തൃശൂർ: കെട്ടിപ്പിടിച്ചും കൈപിടിച്ചു കുലുക്കിയും മധുരം വായിൽവെച്ച് കൊടുത്തും സ്നേഹിച്ച് സ്നേഹിച്ച് ഇഷ്ടം അഭിനയിച്ച് വശം കെടുന്നവരാണ് നമ്മുടെ രാഷ്ട്രീയക്കാരെന്ന് ആരാണ് പറയാത്തത്? കൊവിഡാനന്തര കേരളത്തിൽ അത്തരക്കാരുണ്ടാകുമോ? ഉണ്ടായാലും ഇല്ലെങ്കിലും അവർ ഇനി എന്നെങ്കിലും ആരെയെങ്കിലും കെട്ടിപ്പിടിക്കുമ്പോൾ ഒരു വെളളിടി പായും, മനസിൽ.
കൊവിഡ് പ്രതിരോധത്തിൽ കക്ഷിരാഷ്ട്രീയത്തിൻ്റെ മാരക വൈറസ് വ്യാപിക്കുന്ന കാഴ്ചയാണ് കഴിഞ്ഞ ആഴ്ച തൃശൂരിൽ കണ്ടത്. വാളയാറിൽ കൊവിഡ് രോഗിയുള്ള സ്ഥലം സന്ദർശിച്ചെന്ന കാരണം കാണിച്ച് എം.പിമാരായ ടി.എൻ.പ്രതാപനും രമ്യ ഹരിദാസിനും അനിൽ അക്കര എം.എൽ.എയ്ക്കും ക്വാറന്റീൻ നിർദേശിച്ചതാണ് രാഷ്ട്രീയവൈറസിന് വളമായത്. നഴ്സുമാർക്ക് മിഠായി പങ്കിട്ടതിൻ്റെ പുകിലുകളും ചേർന്നപ്പോൾ തൃശൂരിലെ കൊവിഡ് കാല രാഷ്ട്രീയക്കളിയുടെ കളം തെളിഞ്ഞു.
ഗുരുവായൂരിൽ 5 പേർക്ക് കൊവിഡ് ബാധിച്ച സ്ഥലത്തു പോയ മന്ത്രി എ.സി.മൊയ്തീനും ക്വാറൻ്റീൻ വേണമെന്ന് എം.പിമാരും അനിൽ അക്കരയും വാദിച്ചു. മന്ത്രിയ്ക്ക് ക്വാറൻ്റീൻ വേണ്ടെന്ന് മെഡിക്കൽ ബോർഡ് തീരുമാനിച്ചതോടെ വിവാദം കത്തി. ക്വാറൻ്റീനിലിരുന്ന് ഉപവാസവുമായി എം.പി.യും എം.എൽ.എയും തീ ആളിക്കത്തിച്ചു. പ്രസ്താവനായുദ്ധമായി.
ഒടുവിൽ ടി.എൻ.പ്രതാപൻ എം.പി.ക്കും അനിൽ അക്കര എം.എൽ.എക്കും കൊവിഡില്ലെന്ന് സ്ഥിരീകരിച്ചു. കൊവിഡ് ഇല്ലെന്ന് സ്ഥിരീകരിച്ചെങ്കിലും തങ്ങൾ നിരീക്ഷണത്തിൽ തുടരുമെന്ന് ഇരുവരും അറയിച്ചു. സമരം തുടരുമെന്ന് വ്യംഗ്യം. വിവാദം മെഡിക്കൽ കോളേജിലേക്കും കയറി. ടി.എൻ. പ്രതാപൻ എം.പിയിൽ നിന്ന് മിഠായി സ്വീകരിച്ച കോൺഗ്രസ് അനുകൂല നഴ്സുമാർക്കു ക്വാറന്റീൻ വിധിക്കുകയും സി.ഐ.ടി.യു നേതാവിന് സ്വാതന്ത്ര്യം നൽകുകയും ചെയ്തെന്നും ആരോപണം ഉയർന്നു. മന്ത്രി ക്വാറന്റീനിൽ പോകേണ്ട എന്ന നിലപാടിനൊപ്പം നിന്ന കളക്ടർക്ക് എതിരെയും കോൺഗ്രസ് ശക്തമായ നിലപാടിലേക്ക് തന്നെ നീങ്ങുമെന്നാണ് അവസാനം കിട്ടുന്ന വിവരം.
പച്ചകടന്ന്...
ഗ്രീൻസോണിലായതിൻ്റെ ആശ്വാസത്തിലായിരുന്നു ഏതാണ്ട് ഒരു മാസം തൃശൂർ. പ്രവാസികളും അന്യസംസ്ഥാനത്ത് കഴിയുന്നവരും തിരിച്ചെത്തിയതോടെ കഥ മാറി. തുടർച്ചയായ മൂന്ന് ദിവസം രോഗബാധ സ്ഥിരീകരിച്ചു. ഇതോടെ ജില്ലയിൽ ചികിത്സയിലുള്ള രോഗികളും പാലക്കാട്ട് ചികിത്സയിലുള്ള ഒരാളും ഉൾപ്പെടെ ആകെ 12 കോവിഡ് പോസിറ്റീവ് കേസുകൾ തൃശൂരിലുണ്ട്. മാലദ്വീപ്, ഗൾഫ് രാജ്യങ്ങൾ എന്നിവിടങ്ങളിൽ നിന്നുളളവരാണ് ഭൂരിഭാഗവും. നിരീക്ഷണത്തിൽ ഏഴായിരത്തോളം പേരുമായി.
കൂനിൽ കുരുവായി...
ഇടിവെട്ടേറ്റവനെ പാമ്പു കടിച്ചുവെന്ന് പറഞ്ഞതുപോലെയായി കൊവിഡ് പ്രതിരോധപ്രവർത്തനങ്ങൾക്കിടെ പെയ്തുതിമിർത്ത മഴ. മരങ്ങളും കൃഷിയും നശിച്ചുവെന്ന് മാത്രമല്ല, ഡെങ്കി പോലുളള മറ്റ് പകർച്ചവ്യാധികളും പിടിമുറുക്കി. കൊതുക് പെരുകി. കോൾപ്പാടങ്ങളിൽ വിളവ് കുറഞ്ഞു. പുല്ലഴിപ്പാടത്ത് വിതയ്ക്കാൻ വൈകിയതും കടുത്ത ചൂടും കാരണം ലഭിച്ചത് പകുതിയോളം നെല്ല് മാത്രമായിരുന്നു.
മഴയിൽ ചൂട് കുറഞ്ഞെങ്കിലും തലച്ചൂട് ഒട്ടും കുറഞ്ഞില്ലെന്ന് പറയുന്നവരാണേറെയും.
ഒടുവിൽ കെ.എസ്.ആർ.ടി.സി. ബസുകൾ ഒാടിയപ്പോഴും തീർന്നില്ല തൃശൂരുകാരുടെ തലച്ചൂട്. ബസിൽ കയറാൻ പേടി, ഒാട്ടോയിൽ ഇരിക്കാൻ ഭയം... സ്വകാര്യബസുകാരാണെങ്കിൽ ഇപ്പോഴും പ്രതിഷേധത്തിലാണ്.
കർശന നിയന്ത്രണങ്ങളോടെ ബസ് സർവീസ് പുനരാരംഭിക്കാൻ അനുമതി ലഭിച്ചെങ്കിലും മുന്നോട്ടുപോകാൻ ഏറെ പ്രയാസകരമാണെന്നാണ് ബസുടമകളുടെ നിലപാട്. പകുതി ആളുകളെ വച്ച് സർവീസ് നടത്തണമെങ്കിൽ ചാർജ്ജ് വർദ്ധന ഇരട്ടിയാക്കണമെന്ന ആവശ്യം നിരാകരിച്ച് പകുതി മാത്രം വർദ്ധിപ്പിച്ചത് അംഗീകരിക്കാനാകില്ലെന്നും അവർ ചൂണ്ടിക്കാട്ടുന്നു. ഒരാളെ മാത്രം ഓട്ടോയിൽ കയറ്റി യാത്ര നടത്തുക സാദ്ധ്യമല്ലെന്ന് ഒാട്ടോ ഡ്രൈവർമാരും പറയുന്നു. എന്തെങ്കിലും ആവശ്യത്തിന് ഒന്നിൽ കൂടുതൽ ആളുകൾ പോകേണ്ടി വന്നാൽ കൂടുതൽ ഓട്ടോകൾ വിളിക്കാൻ ആരും തയ്യാറാകില്ല. അപ്പോൾ മറ്റ് മാർഗങ്ങൾ യാത്രക്കാർ സ്വീകരിക്കുമെന്നും ഡ്രൈവർമാർ ചൂണ്ടിക്കാട്ടുന്നു. ചുരുക്കത്തിൽ ജനങ്ങളുടെ സഞ്ചാരവും ഉപജീവനവും ഒരു ചോദ്യചിഹ്നമായിരിക്കുന്നു, ഉത്കണ്ഠയുടെ ആശ്ചര്യചിഹ്നവും...
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |