അഭിനയരംഗത്ത് ആറുവർഷം പൂർത്തിയാക്കുന്ന രജീഷ വിജയൻനിലപാട് വ്യക്തമാക്കുന്നു........
എങ്ങനെയാണ് ചിത്രങ്ങൾ തിരഞ്ഞെടുക്കുന്നത് ?
തിരക്കഥ നന്നായി വായിക്കും. എന്തെങ്കിലും രീതിയിൽ എനിക്ക് ഇഷ്ടപ്പെടുന്ന ഒരു കഥയായിരിക്കണം. തിരക്കഥയിൽ എന്റെ കഥാപാത്രത്തിന് എത്രത്തോളം അഭിനയ സാദ്ധ്യത ഉണ്ടെന്നും പ്രാധാന്യം ഉണ്ടെന്നും നോക്കും. അതു വരെ ചെയ്ത കഥാപാത്രങ്ങളിൽ നിന്ന് വ്യത്യസ്തമാണെങ്കിൽ മാത്രമേ ഞാൻ ഒരു സിനിമ ചെയ്യുകയുള്ളൂ. അനുരാഗ കരിക്കിൻ വെള്ളം കഴിഞ്ഞതിന് ശേഷം എനിക്ക് വന്ന കുറെ കഥാപാത്രങ്ങൾ അതേപോലുള്ളവയായിരുന്നു. ജൂൺ കഴിഞ്ഞപ്പോഴും അതേ അവസ്ഥയായിരുന്നു. ഞാൻ ഒഴിവാക്കിയ പല സിനിമകളും പിന്നീട് സൂപ്പർ ഹിറ്റുകളായി. അതിലൊന്നും എനിക്ക് ഒന്നും ചെയ്യാൻ ഇല്ലായിരുന്നു.അതുകൊണ്ട് തന്നെ അത്തരം സിനിമകൾ നിരസിച്ചതിൽ വിഷമം തോന്നാറില്ല.
ജൂണിലെ സാറയെപ്പോലെ പ്ലസ് ടുവിനു പഠിക്കുമ്പോൾ പ്രണയിച്ചിട്ടുണ്ടോ?
സ്കൂൾ കാലത്തൊക്കെ ആരാ പ്രണയിക്കാത്തത്. ഓരോ പ്രായത്തിനനുസരിച്ചുള്ള ക്രഷുകൾ സ്വാഭാവികമായും തോന്നുമല്ലോ. പിന്നെ പ്രണയം ഒരിക്കലും പിടിച്ചു പറിച്ചു വാങ്ങിക്കാൻ കഴിയുന്ന ഒന്നല്ല. നമ്മൾക്ക് ഇഷ്ടം തോന്നുന്ന ഒരാൾക്ക് നമ്മളോട് ഇഷ്ടം തോന്നണമെന്നില്ല.നമ്മുടെ സമൂഹം മനസിലാക്കേണ്ട ഒന്നാണത്. ഇഷ്ടം ലഭിക്കാതെ വരുമ്പോൾ പെട്രോൾ ഒഴിച്ച് കൊല്ലുന്നതാണല്ലോ ഇപ്പോഴത്തെ ട്രെൻഡ് .ഞാൻ ഒരുപാട് ആഗ്രഹിച്ചു ചെയ്ത കഥാപാത്രമാണത്.
ജീവിതത്തിലെ പ്രതിസന്ധികളെ എങ്ങനെയാണ് മറികടക്കുന്നത്?
നമുക്കൊരു വിഷമം ഉണ്ടാകുമ്പോൾ അത് മനസിലിട്ട് വലുതാക്കുന്നതിനോട് എനിക്ക് താത്പര്യമില്ല. ഉള്ളിലുള്ള വിഷമം ഏറ്റവും അടുത്ത് നിൽക്കുന്ന ഒരാളോട് പറയുന്നതാണ് നല്ലത്. മാതാപിതാക്കളോട് പറയുന്നതാണ് ഏറ്റവും നല്ലത്. വിഷമം വരുമ്പോൾ ഞാൻ ആദ്യം മനസ് തുറക്കുന്നത് അവരോടാണ്. പ്രശ്നത്തിന്റെ ഗൗരവം മനസിലാക്കി നമ്മളെ നേർവഴിക്ക് നടത്താനുള്ള അനുഭവസമ്പത്ത് അവർക്കുണ്ട്.നമ്മളെ ശാസിക്കാനും ശിക്ഷിക്കാനുമുള്ള അവകാശം അവർക്കു തന്നെയാണല്ലോ. അതേ സമയം മക്കൾക്ക് മനസു തുറന്നു സംസാരിക്കാനുള്ള സാഹചര്യവും സ്വാതന്ത്ര്യവും മാതാപിതാക്കൾ ഒരുക്കേണ്ടതാണ്. എന്തും തുറന്നു പറയാനുള്ള സൗഹൃദാന്തരീക്ഷം വീട്ടിൽ ഉണ്ടാവുമ്പോൾ ഒരു പരിധിവരെ നമ്മളെ ബാധിക്കുന്ന പ്രശ്നങ്ങൾക്കെല്ലാം പരിഹാരമാകും.എല്ലാ പ്രശ്നങ്ങളെയും നമുക്ക് ഒറ്റയ്ക്ക് നേരിടാൻ കഴിയില്ല. പലപ്പോഴും നമുക്ക് ആരും ഇല്ലെന്ന തോന്നൽ ഉണ്ടാകുമ്പോഴാണ് ഡിപ്രഷൻ പോലുള്ള അവസ്ഥയിലേക്ക് നീങ്ങുന്നത്.
നോ പറയേണ്ടിടത്തു നോ പറയുന്ന ആളാണോ രജീഷ?
എസ് എന്ന് പറയാനുള്ള സ്വാതന്ത്ര്യം ഉള്ളതുപോലെ തന്നെ നോ പറയാനുള്ള സ്വാതന്ത്ര്യവും എല്ലാവർക്കുമുണ്ട്. ഒരു കാര്യത്തെ സ്വീകരിക്കാനും തള്ളിക്കളയാനുമുള്ള അവകാശം നമുക്കുണ്ട്. നോ പറയേണ്ടിടത്തു നോ പറയുന്ന ആളാണ് ഞാൻ. മറ്റുള്ളവരെ വേദനിപ്പിക്കുന്ന രീതിയിൽ അഭിപ്രായം പറയാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കാറുണ്ട്. തെറ്റ് കാണുമ്പോൾ അത് തെറ്റാണെന്നും ശരി കാണുമ്പോൾ ആ പക്ഷത്തു നിൽക്കുകയും ചെയ്യുന്ന ആളാണ് ഞാൻ.
ജേർണലിസത്തിൽ നിന്ന് എങ്ങനെയാണ് സിനിമയിലേക്ക് വന്നത് ?
മാദ്ധ്യമപ്രവർത്തകയാകണമെന്നായിരുന്നു ആഗ്രഹം.അതു കൊണ്ട് ജേർണലിസവും പഠിച്ചു. പിന്നീടാണ് അവതാരകയായത്. മലയാളത്തിലെ പല പ്രധാനപ്പെട്ട ടി.വി ഷോകളിലും അവതാരകയായി. ആ സമയത്ത് സിനിമയിൽ ഒരുപാട് അവസരങ്ങൾ വന്നു.എന്നാൽ എനിക്ക് എന്തെങ്കിലും കാര്യമായി പെർഫോം ചെയ്യാൻ കഴിയുന്ന സിനിമയിലേ അഭിനയിക്കൂയെന്ന് ആദ്യമേ തീരുമാനിച്ചിരുന്നു.
മലയാളി എന്ന നിലയിൽ
രജീഷയ്ക്ക് അഭിമാനം തോന്നിയ കാര്യങ്ങൾ?
ഒരേ സമയം അഭിമാനവും വിഷമവും തോന്നിയിട്ടുണ്ട്. ഒന്നും മലയാളികളെ അടിച്ചേല്പിക്കാൻ കഴിയില്ല .അതാണ് മലയാളികളിൽ കാണുന്ന ഏറ്റവും വലിയ പ്രത്യേകത. ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് നമ്മൾ മലയാളികൾ പ്രതികരണ ശേഷി കൂടിയവരാണ്. അതേ സമയം നമ്മുടെ നാട്ടിലെ ഹർത്താലും ബന്തും ഒക്കെ ഇത്തിരി കൂടിപോകുന്നോയെന്ന് പലവട്ടം തോന്നിയിട്ടുണ്ട്. ജനങ്ങളെ നേരിട്ട് ബാധിക്കുന്ന ഇത്തരം കലാപരിപാടികൾ കാണുമ്പോൾ വിഷമം തോന്നാറുമുണ്ട്. പാലാരിവട്ടം പാലം കാണുമ്പോൾ വീണ്ടും വിഷമം തോന്നും. സാക്ഷരത നിരക്ക്, സ്ത്രീശാക്തീകരണം എന്നീ കാര്യങ്ങളിൽ നമ്മൾ ബഹുദൂരം മുന്നിലല്ലേ. അതേ സമയം വാളയാർ പോലുള്ള സംഭവങ്ങൾ ആവർത്തിക്കുമ്പോൾ വീണ്ടും നിരാശ ബാധിക്കും. ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് നോക്കുമ്പോൾ നമ്മൾ എത്രയോ മുന്നിലാണ്. എന്നാൽ നമ്മൾ എപ്പോഴും മത്സരിക്കേണ്ടത് നമ്മളെക്കാൾ മുന്നിലുള്ളവരോടാണ്.
സിനിമയിലെ ഏറ്റവും ഇഷ്ടപ്പെട്ട ജോണർ?
ഹൊറർ ഒഴിച്ച് എല്ലാ ജോണറും ഇഷ്ടമാണ്. ഹൊറർ സിനിമകൾ കാണാൻ പേടിയാണ്.
മലയാള സിനിമയിൽ ഇന്ന് ഒന്നിലധികം വിഭാഗങ്ങളും പക്ഷങ്ങളുമുണ്ട്. രജീഷ അതിൽ ഏതു പക്ഷത്താണ്?
ഒരു വിഭാഗത്തിന്റെയും കൂടെ ഞാനില്ല. എപ്പോഴും ശരിയുടെ പക്ഷത്താണ്. ഓരോ വിഷയം വരുമ്പോൾ അതിൽ ശരി ആരുടെ പക്ഷത്താണ്, അവരുടെ കൂടെയാണ് ഞാൻ നിൽക്കാറുള്ളത്.
പൂർണമായും സംവിധായകനെ വിശ്വസിക്കുന്ന നടിയാണോ ?
സിനിമ എന്നും സംവിധായകന്റെ കലയല്ലേ. സംവിധായകൻ എന്താണ് ആഗ്രഹിക്കുന്നത് അത് കൊടുക്കുക എന്നതാണ് ഒരു നടിയെന്ന നിലയിൽ എന്റെ പരമപ്രധാനമായ ധർമ്മം. എന്നാൽ കഥാപാത്രത്തെ സംബന്ധിക്കുന്ന എന്റെ അഭിപ്രായങ്ങൾ എല്ലാം തന്നെ ഞാൻ സംവിധായകനുമായി പങ്കുവയ്ക്കാറുമുണ്ട്.
ഒരു നടി ആയതിനു ശേഷം സംഭവിച്ച പ്രധാന മാറ്റങ്ങൾ?
മുൻപരിചയമില്ലാത്ത ആളുകളുടെ സ്നേഹം അനുഭവിക്കാൻ കഴിഞ്ഞു. മരണശേഷവും സിനിമകളിലൂടെ നമ്മൾ വീണ്ടും പ്രേക്ഷക മനസുകളിൽ ജീവിക്കുമെന്നത് എന്നെ വളരെയധികം സന്തോഷവതിയാക്കുന്നുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |