ജമൈക്ക : അടുത്ത മാസത്തെ ഇംഗ്ളണ്ട് പര്യടനത്തിനുള്ള വിൻഡീസ് ടെസ്റ്റ് ക്രിക്കറ്റ് ടീമിൽനിന്ന് മൂന്ന് മുൻനിര താരങ്ങൾ പിന്മാറിയതായി വിൻഡീസ് ക്രിക്കറ്റ് ബോർഡ് അറിയിച്ചു. കൊറോണ ഭീതിമൂലം യാത്ര ചെയ്യാനാവില്ലെന്ന് കാട്ടി ഡാരൻ ബ്രാവോ, ഷിമ്രോൺ ഹെട്മേയർ, കീമോ പോൾ എന്നിവരാണ് പിന്മാറിയത്. ജൂലായ് എട്ടുമുതലാണ് ഇംഗ്ളണ്ടിനെതിരായ മൂന്ന് ടെസ്റ്റുകളുടെ പരമ്പര ആരംഭിക്കുന്നത്.
മത്സരങ്ങൾ ജൂലായിലാണെങ്കിലും വിൻഡീസ് താരങ്ങൾ ഇൗമാസം എട്ടിനുതന്നെ ചാർട്ടേഡ് വിമാനത്തിൽ ഇംഗ്ളണ്ടിലേക്ക് തിരിക്കും. അവിടെ മൂന്നാഴ്ച ക്വാറന്റൈനിൽ കഴിഞ്ഞ ശേഷമേ പരിശീലനം തുടങ്ങുകയുള്ളൂ.
ടെസ്റ്റിനായി ജാസൺ ഹോൾഡറുടെ നേതൃത്വത്തിലുള്ള 14 അംഗ ടീമിനെ പ്രഖ്യാപിച്ച ക്രിക്കറ്റ് ബോർഡ് കൊവിഡ് സാഹചര്യം പരിഗണിച്ച് 11 റിസർവ് താരങ്ങളെയും ഇംഗ്ളണ്ടിലേക്ക് അയയ്ക്കും. കാണികളില്ലാതെയാണ് ഇംഗ്ളണ്ടിൽ മത്സരങ്ങൾ നടക്കുക.
ജൂലായ് എട്ടുമുതൽ 12 വരെ ഹാംപ്ഷെയറിലാണ് ആദ്യ ടെസ്റ്റ് നിശ്ചയിച്ചിരിക്കുന്നത്. രണ്ടും മൂന്നും ടെസ്റ്റുകൾ മാഞ്ചസ്റ്ററിലായിരിക്കും നടക്കുക.
ജൂണിലായിരുന്നു വിൻഡീസിന്റെ ഇംഗ്ളണ്ട് പര്യടനം നിശ്ചയിച്ചിരുന്നത്. ഇത് കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ജൂലായിലേക്ക് മാറ്റുകയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |