തിരുവനന്തപുരം: ശിവഗിരി ടൂറിസം സർക്യൂട്ട് അടക്കമുള്ള രണ്ടു തീർത്ഥാടന ടൂറിസം പദ്ധതികൾ കേന്ദ്ര സർക്കാർ ഉപേക്ഷിച്ചത് മലയാളികളോടുള്ള വഞ്ചനയാണെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
ശിവഗിരിയും ശ്രീനാരായണ ഗുരുവായി ബന്ധപ്പെട്ട കേന്ദ്രങ്ങളും തമ്മിൽ ബന്ധിപ്പിക്കുന്ന തീർത്ഥാടന സർക്യൂട്ടും വിവിധ മതങ്ങളുടെ 133 ആരാധനാലയങ്ങളിൽ അടിസ്ഥാന സൗകര്യം ഒരുക്കുന്ന കേരള സ്പിരിച്ച്വൽ സർക്യൂട്ട് ടൂറിസം പദ്ധതിയുമാണ് റദ്ദാക്കിയത്. ഇതിന്റെ കാരണം അറിയില്ല.
ഈ സർക്കാരിന്റെ ആദ്യവർഷം ടൂറിസം വകുപ്പ് നിർദ്ദേശിച്ച ശിവഗിരി കേന്ദ്രീകരിച്ചുള്ള 118 കോടി രൂപയുടെ തീർത്ഥാടന ടൂറിസം പദ്ധതി 69.47 കോടിയായി വെട്ടിച്ചുരുക്കിയിരുന്നു. അതാണ് റദ്ദാക്കിയത്. ഫെഡറൽ തത്വങ്ങൾക്ക് വിരുദ്ധമായി ഐ.ടി.ഡി.സി മുഖേന പദ്ധതി നടപ്പാക്കാനുള്ള കേന്ദ്ര ടൂറിസം മന്ത്രാലയത്തിന്റെ തീരുമാനത്തോട് സംസ്ഥാനം വിയോജിപ്പ് അറിയിച്ചെങ്കിലും പദ്ധതി നടപ്പാക്കാൻ പൂർണ പിന്തുണ നൽകി. കേന്ദ്ര ടൂറിസം മന്ത്രിയായിരുന്ന അൽഫോൺസ് കണ്ണന്താനം 2019 ഫെബ്രുവരിയിൽ ശിവഗിരിയിൽ പദ്ധതിയുടെ നിർമ്മാണോദ്ഘാടനം നടത്തിയിരുന്നു .
133 ആരാധനാലയങ്ങളിൽ 85.22 കോടി ചിലവിൽ അടിസ്ഥാന സൗകര്യമൊരുക്കാനുള്ളതാണ് റദ്ദാക്കിയ രണ്ടാമത്തെ പദ്ധതി. മിസോറാം ഗവർണറായിരുന്ന കുമ്മനം രാജശേഖരൻ പത്തനംതിട്ട മാക്കാംക്കുന്ന് സെന്റ് സ്റ്റീഫൻസ് പാരിഷ് ഹാളിൽ ഈ പദ്ധതിയുടെ നിർമ്മാണോദ്‌ഘാടനം നടത്തിയതാണ്.
പദ്ധതികൾ ഉപേക്ഷിച്ചതോടെ ഡി.പി.ആർ തയ്യാറാക്കിയ സ്ഥാപനങ്ങൾക്ക് ലക്ഷക്കണക്കിന് രൂപ സംസ്ഥാന ടൂറിസം വകുപ്പ് നൽകേണ്ടി വരും. ശിവഗിരി പദ്ധതിക്ക് ഡി. പി. ആർ ഫീസ് 80 ലക്ഷം രൂപയാണ് ഏജൻസി ആവശ്യപ്പെടുന്നത്.
154 കോടിയുടെ പദ്ധതികളാണ് തുടങ്ങിവച്ച ശേഷം റദ്ദാക്കുന്നത്. സംസ്ഥാനത്തിന്റെ ടൂറിസം വികസനത്തിനും, തീർത്ഥാടന ടൂറിസത്തിനും തിരിച്ചടിയാകുന്ന തീരുമാനം തിരുത്തണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് മുഖ്യമന്ത്രി കത്ത് അയയ്ക്കും. കേന്ദ്ര ടൂറിസം മന്ത്രിക്ക് താനും കത്ത് നൽകുമെന്നും കടകംപള്ളി പറഞ്ഞു.
ജൂൺ 2 ന് സത്യാഗ്രഹം
ശിവഗിരി ടൂറിസം സർക്യൂട്ട് പദ്ധതി റദ്ദാക്കിയ തീരുമാനം പിൻവലിക്കണമെന്നാവശ്യപ്പെട്ട് ജൂൺ 2 ന് വർക്കല മൈതാനത്ത് സൂചനാ സത്യാഗ്രഹം നടത്തുമെന്ന് വി.ജോയി എം.എൽ.എ അറിയിച്ചു. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ചുരുക്കം ആളുകളെ പങ്കെടുപ്പിച്ചാകും ഏകദിന സമരം. തീരുമാനം പിൻവലിച്ചില്ലെങ്കിൽ വീണ്ടും സമരങ്ങൾ സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |