പള്ളിപ്പറമ്പിൽ മത്തായി എങ്ങനെ പാമ്പ് മത്തായിയായി. അതൊരു ഒന്നൊന്നരക്കഥയാണ്. പള്ളി വക സ്ഥലത്ത് താമസം തുടങ്ങിയ മത്തായിയെ നാട്ടുകാർ പള്ളിപ്പറമ്പിൽ മത്തായി എന്ന് വിളിച്ചു. മത്തായി അവിടുന്ന് മാറി കുന്നിൻമുകളിൽ സ്ഥലം വാങ്ങി താമസമാക്കിയപ്പോൾ വിളി കുന്നേൽ മത്തായി എന്നായി. മത്തായിയുടെ മക്കളൊക്കെ നല്ലനിലയിലായപ്പോൾ നിരപ്പായ സ്ഥലത്ത് വീട് വച്ച് താമസമാക്കി, അപ്പോൾ പേര് നിരപ്പേൽ മത്തായി എന്നായി. അവിടെ ഒരു ആഞ്ഞിലി വളർന്ന് വന്ന കാര്യം മത്തായി ശ്രദ്ധിച്ചില്ലെങ്കിലും നാട്ടുകാരുടെ കണ്ണിൽപ്പെട്ടു. ഉടനെ പോന്നു പുതിയ പേര് ആഞ്ഞിലിമൂട്ടിൽ മത്തായി. രോഷംപൂണ്ട മത്തായി ആഞ്ഞിലി വെട്ടി ദൂരെയെറിഞ്ഞു. പക്ഷേ, ആഞ്ഞിലിയുടെ കുറ്റി അവിടെ നിന്നത് കണ്ട നാട്ടുകാർ പുതിയ പേരിട്ടു കുറ്റിയാനിക്കൽ മത്തായി.കലിതുള്ളിക്കൊണ്ട് മത്തായി കുറ്റി പിഴുതു മാറ്റി അവിടെ മുളവച്ചപ്പോൾ വിളിപ്പേര് മുളയ്ക്കൽ മത്തായി എന്നായി. അരിശംപൂണ്ട മത്തായി മുള ചന്നംഭിന്നം വെട്ടി. മുളയുടെ മൂട് കണ്ട നാട്ടുകാർ വിളിച്ചു മുളമൂട്ടിൽ മത്തായി.
''ഏവനാടാ വിളിച്ചത്'' മത്തായിയുടെ രക്തം തിളച്ചു. വഴിയിലൂടെ അലറിവിളിച്ച് ചോദിച്ചുകൊണ്ടിരുന്നു
''ഏവനാടാ വിളിച്ചത്''. ഉത്തരമില്ലാതായപ്പോൾ ഒന്ന് ശാന്തനാവാൻ മത്തായി അടുത്തുള്ള ഷാപ്പിലേക്ക് കയറി. സകലദേഷ്യവും കള്ളിനോട് തീർത്തു. അടിച്ച് പൂസായി നാലുകാലിൽ മത്തായി അങ്ങനെ വരികയാണ്. അത് കണ്ട് നാട്ടുകാർ മത്തായിയുടെ ആട്ടത്തിനൊത്ത് പാടി ആട് പാമ്പേ ... അങ്ങനെ മത്തായി പാമ്പ് മത്തായിയായി. ആ പേര് പിന്നെ മരിക്കുവോളം മാറിയിട്ടില്ല. അതാണ് പാമ്പിൻെറ ശക്തി. ആള് പാമ്പാണെന്ന് കേട്ടിട്ടില്ലേ.
മഴതുടങ്ങുകയും മദ്യഷോപ്പുകൾ തുറക്കുകയും ചെയ്തതോടെ പാമ്പുകളെല്ലാം മാളത്തിൽ നിന്ന് പുറത്തിറങ്ങിയിട്ടുണ്ട്. ഇത് പാമ്പുകളുടെ കാലമാണ്. പക്ഷേ, ഒരു പാമ്പും ഉപദ്രവിക്കാതെ കൊത്തില്ലെന്നാണ് ശാസ്ത്രം പറയുന്നത്. വഴിയിൽ കിടക്കുന്ന പാമ്പിനെ ഉപദ്രവിച്ചാൽ അത് കൊത്തും. സ്വരക്ഷയ്ക്കായിട്ടാണ് കൊത്തുന്നത്. പോ പാമ്പേ എന്ന് പറഞ്ഞാൽ പാമ്പങ്ങ് പാേകും. അതുപോലെ തന്നെയാണ് പൂസായി കിടക്കുന്ന പാമ്പുകളും. കെട്ട് വിടുമ്പോൾ പാമ്പ് മെല്ലേയങ്ങ് പൊയ്ക്കോളും. ഉപദ്രവിക്കാൻ ചെന്നാൽ പാമ്പ് വിളയാടും.
കാലിഫോർണിയയിൽ അവസാനമായി വധശിക്ഷയ്ക്ക് വിധേയനായത് റോബർട്ട് ജയിംസ് എന്ന കുറ്റവാളിയാണ്. 1935 ലാണ് സംഭവം. ഭാര്യയുടെ പേരിലുള്ള ഇൻഷ്വുറൻസ് തുക കൈക്കലാക്കാൻ പാമ്പ് പിടുത്തക്കാരനിൽ നിന്നും രണ്ട് അണലികളെ നൂറ് ഡോളറിന് വാങ്ങി. പാമ്പുകളെക്കൊണ്ട് കടിപ്പിച്ചശേഷം ഭാര്യയുടെ മൃതദേഹം വീട്ടിലെ നീന്തൽക്കുളത്തിൽ മുക്കിത്താഴ്ത്തി. കള്ളിവെളിച്ചത്തായപ്പോൾ പാമ്പ് രക്ഷപ്പെട്ടു. രക്ഷപ്പെടാനാവാതെ റോബർട്ട് നേരെ തൂക്കുമരത്തിലേക്ക്..
മഹാരാഷ്ട്രയിലെ ഒരു ഗ്രാമത്തിൽ 1996 ൽ ഒരു സംഭവം നടന്നു. ഭർത്താവിൻെറ വീട്ടിൽ വച്ച് രേവത എന്ന യുവതി പാമ്പു കടിയേറ്റു മരിച്ചു. സത്രീധനം ആവശ്യപ്പെട്ട് നിരന്തരം പീഡിപ്പിക്കുന്ന കാര്യം യുവതി രക്ഷിതാക്കളെ അറിയിച്ചിരുന്നു. ഇതോടെ സംശയം തോന്നിയ മാതാപിതാക്കൾ മരണത്തിൽ ദുരൂഹതയുണ്ടെന്ന് പരാതി നൽകി. പാമ്പ് കടിയേറ്റല്ല കഴുത്തുഞെരിച്ചാണ് കൊന്നതെന്ന് അന്വേഷണ സംഘം കണ്ടെത്തി. പാവം പാമ്പിനെ വെറുതേ സംശയിച്ചു.
'ദ അഡ്വഞ്ചർ ഒഫ് ദ സ്പെക്കിൽഡ് ബാൻഡ്' എന്നൊരു കഥയുണ്ട്. 1892 ലാണ് ഈ കഥ പ്രസിദ്ധീകരിച്ചത്. രണ്ടാനച്ഛനായ ഡോ. റോയൽട്ട് രണ്ട് പെൺമക്കളെ വധിക്കാൻ ശ്രമിക്കുന്നതാണ് കഥ. ഭാര്യയുടെ ആദ്യകെട്ടിലുള്ളതാണ് മക്കൾ. പെൺകുട്ടികളുടെ വിവാഹം കഴിയുമ്പോൾ ഭാര്യയുടെ സ്വത്ത് പെൺകുട്ടികൾക്ക് പോകുമോ എന്ന ഭയമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. മൂത്തമകളെ ഒരു പാമ്പിനെക്കൊണ്ട് കടിപ്പിച്ച് കൊന്നു. രണ്ടാമത്തെ മകളെയും പാമ്പിനെക്കൊണ്ട് കടിപ്പിച്ചു കൊല്ലാനുള്ള ശ്രമത്തിൽ പാമ്പിൻെറ കടിയേറ്റ് ഡോക്ടർ മരിക്കുന്നതാണ് കഥയുടെ ക്ളൈമാക്സ്. മൂത്തമകളെ കടിച്ചപ്പോൾ കുറ്റബോധം തോന്നിയ പാമ്പ് അത് തീർത്തത് ഡോക്ടറെ കടിച്ചുകൊണ്ടായിരുന്നു. അപ്പോൾ ബുദ്ധി ഡോക്ടർക്കോ, പാമ്പിനോ?
*****
വാട്സാപ്പിലാണെങ്കിൽ പാമ്പുമേളമാണ്. മകുടി ഉൗതലും പാമ്പു പിടുത്തവുമായി അങ്ങ് തകർക്കുകയാണ്. പാമ്പുമായി വരുന്ന ഭർത്താക്കൻമാരെക്കാൾ എത്രയോ ഭേദമാണ് പാമ്പായി വരുന്ന ഭർത്താക്കൻമാർ. എന്നാണ് ഒരു മാന്യൻെറ ചോദ്യം.
*****
രാത്രി വൈകി വീട്ടിലെത്തിയ ഭർത്താവ് ഭാര്യയോട്: മദ്യപിച്ചിട്ടുണ്ടോ എന്ന് എന്നോട് ചോദിക്കരുത്. സംസ്ഥാനത്തിൻെറ വികസനത്തിൽ പങ്കാളിയായോ എന്നേ ചോദിക്കാവൂ.
*****
പയ്യൻെറ അമ്മാവൻ പെണ്ണിൻെറ അച്ഛനോട്: പെൺകുട്ടിക്ക് സ്ത്രീധനം എന്ത് കൊടുക്കും?.
പെൺകുട്ടിയുടെ അമ്മ: നൂറ് പവനും ഒരു കീരിയും.
*****
ആശുപത്രിയിൽ ദേഹമാസകലം പ്ളാസ്റ്ററിട്ട് കിടക്കുന്ന രോഗിയോട് നഴ്സ്
എന്ത് പറ്റിയതാ?
രോഗി:. ഓഫീസിൽ നിന്ന് വന്ന് ബെൽറ്റ് ഉൗരി കട്ടിലിലിട്ടതാണ് പാമ്പാണെന്ന് കരുതി ഭാര്യ ചിരവയെടുത്ത് പെരുമാറിയതാ.
*****
ബീവി ഇക്കയോട്:: ഇങ്ങക്കിപ്പോ ഞമ്മളോട് മൊഹബ്ബത് ഒക്കെ വന്നെക്കണ് ലെ.....
ഇക്ക: അതെന്താ അനക്കിതോ അങ്ങിനെ തോന്നാൻ.....?
ബീവി: ഇങ്ങള് ഞമ്മളറിയാണ്ടെ ഞമ്മക്ക് എന്തൊക്കെയോ വങ്ങിക്കാനിക് ആപ്പ് ഫോണിൽ ഇട്ടത് ഞമ്മൾ കണ്ടീക്കണ്....
ഇക്ക: ഇജ്ജ് ഏത് ആപ്പിൻെറ കര്യാ ഇപ്പറയണെ....
ബീവി: ഇതെന്നെ മൻഷ്യ.... ''ബീവിക്ക്''.....
ഇക്ക: പടച്ചോനെ............. Bev Q.........
*****
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |