ഞാൻ പ്രകാശൻ, ജാക്ക് ആൻഡ് ഡാനിയേൽ എന്നീ ചിത്രങ്ങളിലൂടെ പ്രസിദ്ധയായയുവ നായിക അഞ്ജു കുര്യന്റെ വിശേഷങ്ങൾ......
ചെന്നൈ ഹിന്ദുസ്ഥാൻ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ടെക് നോളജി ആൻഡ് സയൻസിൽ ഡിഗ്രി ചെയ്യുമ്പോൾ നിവിൻ പോളിയുടെ നേരത്തിൽ തല കാണിച്ചു . അതു നല്ല നേരത്തിന്റെ തുടക്കമായിരുന്നു. എന്റെ ഫ്രണ്ട്സ് സർക്കിളിൽപ്പെട്ടവരുടെ സെറ്റായിരുന്നു നേരം.അൽഫോൻസ് ചേട്ടനും ജൂഡ് ചേട്ടനും എന്റെ സുഹൃത്തുക്കളാണ്. കാമറയ്ക്കു മുന്നിൽ കേറി നിൽക്കാൻ അൽഫോൻസ് ചേട്ടൻ പറഞ്ഞു. ഡയലോഗ് തരല്ലേയെന്നു ഞാനും. നേരത്തിൽ നിവിൻ പോളിയുടെ സഹോദരിയുടെ വേഷമായിരുന്നു. നേരം ചെയ്തതോടെ സിനിമയെ അറിഞ്ഞു തുടങ്ങി. ജൂഡ് ചേട്ടന്റെ ഒാം ശാന്തി ഒാശാനയുടെ ലൊക്കേഷനിലും പോയി തലകാണിച്ചു. അങ്ങനെ വിനീത് ശ്രീനിവാസന്റെ നായികയായി. ഡയലോഗ് തരല്ലേയെന്നു വീണ്ടും ഞാൻ പറഞ്ഞു. അൽഫോൻസ് ചേട്ടന്റെ പ്രേമത്തിൽ അഞ്ജുവായി. പിന്നെ രണ്ടു പെൺകുട്ടികൾ. രണ്ടു വർഷം നല്ല അവസരം വന്നില്ല. ഡിഗ്രി ഫൈനൽ ഇയർ കഴിഞ്ഞു കവി ഉദ്ദേശിച്ചത് എന്ന ചിത്രത്തിൽ ആസിഫ് അലിയുടെ നായികയായി. ഇഷ്ടം പോലെ ഡയലോഗ്. ശേഷം ഞാൻ പ്രകാശൻ . ഞാൻ പ്രകാശൻ വലിയ ബ്രേക്ക് തന്നു. അതു കഴിഞ്ഞാണ് ജാക്ക് ആൻഡ് ഡാനിയേൽ എത്തുന്നത്. എനിക്ക് 40 ദിവസത്തെ ഷൂട്ട് ഉണ്ടായിരുന്നു. ദിലീപേട്ടൻ, അർജുൻ സാർ...അങ്ങനെ വലിയ താരനിര.
ഒരുപാട് സീനിയർ ആർട്ടിസ്റ്റുകളോടൊപ്പം അഭിനയിക്കാൻ കഴിഞ്ഞു. ദിലീപേട്ടൻ നന്നായി ഹെൽപ് ചെയ്തു. എന്റെ ഷോട്ടിൽ പോരായ് മ ഉണ്ടെങ്കിൽ അപ്പോൾ തന്നെ പറഞ്ഞു തരും. ചിലപ്പോൾ ആ ഷോട്ടിൽ ദിലീപേട്ടൻ ഉണ്ടാവില്ല. ഞാനുമായി സാദൃശ്യമുള്ള കഥാപാത്രം ഒരു സിനിമയിലും വന്നിട്ടില്ല. നല്ല സിനിമയുടെ ഭാഗമാവാനാണ് ആഗ്രഹം.നല്ല ക്രൂവിൽ നിന്ന് ലഭിക്കുന്ന എക്സ്പീരിയൻസ് വിലമതിക്കാനാവാത്തതും മുന്നോട്ടുള്ള യാത്രയ്ക്ക് സഹായകരമാവുന്നതുമാണ്. നായികയായി മാത്രമേ അഭിനയിക്കുവെന്നില്ല. നല്ല കഥാപാത്രത്തെ അവതരിപ്പിക്കാനാണ് ആഗ്രഹവും താത്പര്യവും.സിനിമ കണ്ടു കണ്ടാണ് ഇഷ്ടം തോന്നുന്നത്.മലയാളത്തിൽ നിന്ന് നല്ല പ്രോജക്ടുകൾ വരുന്നുണ്ട്. തമിഴിൽ ചെന്നൈ ടു സിംഗപ്പൂർ, ജൂലയ് കാട്രിൽ എന്നീ സിനിമകളിൽ നായികയായി. തെലുങ്കിൽ ഇദം ജഗദ് . രണ്ടു ഭാഷയിൽ നിന്നും പുതിയ ഒാഫറുണ്ട്. വൈകാതെ കന്നടയിലും അഭിനയിക്കും.
ക്രിയേറ്റിവിറ്റി ഫീൽഡിൽ എത്തണമെന്നത് ചെറുപ്പം മുതലുള്ള ആഗ്രഹമായിരുന്നു. ഫാഷൻ ഡിസൈനിംഗ്, ജമ്മോളജി, ആർക്കിടെക്ചർ ഇതെല്ലാം തലയിൽ റൊട്ടേറ്റ് ചെയ്യാൻ തുടങ്ങി. മെഡിക്കൽ, എൻജിനിയറിംഗ് രംഗത്ത് വരില്ലെന്ന് ഉറപ്പായിരുന്നു. ആർക്കിടെക്ചർ ഒടുവിൽ ചൂസ് ചെയ്തു.ഹിന്ദുസ്ഥാൻ കോളേജിൽ നിന്ന് ആർക്കിടെക്ചറിലാണ് ബിരുദം നേടിയത്. സ്കൂളിൽ പെയ് ന്റിംഗ് മത്സരത്തിൽ പങ്കെടുത്തിട്ടുണ്ട്.കോളേജിൽ പഠിക്കുമ്പോഴും വിട്ടില്ല. എന്റെ വീടിന്റെ മുഖച്ഛായ ഞാൻ തന്നെ മാറ്റിയിട്ടുണ്ട്. ഒരു അവധിക്കാല പരിപാടിയായിരുന്നു അത്. കലാപരമായി ബന്ധപ്പെട്ട പഠനം ഉണ്ടെങ്കിലേ ജീവിതം കളർഫുള്ളാവൂ. ഇതെല്ലാം ചേർന്നാൽ മാത്രമേ എനിക്ക് പഠിക്കാൻ കഴിയൂ. സ്കൂളിലും കോളേജിലും ഞാൻ ഇങ്ങനെയായിരുന്നു. രണ്ടു വർഷം ആർക്കിടെക്ചർ ഫീൽഡിൽ ജോലി ചെയ്തു. സിനിമ കൂടി വന്നപ്പോൾ തത് കാലം ബ്രേക്കെടുത്തു. ആ മേഖലയിലെ ചെറുമാറ്റം പോലും വീക്ഷിക്കാറുണ്ട്. ചെയ്യുന്ന ജോലി മനസിന് സംതൃപ്തി നൽകണം. അതു ലഭിക്കുന്നുണ്ട്. ആർക്കിടെക്ചർ ഫീൽഡിൽ പല കാര്യങ്ങളും എനിക്ക് ചെയ്യാൻ കഴിയുമെന്ന് വിശ്വാസമുണ്ട്. നാളെ അതിന്റെ ഭാഗമാവും. ഞാൻ രൂപകല്പന ചെയ്ത സ്വന്തം വീട്. അത് ഒരു സ്വപ്നമാണ്. സമൂഹത്തിന്റെ ഭാഗമായ പ്രവർത്തനങ്ങളിൽ പങ്കെടുക്കാൻ സമയം കണ്ടെത്താറുണ്ട്. അതിന് ഒാരോ വ്യക്തിയും ബാദ്ധ്യസ്ഥരാണെന്ന് കരുതുന്നു. റോട്ടറി ഡിസ് ട്രിക്ട് 3211 ഹൃദയതാളം പദ്ധതിയുടെ ഗുഡ് വിൽ അംബാസഡറാണ്.
പോക്കറ്റ് മണിയുടെ ഭാഗമായിട്ടാണ് മോഡലിംഗിനെ ആദ്യം കണ്ടത് .പിന്നെ അത് പാഷനായി. എട്ടു വർഷമായി മോഡലിംഗ് രംഗത്തുണ്ട്. ഡിഗ്രി ഫൈനൽ ഇയർ മുതൽ പരസ്യചിത്രങ്ങൾ ചെയ്യുന്നുണ്ട്. കോട്ടയമാണ് നാട്. എക്സ് പെൽസയ്ർ സ്കൂളിൽ പഠിക്കുമ്പോൾത്തന്നെ മോഡലിംഗ് ചെയ്യുന്നുണ്ട്. തമാശയ്ക്ക് തുടങ്ങിയതാണ് മോഡലിംഗ്. ഫ്രണ്ടിന്റെ ബുട്ടിക്കിനുവേണ്ടി ചെയ്ത മോഡലിംഗ് ഫോട്ടോസ് കണ്ടിട്ടാണ് സിനിമയിൽ നിന്ന് ഒാഫർ വരുന്നത്.ഒമ്പതുവർഷമായി ചെന്നൈയിലാണ് താമസം. ഇവിടെ മോഡലിംഗിന് നല്ല ഡിമാൻഡാണ്. ഞാൻ അധികവും സിൽക്ക് സാരിയുടെ മോഡലാണ് . സിനിമ, മോഡലിംഗ്, പരസ്യചിത്രങ്ങൾ എന്നീ മേഖലയിൽ ഒരേസമയം പ്രവർത്തിക്കാൻ കഴിയുന്നത് ഭാഗ്യമായി കരുതുന്നു.
മൂന്നാം ക്ളാസ് മുതൽ നൃത്തം പഠിക്കുന്നുണ്ട്. അത്യാവശ്യം എല്ലാ കലയിലും നന്നായി കൈവച്ചു. നാടോടിനൃത്തം മുതൽ ഒപ്പന വരെ. സംസ്ഥാന കലോത്സവത്തിൽ പങ്കെടുത്തിട്ടുണ്ട്. പാട്ടും ഡാൻസും കഴിഞ്ഞ ശേഷമേ ഉള്ളൂ പഠിത്തം. പഠിക്കേണ്ട സമയത്ത് ഉഴപ്പിയില്ല. ഉഴപ്പേണ്ട സമയത്ത് പൊളിച്ചു. അതായിരുന്നു സ്കൂളിംഗ്. ക്ളാസിൽ ശ്രദ്ധിക്കുന്ന കുട്ടിയായിരുന്നു. എന്നാൽ ഫുൾ ടൈം പഠിത്തമില്ല. പരീക്ഷയ്ക്ക് ആവറേജ് മാർക്ക് കിട്ടും. കോളേജിൽ എത്തിയപ്പോൾ മോഡലിംഗ് ഒരു പാർട്ട് ടൈം ജോബ് തന്നെയായി. രണ്ടു വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഞാൻ പ്രകാശൻ ചെയ്യുന്നത്. ഇൻസ്റ്റഗ്രാമിലെ പടം കണ്ടാണ് വിളിച്ചത്. ശ്രുതി എന്നു വിളിച്ചു ആളുകൾ ഇപ്പോഴും അടുത്തു വരാറുണ്ട്.ശ്രുതി എന്നും എന്റെ പ്രിയ കഥാപാത്രമായിരിക്കും.ഫഹദ് ഫാസിലിനൊപ്പം അഭിനയിക്കാൻ കഴിഞ്ഞത് വലിയ ഭാഗ്യമാണ്.അത് സിനിമാ ജീവിതത്തിൽ വഴിത്തിരിവായി.
ചെന്നൈയിൽ ലവ് അറ്റ് ഫസ്റ്റ് ബൈറ്റ് എന്ന സ്ഥാപനം നടത്തുന്നു. ശരിയായ ഡയറ്റ് ചെന്നൈയിൽ കിട്ടാറില്ല. അതിനാലാണ് ഇത്തരമൊരു സ്ഥാപനം തുടങ്ങിയത്. ഇതിനു മുൻപും പിൻപും ഇതേപോലെ ഡയറ്റ് സ്ഥാപനം ആരും തുടങ്ങിയിട്ടില്ല. പാർട്ണറുണ്ട്. സിനിമ വിളിക്കുമ്പോൾ ചെന്നൈയിൽനിന്ന് പറന്നെത്തും. ചെന്നൈയിലെ പ്രഭാതങ്ങൾ രസമാണ്. മെഡിറ്റേഷനും വ്യായാമവും കഴിഞ്ഞു ജിമ്മിൽ പോവും.
മടങ്ങിവന്നശേഷം ഫുഡ് പ്രിപ്പറേഷൻ. ഉച്ച കഴിഞ്ഞു ഡയറ്റ് കിച്ചന്റെ കോ- ഒാർഡിനേഷനും മീറ്റിംഗുമായി ബിസിയായിരിക്കും. വൈകിട്ട് നെറ്റ് ഫ്ളിക്സിലോ ആമസോണിലോ സിനിമ കാണും. അതൊരു ശീലമാണ്. ആഴ്ചവസാനം പുറത്തുപോയി സിനിമ കാണും.ഞാൻ പ്രകാശനിലെ ശ്രുതിയെ പോലെ ബർഗർ ഉണ്ടാക്കാൻ അറിയില്ല. തനി കോട്ടയം രീതിയിൽ നാടൻ ഭക്ഷണം പാകം ചെയ്യും.
വീട്ടുകാരും അടുത്ത ഫ്രണ്ട്സും അഞ്ജുസേ എന്നാണ് വിളിക്കുന്നത്. അഞ്ജു ഷോട്ടാക്കി ജു എന്നു വിളിക്കുന്നവരുമുണ്ട്. ഇതുരണ്ടുമാണ് ചെല്ലപ്പേര്. ഡാഡി അനു കുര്യൻ എം.ആർ.എഫിൽ ഡെപ്യൂട്ടി മാനേജരായിരുന്നു. മമ്മി സുജ. സഹോദരൻ മാത്യു എനിക്ക് അച്ചാച്ചനാണ്.അജു എന്നാണ് അച്ചാച്ചന്റെ വീട്ടിലെ പേര്. അച്ചാച്ചനും ചേട്ടത്തി അമ്മ എമിയും കുഞ്ഞുവാവ എറീനും ബംഗളൂരുവിലാണ്. എന്റെ ഇഷ്ടത്തിന് വീട്ടുകാർ കട്ട സപ്പോർട്ടു തന്നു. ഒപ്പം നിന്നു. അതൊരു ഭാഗ്യമാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |