ തമ്പി സാറും. അവർ വ്യത്യസ്ത ശൈലിയും വഴിയും കണ്ടെത്തിയവരാണ്. വ്യത്യസ്ത വഴി കണ്ടെത്തണമെന്നാണ് എന്റെയും ആഗ്രഹം, ചെറിയ ഒരു വഴി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |