സംയുക്ത എന്ന പേരിൽ പ്രശസ്തയായൊരു നായിക ഉണ്ടായിരുന്നതുകാരണം ഒരുപാട് ആളുകൾ എന്റെ പേര് മാറ്റുന്നതിനെ കുറിച്ച് പറഞ്ഞിട്ടുണ്ട്. എന്തൊക്കെ സംഭവിച്ചാലും ഈ പേര് മാറ്റില്ല. ഇതെന്റെ വ്യക്തിത്വത്തിന്റെ ഭാഗമാണ്
സിനിമയുടെ വഴി
പ്ളസ് ടു കഴിഞ്ഞ് മെഡിസിന് വേണ്ടി റിപ്പീറ്റ് ചെയ്യുമ്പോഴാണ് ഒരു മാഗസീനിന്റെ ഫോട്ടോഷൂട്ടിൽ പങ്കെടുക്കാൻ അവസരം ലഭിച്ചത്. അതുകണ്ടിട്ട് പോപ്കോൺ എന്നൊരു സിനിമയിലേക്ക് വിളിച്ചു. പിന്നീട് ഒരു സുഹൃത്തു വഴി ലില്ലി എന്ന സിനിമയിലും അഭിനയിച്ചു. ഇ ഫോർ എന്റർടെൻ മെന്റ്സിന്റെ പരീക്ഷണ സിനിമകൾ നിർമ്മിക്കുന്ന വിഭാഗമാണ് ലില്ലിക്കായി പണം മുടക്കിയത്. ഗർഭിണിയായ ഒരു സ്ത്രീ മൂന്ന് ആളുകളുടെ തടവിലാകുന്നതും അവരുടെ അതിജീവനവുമായിരുന്നു ലില്ലിയുടെ പ്രമേയം. ആ സിനിമയുടെ എഡിറ്റർ അപ്പു ഭട്ടതിരി വഴിയാണ് തീവണ്ടിയിലെത്തിയത്. ഇതിനിടയിൽ തമിഴ് സിനിമയായ കളരിയിലും ഭാഗ്യ പരീക്ഷണം നടത്തി. കൽക്കിയും എടക്കാട് ബറ്റാലിയൻ 06 എന്നീ ചിത്രങ്ങളിലും അഭിനയിച്ചു. രണ്ടു ചിത്രങ്ങളിലും ടൊവിനോ ആയിരുന്നു നായകൻ. ആസിഫ് അലി നായകനായ അണ്ടർ വേൾഡിലും അഭിനയിച്ചു. ജയസൂര്യയോടൊപ്പമുള്ള വെള്ളമാണ് റിലീസാ കാനു ള്ളത്.
നാട്ടിൻ പുറത്തിന്റെ നന്മ
ഞാൻ അത്യാവശ്യം മോഡേണാണ്. കഥയ്ക്കും തിരക്കഥയ്ക്കും ഒക്കെ അപ്പുറം ഒരു കഥാപാത്രത്തിന് ആവശ്യമായ വേഷവും ഹെയർസ്റ്റൈലുമൊക്കെ അണിഞ്ഞ് കണ്ണാടിക്ക് മുന്നിൽ നിൽക്കുമ്പോൾ തന്നെ നമ്മുടെ മനസിൽ ഒരു ഇമേജ് കിട്ടും. ലൊക്കേഷന്റെ അന്തരീക്ഷം, മറ്റുള്ളവരുടെ അഭിനയം തുടങ്ങിയ കാര്യങ്ങളും സ്വാധീനിക്കും. അതിന്റെ കൂടെ നമ്മുടെ പരിശ്രമം കൂടിയുണ്ടെങ്കിൽ പൂർണമായും ആ കഥാപാത്രമായി മാറാൻ കഴിയുമെന്നാണ് അനുഭവം.
അഭിനന്ദനങ്ങൾക്ക്നടുവിൽ
അഭിനയത്തിൽ ഒരു ട്രെയിനിംഗും എനിക്ക് ലഭിച്ചിട്ടില്ല. ലില്ലി, തീവണ്ടി എന്നീ സിനിമകളാണ് കരിയറിന് ഫോക്കസ് തന്നത്. അതിന് മുമ്പുള്ള സിനിമകളെ കുറിച്ച് കൂടുതൽ പറയുന്നില്ല. കാരണം ആ സമയത്ത് അഭിനയത്തെ കുറിച്ചോ സിനിമയെ കുറിച്ചോ സീരിയസായി ചിന്തിച്ചിരുന്നില്ല. പക്ഷേ, ലില്ലിക്കും തീവണ്ടിക്കും വേണ്ടി നന്നായി ഹോം വർക്ക് ചെയ്തിട്ടുണ്ട്. ഓരോ സീനും കൃത്യമായി വായിച്ച് പഠിച്ച ശേഷമാണ് അഭിനയിച്ചത്. ഡയലോഗുകളെല്ലാം മനസിലുണ്ടായിരുന്നു.
പഠിക്കാൻ ഏറെയുണ്ട്
ഇനിയൊരു കഥാപാത്രം ലഭിക്കുമ്പോൾ ഇതിൽ നിന്നൊക്കെ എങ്ങനെ വ്യത്യസ്തമാക്കാം എന്നാണ് ഇപ്പോഴത്തെ ആലോചന. അഭിനയത്തെ കുറിച്ചുള്ള പുസ്തകങ്ങൾ വായിക്കുന്നതാണ് പ്രധാന ജോലി. അടുത്ത പടത്തിൽ അഭിനയിക്കുമ്പോഴേക്കും നടി എന്ന നിലയിൽ മറ്റൊരു തലത്തിലേക്ക് ഉയരണമെന്നുണ്ട്. സിനിമയിൽ എന്നെ ഗൈഡ് ചെയ്യാൻ ആരുമില്ല. സിനിമയെ കുറിച്ച് അറിയാവുന്ന നല്ല സുഹൃത്തുക്കളാണ് ആകെയുള്ള പിൻബലം.
തമിഴും മലയാളവും
എന്തൊക്കെ പറഞ്ഞാലും മലയാളത്തിൽ അഭിനയിക്കുന്നതിന്റെ സന്തോഷം ഒന്നു വേറെ തന്നെയാണ്.
തമിഴിലും തെലുങ്കിലുമൊക്കെ അഭിനയിച്ച സിനിമകൾ സൂപ്പർഹിറ്റായാലും അതിനൊരു ഫീൽ കിട്ടില്ല. ജനിച്ചു വളർന്ന നാട്ടിൽ നിന്ന് ലഭിക്കുന്ന അംഗീകാരം തന്നെയാണ് ഏറ്റവും വലുത്. പുറത്ത് പോയി ജോലി ചെയ്ത് എത്ര പണം സമ്പാദിച്ചാലും അവിടെ നമ്മൾ പ്രവാസിയാണല്ലോ. അതുപോലെയാണ് ഞാൻ സിനിമയെയും കാണുന്നത്. ചുരുക്കി പറഞ്ഞാൽ മലയാളത്തിൽ അഭിനയിക്കുന്ന സുഖം വേറെവിടെയും കിട്ടില്ല.
സിനിമ കരിയറാക്കാൻ തീരുമാനിച്ചു കഴിഞ്ഞു. അതുകൊണ്ട് സ്വപ്നം കാണുന്നതിൽ ഒട്ടും കുറവു വരുത്താറില്ല. മമ്മൂക്കയ്ക്കും ലാലേട്ടനും ഒപ്പം അഭിനയിക്കണം. പിന്നെ ഫഹദിന്റെ സിനിമ, ദിലീഷ് പോത്തന്റെ സിനിമ.
ആഗ്രഹങ്ങൾ ഒരുപാടുണ്ട്. മഹേഷിന്റെ പ്രതികാരത്തിൽ ഫഹദിന്റെ ഒരു ചിരിയുണ്ട്. എത്ര നാച്ച്വറലാണെന്നോ ആ ചിരി. ഇവരൊക്കെ എങ്ങനെയാ അഭിനയിക്കുന്നതെന്ന് കണ്ട് പഠിക്കണം. ഒരുപാട് കാലം അഭിനയിച്ച് പ്രേക്ഷകരെ വെറുപ്പിക്കാനൊന്നും പ്ളാനില്ല. സ്വരം നന്നായിരിക്കുമ്പോൾ പാട്ട് നിറുത്തണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |