കണ്ണൂർ: അച്ഛന്റെ മുഖംപോലും ശരിക്ക് ഓർമ്മയില്ല. എന്നിട്ടും വർഷങ്ങളായി അച്ഛനെ തേടിനടക്കുകയാണ് ശ്രീജിത്ത്. ശ്രീജിത്തിന് മൂന്ന് വയസുള്ളപ്പോഴാണ് അച്ഛൻ പടിയിറങ്ങിപ്പോയത്. ഇപ്പോൾ വയസ് 43. അഗതിമന്ദിരങ്ങളിലും വൃദ്ധസദനങ്ങളിലും അച്ഛന്റെ ഫോട്ടോയുമായി കയറിയിറങ്ങുന്നു. തലശേരി എരഞ്ഞോളി പാലത്തിനടുത്ത് പെയിന്റിംഗ് വർക്ക് ഷോപ്പ് നടത്തിയിരുന്ന നെരോത്ത് ചെള്ളത്ത് കുഞ്ഞിക്കണ്ണനാണ് ആരോടും ഒന്നുംപറയാതെ 40 വർഷം മുമ്പ് നാല്പതാം വയസിൽ അപ്രത്യക്ഷനായത്. അച്ഛനെക്കുറിച്ച് അമ്മ ഗീത പറഞ്ഞ വിവരം മാത്രമാണ് മക്കളായ ശ്യാംകുമാറിനും ശ്രീജിത്തിനും ഷംജിത്തിനുമുള്ളത്. ജ്യേഷ്ഠനും അനുജനും വിവാഹിതരായിട്ടും ശ്രീജിത്ത് അവിവാഹിതനായി തുടർന്നു. വർക്ക് ഷോപ്പ് നടത്താൻ തുടങ്ങിയിരുന്നെങ്കിലും അച്ഛനെ തേടൽ പതിവായതോടെ അതും മുടങ്ങി.
1980 ജനുവരി 14നു വീടു വിട്ടിറങ്ങിയ അച്ഛനെക്കുറിച്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് പല മുഖ്യമന്ത്രിമാരെയും സമീപിച്ചു. ഒടുവിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും മുഖ്യമന്ത്രി പിണറായി വിജയനും പരാതി നൽകി. 1989 ൽ ഇ.കെ. നായനാർ മുഖ്യമന്ത്രിയായിരിക്കെ ചെന്നൈയിൽ പങ്കെടുത്ത ഒരു തിരഞ്ഞെടുപ്പ് പൊതുയോഗത്തിന്റെ ഫോട്ടോയിൽ അച്ഛനെ കണ്ടെന്നുപറഞ്ഞ് അവിടെപ്പോയി തെരഞ്ഞെങ്കിലും ഫലമുണ്ടായില്ല. അച്ഛനെ കണ്ടിട്ട് ഇനി എന്ത് എന്ന ചോദ്യം തന്നോടുതന്നെ പലപ്പോഴും ചോദിച്ചിട്ടു ണ്ടെങ്കിലും ഉത്തരമില്ലാതെ ശ്രീജിത് അച്ഛനെ തെരയുകയാണ്...
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |